Advertisement
Entertainment
ആ കാര്യത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ നന്ദിയുള്ളത് പ്രഭു സാറിനോടാണ്: ഖുശ്ബു സുന്ദര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 21, 11:36 am
Saturday, 21st September 2024, 5:06 pm

തൊണ്ണൂറുകളിലെ പ്രധാന നായികമാരില്‍ ഒരാളാണ് ഖുശ്ബു. തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നിങ്ങനെ വ്യത്യസ്തമായ ഭാഷകളില്‍ 185ലധികം സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.

താന്‍ വളരെ സ്‌പൊണ്‍ഡേനിയസ് ആയിട്ടുള്ള നടിയാണെന്നും അതില്‍ ഏറ്റവും കൂടുതല്‍ നന്ദിയുള്ളത് പ്രഭുവിനോടാണെന്നും പറയുകയാണ് ഖുശ്ബു. തന്നോട് തമിഴ് പഠിക്കാന്‍ പറഞ്ഞത് അദ്ദേഹമാണെന്നും അതുവരെ താന്‍ കുറച്ച് മാത്രമേ തമിഴില്‍ സംസാരിച്ചിരുന്നുള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സെറ്റിലുള്ള എല്ലാവരോടും തമിഴില്‍ സംസാരിക്കാന്‍ തുടങ്ങിയെന്നും തെറ്റുള്ളതെല്ലാം അവര്‍ തിരുത്തിത്തരാറുണ്ടായിരുന്നെന്നും പറഞ്ഞ ഖുശ്ബു അതിന് ശേഷം തനിക്ക് തമിഴ് നല്ല രീതിയില്‍ സംസാരിക്കാനും മനസിലാക്കാനും കഴിഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു. ബിഹൈന്റ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഞാന്‍ വളരെ സ്‌പൊണ്‍ഡേനിയസ് ആയിട്ടുള്ള അഭിനേത്രിയാണ്. അതില്‍ എനിക്ക് ഏറ്റവും കൂടുതല്‍ നന്ദി പറയാനുള്ളത് പ്രഭു സാറിനോടാണ്. അദ്ദേഹമാണ് പറഞ്ഞത് നീ എന്തായാലും തമിഴ് പഠിക്കണമെന്ന്. അതും പ്രത്യേകിച്ച് ചിന്ന തമ്പി എന്ന സിനിമക്ക് ശേഷം. അതുവരെ ചെറിയ രീതിയില്‍ മാത്രമായിരുന്നു ഞാന്‍ സംസാരിക്കുക.

‘നീ എല്ലാവരോടും തമിഴില്‍ സംസാരിക്ക്. അത് തെറ്റിയാലും കുഴപ്പമില്ല. ആരും നിന്നെ കളിയാക്കില്ല. തെറ്റിയാലും കുഴപ്പമില്ല നീ തമിഴില്‍ തന്നെ സംസാരിക്ക്’ എന്നദ്ദേഹം എന്നോട് പറഞ്ഞു. വിക്രം ധര്‍മയുടേതായിരിക്കും അപ്പോഴുള്ള കൂടുതല്‍ സിനിമകളും. അപ്പോള്‍ അവരുടെ അസിസ്റ്റന്റുകളുടെ അടുത്തെല്ലാം പോയി തമിഴില്‍ സംസാരിക്കും. അവര്‍ ഇത് ഇങ്ങനെയല്ല അങ്ങനെ പറയണം എന്ന് പറഞ്ഞ് തിരുത്തി തരും.

അദ്ദേഹം അങ്ങനെ പറഞ്ഞത് കൊണ്ട് തന്നെ ഞാന്‍ ലൊക്കേഷനിലെ ലൈറ്റ് ബോയ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, പ്രൊഡക്ഷന്‍ ബോയ്‌സ് തുടങ്ങിയ എല്ലാവരുടെയും അടുത്ത് പോയി സംസാരിക്കാന്‍ തുടങ്ങി. അങ്ങനെ എല്ലാവരുടെയും അടുത്ത് പോയി തമിഴില്‍ സംസാരിച്ച് സംസാരിച്ച് അവര്‍ പറയുന്നത് മനസിലാക്കാന്‍ തുടങ്ങി. ഞാന്‍ സംസാരിക്കുന്നതും ശരിയായി തുടങ്ങി,’ ഖുശ്ബു സുന്ദര്‍ പറയുന്നു.

Content Highlight: Kushboo Talks About Prabhu