കോഴിക്കാട്: കേരളത്തില് കുരിശ് ഉപയോഗിച്ച് അനധികൃത നിര്‍മാണങ്ങള്‍ സംരക്ഷിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഗീവര്‍ഗീസ് കൂറിലോസ്. നീതിയുടെ ചിഹ്നമായ കുരിശ് ദുരുപയോഗം ചെയ്ത് ഭൂമി കയ്യേറ്റം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ അധികാരികള്‍ ആര്‍ജവം കാണിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം കുരിശുകൃഷിയല്ല ജൈവകൃഷിയാണ് വേണ്ടതെന്നും പരിഹാസരൂപേണ പറഞ്ഞു.
‘കേരളത്തില്‍ വീണ്ടും കുരിശ് കൃഷി വ്യാപകമാകുന്നു’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നീതിയുടെ ചിഹ്നമായ ക്രിസ്തുവിന്റെ കുരിശ് ദുരുപയോഗം ചെയ്ത് ഭൂമി കയ്യേറ്റം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ അധികാരികള്‍ ആര്‍ജവം കാണിക്കണം. യേശുക്രിസ്തുവിന്റെ കുരിശിനെ അവഹേളിക്കുന്ന ഇത്തരം ‘കുരിശുകള്‍ ‘ മുളയിലേ തകര്‍ക്കാന്‍ ഭരണകൂടം മടിക്കരുത്. മുന്‍പ് പറഞ്ഞത് ഇവിടെ ആവര്‍ത്തിക്കുന്നു. ഭൂമി കയ്യേറാന്‍ ഉള്ളതല്ലേ, കൃഷി ചെയ്യാനുള്ളതാണ്,’ അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.
കുരിശുകൃഷി അല്ല മറിച്ച് ജൈവകൃഷിയാണ് വേണ്ടതെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അനധികൃതമായി ഭൂമി കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് കളയാതിരിക്കന്‍ കുരിശ് സ്ഥാപിച്ച സംഭവങ്ങള്‍ കേരളത്തില്‍ അടുത്ത കാലത്തായി വര്‍ധിച്ച് വരുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇടുക്കി പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിക്കുന്ന റിസോര്‍ട്ട് പൊളിക്കാതിരിക്കാന്‍ ഉടമ സ്ഥലത്ത് കുരിശ് പണിതിരുന്നു. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ് നല്‍കിയതിന് പിന്നാലെയാണ് കുരിശിന്റെ പണി പൂര്‍ത്തിയാക്കിയത്.
2017ല്‍ സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയിലും ഇത്തരത്തില്‍ കയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കുകയായിരുന്നു.
Content Highlight: ‘Kurishu krishi’ is becoming widespread in Kerala says Geevarghese Coorilos