ഞങ്ങളെക്കാളും സീനിയോരിറ്റിയും പോപ്പുലാരിറ്റിയുമുള്ള ആര്‍ട്ടിസ്റ്റാണ് ഈ പടത്തിലെ സിംഹം, അതിന്റെ എല്ലാ ബഹുമാനവും പുള്ളിക്ക് കൊടുത്തിട്ടുണ്ട്: കുഞ്ചാക്കോ ബോബന്‍
Entertainment
ഞങ്ങളെക്കാളും സീനിയോരിറ്റിയും പോപ്പുലാരിറ്റിയുമുള്ള ആര്‍ട്ടിസ്റ്റാണ് ഈ പടത്തിലെ സിംഹം, അതിന്റെ എല്ലാ ബഹുമാനവും പുള്ളിക്ക് കൊടുത്തിട്ടുണ്ട്: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th June 2024, 5:10 pm

കുഞ്ചാക്കോ ബോബനും, സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയാണ് ഗ്ര്‍ര്‍. എസ്രക്ക് ശേഷം ജയ്.കെ സംവിധാനം ചെയ്യുന്ന സിനിമയാണിത്. തിരുവനന്തപുരം മൃഗശാലയില്‍ ഈയടുത്ത് നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഏറെക്കാലത്തിന് ശേഷം സുരാജ് മുഴുനീള കോമഡി വേഷം ചെയ്യുന്നുവെന്ന പ്രത്യേകതയും ഗ്ര്‍ര്‍നുണ്ട്. ഭീഷ്മപര്‍വത്തിലൂടെ ശ്രദ്ധേയയായ അനഘയാണ് ചിത്രത്തിലെ നായിക.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ വലിയ ചര്‍ച്ചയായിരുന്നു. തന്നെക്കാളും സുരാജിനെക്കാളും സീനിയോരിറ്റിയും പോപ്പുലാരിറ്റിയുമുള്ള ആര്‍ട്ടിസ്റ്റാണ് ഈ സിനിമയിലെ സിംഹമെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. തങ്ങള്‍ക്ക് ഏറ്റവുമധികം കോമ്പിനേഷന്‍ സീനുകളുള്ളത് സിംഹവുമായിട്ടാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഹോളിവുഡിലും ബോളിവുഡിലും ഒന്നുരണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സിംഹമാണെന്നും അക്ഷയ് കുമാര്‍, ഇദ്രിസ് ആല്‍ബ എന്നിവരുടെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്തിട്ടുള്ള സിംഹമാണെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഈ സിനിമയില്‍ എനിക്കും സുരാജിനും ഏറ്റവും കൂടുതല്‍ കോമ്പിനേഷന്‍ സീനുള്ളത് സിംഹത്തിന്റെ കൂടെയാണ്. അതിന്റെ കൂടെ റൊമാന്‍സ് ചെയ്യാനൊന്നും പറ്റില്ലല്ലോ. പിന്നെ ഈ കാണുന്ന പോലെ നിസ്സാരക്കാരനല്ല പുള്ളി. നമ്മളെക്കാള്‍ വലിയ പ്രോ ആക്ടറാണ് ആശാന്‍. ഹോളിവുഡിലും ബോളിവുഡിലുമൊക്കെ ഒന്നുരണ്ട് സിനിമയില്‍ കക്ഷി മുഖം കാണിച്ചിട്ടുണ്ട്.

മോജോ എന്നാണ് ആ സിംഹത്തിന്റെ പേര്. സൗത്ത് ആഫ്രിക്കക്കാരനാണ്. ഇദ്രിസ് ആല്‍ബ, അക്ഷയ് കുമാര്‍ എന്നിവരുടെയൊക്കെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്തിട്ടുള്ള ആളാണ് മോജോ. നമ്മളെക്കാള്‍ വേള്‍ഡ് വൈഡ് റീച്ച് വാങ്ങിയിട്ടുണ്ട് മോജോ. അതിന്റേതായിട്ടുള്ള എല്ലാ ബഹുമാനവും ഞങ്ങള്‍ എപ്പോഴും കാണിക്കാറുണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchako Boban about the lion in Grrr movie