സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പ് എന്ന ചിത്രം നവംബര്‍ 12 ന് തിയേറ്ററിലെത്തുകയാണ്. കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്. ചിത്രം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് അണിയറപ്രവര്‍ത്തകരും.
എല്ലാവര്‍ക്കും അറിയാവുന്ന, കേട്ട് പരിചയമുള്ള സംഭവമാണ് എന്നത് തന്നെയാണ് കുറുപ്പിനായി കഥയൊരുക്കുമ്പോള്‍ ആദ്യം നേരിട്ട വെല്ലുവിളിയെന്ന് പറയുകയാണ് ചിത്രത്തിന്റെ കഥാകൃത്തുക്കളില്‍ ഒരാളായ ജിതിന്‍ കെ. ജോസ്.
എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി എല്ലാവര്‍ക്കും പൊതുവായ ധാരണയുള്ളതാണ്. അങ്ങനെയൊരു കാര്യം സിനിമയാക്കുമ്പോള്‍ ജഡ്ജ്‌മെന്റല്‍ ആയേ ആളുകള്‍ സമീപിക്കുള്ളൂ. അതിനെ മറികടക്കുന്ന രീതിയില്‍ പ്രേക്ഷകന് ആകാംക്ഷയുണ്ടാക്കുന്ന ഘടകങ്ങള്‍ കഥയിലുണ്ടായിരിക്കണം എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ ജിതിന്‍ പറയുന്നു.
ശ്രീനാഥ് രാജേന്ദ്രന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ കഴിഞ്ഞ സമയത്താണ് കുറുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. പിന്നീട് അതിന്റെ പുറകില്‍ കുറേ ഗവേഷണങ്ങളൊക്കെ നടത്തി. സുകുമാരക്കുറുപ്പ് കേസിലെ ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസര്‍ ഹരിദാസ് സാര്‍ അടക്കമുള്ളവരെ വിവരങ്ങള്‍ ശേഖരിക്കാനായി സമീപിച്ചു.
പല ചാനലുകളിലും ഈ കേസുമായി ബന്ധപ്പെട്ട് വന്ന പരിപാടികളുടെ അണിയറപ്രവര്‍ത്തകരെയെല്ലാം കണ്ടു. അങ്ങനെ ഈ കേസുമായി ബന്ധപ്പെട്ടല്ലാതെ സുകുമാരക്കുറുപ്പ് എന്ന വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട അധികം ചര്‍ച്ച ചെയ്യപ്പെടാതിരുന്ന കുറേയധികം വിവരങ്ങള്‍ അറിയാന്‍ സാധിച്ചു. അതില്‍ നിന്നാണ് ഒരു സിനിമയ്ക്കുള്ള സാധ്യത മുന്നില്‍ വരുന്നത്.
നല്ലൊരു ഫിക്ഷനുള്ള സാധ്യത ആ കഥകളില്‍ ഉണ്ടായിരുന്നു. ഒരിക്കലും യഥാര്‍ഥ ജീവിതത്തില്‍ നടന്ന കാര്യങ്ങളല്ല സിനിമയില്‍ വരുന്നത്. ആ സംഭവങ്ങളില്‍ സിനിമാറ്റിക് ആയി ഫിക്ഷനും കൂട്ടിച്ചേര്‍ത്തൊരുക്കിയ കഥയായിരിക്കും കുറുപ്പ് പറയുന്നത്, ജിതിന്‍ പറയുന്നു.
ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാണോ വില്ലനാണോ എന്ന ചോദ്യത്തിന് സ്റ്റാര്‍ഡം ഉള്ള താരമാണെങ്കില്‍ അയാള്‍ ആ കഥയിലെ നായകന്‍ എന്നതാണ് നമ്മുടെ പൊതുധാരണയെന്നും ദുല്‍ഖര്‍ ഈ സിനിമയിലെ നായകനെന്നതിന് അപ്പുറത്ത് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം എന്ന തരത്തില്‍ തന്നെയാണ് കഥയൊരുക്കിയിരിക്കുന്നതെന്നും ജിതിന്‍ പറഞ്ഞു.
നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തിലെ നായകന്‍. പ്രേക്ഷകര്‍ക്ക് സ്വീകാര്യനായ ഒരു നടന്‍ ആ കഥാപാത്രമായെത്തുമ്പോള്‍ അതിനല്‍പം ഹീറോയിക് ഘടകങ്ങള്‍ വന്നു ചേരുക തന്നെ ചെയ്യും. അതിന് നമുക്കൊന്നും ചെയ്യാനാകില്ല. അതല്ലാതെ നമ്മളായി ആ കഥാപാത്രത്തെ മഹത്വവത്കരിക്കാന്‍ ശ്രമിച്ചിട്ടില്ല, ജിതിന്‍ പറയുന്നു.