കുടിയന്റെ ചുവടുകള്‍ എന്റെ സ്വന്തം കൊറിയോഗ്രഫി: കുഞ്ചാക്കോ ബോബന്‍
Film News
കുടിയന്റെ ചുവടുകള്‍ എന്റെ സ്വന്തം കൊറിയോഗ്രഫി: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th July 2022, 9:12 pm

കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട് റിലീസിന് ഒരുങ്ങുകയാണ്. കുഞ്ചാക്കോ ബോബന്‍ വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

1985ല്‍ മമ്മൂട്ടിയും സരിതയും അഭിനയിച്ച കാതോട് കാതോരം എന്ന ചിത്രത്തിലെ പാട്ടിന്റെ റീമേക്ക് വേര്‍ഷനാണ് പുറത്ത് വിട്ടത്. ഉത്സവപറമ്പിലെ കുടിയന്‍ ഡാന്‍സ് കളിക്കുന്ന മോഡലിലാണ് കുഞ്ചാക്കോ ബോബന്‍ ഗാനരംഗത്തില്‍ ചുവടുകള്‍ വെച്ചത്.

വൈറലായ പാട്ടില്‍ ആ നിമിഷത്തില്‍ താന്‍ സ്വയം ഉണ്ടാക്കിയ സ്റ്റെപ്പുകള്‍ കളിക്കുകയായിരുന്നു എന്ന് പറയുകാണ് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍.

Devadoothar Paadi | Video Song | Nna Thaan Case Kodu | Kunchacko Boban |  Ratheesh Balakrishnan - YouTube

‘ചിലര്‍ തമാശക്കും കളിയാക്കിയും കേരളത്തിലെ മൈക്കിള്‍ ജാക്‌സണെന്ന് വിളിക്കാറുണ്ട്. ഇതിലൊരു ലോക്കല്‍ ജാക്‌സണെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഞാന്‍ ഭയങ്കരമായിട്ട് എന്‍ജോയ് ചെയ്ത സംഭവമാണ്.

ഡാന്‍സിന്റെ കാര്യം ഒരു റഫറന്‍സ് പോലെ രതീഷ് പറഞ്ഞിരുന്നു. ഉത്സവത്തിനിടക്ക് ഇങ്ങനെ ഒരാള്‍ കാണും. ഒടുക്കത്തെ ഡാന്‍സ് ആയിരിക്കും. പക്ഷേ പാട്ടുമായി ഒരു രീതിയിലും സിങ്കായിരിക്കില്ല. കൊറിയാഗ്രാഫറെ കൊണ്ടുവന്നാല്‍ അതൊരു കൊറിയോഗ്രാഫി എന്ന് നിലയിലായി പോവും.

കൊറിയോഗ്രാഫറില്ലാതെ പെട്ടെന്ന് എന്താ ചെയ്യാന്‍ പറ്റുക എന്നാലോചിച്ചു. ആ മൊമെന്റില്‍ സ്‌പൊണ്ടേനിസ് ആയി ചെയ്തതാണ്. ഒരു വിശ്വാസത്തിന്റെയും സ്വാതന്ത്ര്യം തന്നതിന്റെയും പുറത്ത് ആ രീതിയില്‍ ചെയ്തതാണ്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

സിനിമാ താരങ്ങളുള്‍പ്പെടെ നിരവധി താരങ്ങളാണ് കുഞ്ചാക്കോ ബോബന്റെ ഡാന്‍സ് പങ്കുവെച്ചത്. കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ച് ഒറിജിനല്‍ പാട്ട് ചിട്ടപ്പെടുത്തിയ ഔസേപ്പച്ചനും രംഗത്തെത്തിയിരുന്നു. ‘ചാക്കോച്ചാ പൊളിച്ചൂടാ മോനെ’ എന്നാണ് അദ്ദേഹം എഴുതിയത്.

കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ശേഷം സംവിധായകന്‍ രതീഷും നിര്‍മാതാവ് സന്തോഷ് ടി. കുരുവിളയും ഒന്നിക്കുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. മഹേഷിന്റെ പ്രതികാരം, മായാനദി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വൈറസ്, ആര്‍ക്കറിയാം, നാരദന്‍ എന്നീ സിനിമകളുടെ നിര്‍മാതാവായ സന്തോഷ് ടി. കുരുവിളയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്.

Content Highlight: Kunchako Boban said that at that moment in the song devadoothar paadi, he was playing the steps he had made himself