Film News
ഹൗ ഓള്‍ഡ് ആര്‍ യുവില്‍ ശാലിനി നായികയാവേണ്ടതായിരുന്നു; മഞ്ജുവിന്റെ രണ്ടാം വരവിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 11, 08:49 am
Saturday, 11th December 2021, 2:19 pm

മഞ്ജു വാര്യരുടെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കിയ സിനിമയാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു. കരിയറിന്റെ ഏറ്റവും തിളക്കമാര്‍ന്ന ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ വിവാഹിതയായി സിനിമ ജീവിതം അവസാനിപ്പിച്ച മഞ്ജു തിരിച്ചുവരവിലും ചുരുങ്ങിയ കാലം കൊണ്ട് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ചുവട് വെക്കുകയായിരുന്നു.

ഹൗ ഓള്‍ഡ് ആര്‍ യുവില്‍ മഞ്ജുവിനൊപ്പം മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് കുഞ്ചാക്കോ ബോബന്‍ ആയിരുന്നു. അതേസമയം, ആദ്യം ശാലിനിയെയായിരുന്നു ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നതെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. റിപ്പോര്‍ട്ടര്‍ ടി.വിയുടെ മീറ്റ് ദി എഡിറ്റേഴ്‌സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തിരിച്ചുവരവില്‍ മഞ്ജുവിന്റെ രണ്ടാമത്തെ സിനിമയാകേണ്ടതായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യു. മോഹന്‍ലാലിനൊപ്പമുളള ചിത്രമായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. അത് പിന്നീട് നടന്നില്ല,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

സിനിമയില്‍ നിന്നും പിന്‍മാറാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. ‘മഞ്ജു വാര്യരെക്കാളും എനിക്ക് കമ്മിറ്റ്‌മെന്റുണ്ടായിരുന്നത് സഞ്ജയ്-ബോബി എന്ന തിരക്കഥാകൃത്തുക്കളോടായിരുന്നു. ട്രാഫിക്ക് പോലെയൊരു സിനിമ നല്‍കിയത് അവരാണ്. ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യര്‍ക്ക് അല്ല. സംവിധായകനും, തിരക്കഥാകൃത്തിനുമാണ്. അവരോട് സംസാരിക്കുക എന്നാണ് ഞാന്‍ പറഞ്ഞത്. നേരിട്ട് അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ല. സിനിമയില്‍ നിന്ന് ഒഴിയണമെന്ന് ചില സൂചനകള്‍ വന്നിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ സിനിമ ആദ്യം നായിക പ്രധാന്യമുള്ള സിനിമയായിരുന്നില്ല. ഞാനും ശ്രീനിയേട്ടനും എന്ന രീതിയിലായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. അതിനു ശേഷം ശാലിനിയെ നായികയാക്കിയാലോയെന്ന് ആലോചിച്ചു. ആ സമയത്താണ് മഞ്ജു വാര്യരുടെ ലാലേട്ടനുമായുള്ള പ്രോജക്ടിന്റെ പ്ലാന്‍ വരുന്നത്. അപ്പോള്‍ രണ്ടാമത്തെ പടമായി മഞ്ജുവിനെ കൊണ്ടിതു ചെയ്യിക്കാമെന്ന് വിചാരിച്ചു. അങ്ങനെയാണ് ആ സിനിമ സംഭവിക്കുന്നത്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: kunjacko boban about manju warrier and how old are you movie