കുണാല്‍ കാംറയുടെ സ്റ്റാന്‍ഡ് അപ് കോമഡി വിലക്കിയ സംഭവം രാജ്യത്തിന് നാണക്കേട്; ശശി തരൂര്‍
national news
കുണാല്‍ കാംറയുടെ സ്റ്റാന്‍ഡ് അപ് കോമഡി വിലക്കിയ സംഭവം രാജ്യത്തിന് നാണക്കേട്; ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd July 2018, 8:23 pm

വഡോദര: ദേശവിരുദ്ധപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായേക്കാമെന്ന് ചൂണ്ടിക്കാട്ടി സ്റ്റാന്‍ഡ് അപ് കോമേഡിയന്‍ കുണാല്‍ കാംറയുടെ പരിപാടിക്ക് എം.എസ് യൂണിവേഴ്‌സിറ്റി വിലക്കേര്‍പ്പെടുത്തിയത് രാജ്യത്തിനു തന്നെ നാണക്കേടെന്ന് ശശി തരൂര്‍.

കുണാല്‍ കാംറയുടെ കാഴ്ചപ്പാടുകള്‍ ദേശവിരുദ്ധമാണന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റൈ പരിപാടി റദ്ദ് ചെയ്തത് നാണക്കേടാണെന്നാണ് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

സര്‍വകലാശാലകള്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള വേദിയായില്ലെങ്കില്‍ മറ്റെന്തിനാണ് സാധിക്കുക എന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.

വഡോദരയിലെ ഒരു പ്രാദേശിക സംഘടനയായിരുന്നു ആഗസ്റ്റ് 11 നു കുണാല്‍ കാംറയുടെ പരിപാടി നടത്തുന്നതിനു വേണ്ടി യൂണിവേഴ്‌സിറ്റിയുടെ ഓഡിറ്റോറിയം വാടകക്ക് എടുത്തിരുന്നത്. കുണാല്‍ കാംറയുടെ പരിപാടി നടത്താന്‍ ഓഡിറ്റോറിയം നല്‍കാനാകില്ലെന്ന് പറഞ്ഞുകൊണ്ടുള്ള വൈസ് ചാന്‍സലര്‍ പരിമാള്‍ വ്യാസിന്റെ നിര്‍ദേശം ലഭിച്ചതായി സംഘടന ഭാരവാഹികള്‍ അറിയിച്ചു.


ബീഹാറിലെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ 16 പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായി; ഒരു പെണ്‍കുട്ടിയെ കാണാനില്ല


“കുണാല്‍ കാംറയുടെ പരിപാടി ദേശവിരുദ്ധമാണെന്നും അതിനാല്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടത്താനനുവദിക്കരുതെന്നും ആവശ്യപ്പെട്ടു ഒരു കൂട്ടം മുന്‍ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി യൂണിവേഴ്‌സിറ്റി അധികൃതരെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് വൈസ് ചാന്‍സലറുടെ നിര്‍ദേശം വന്നത്.” ഭാരവാഹിയായ രാകേഷ് മോദി പറയുന്നു.

സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഭയമുള്ളതിനാലാണ് തങ്ങള്‍ പരിപാടി നടത്താതിരിക്കാന്‍ തീരുമാനിച്ചതെന്നും രാകേഷ് അറിയിച്ചു.

കുണാല്‍ കാംറക്കെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങളുമായാണ് മുന്‍ വിദ്യാര്‍ത്ഥികളുടെ സംഘം യൂണിവേഴ്‌സിറ്റി അധികൃതരെ സമീപിച്ചത്. “ഗുജറാത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളിലൊന്നായ എം.എസ് യൂണിവേഴ്‌സിറ്റിയില്‍ ദേശവിരുദ്ധനായ ഒരു സ്റ്റാന്‍ഡ് അപ് കോമേഡിയന്റെ പരിപാടി നടത്തുന്നതിലൂടെ എന്ത് സന്ദേശമാണ് നാം നല്‍കുന്നത്?” എന്നായിരുന്നു പരാതിയിലെ പ്രധാന ചോദ്യം.


മോദീ, നിങ്ങള്‍ക്ക് അല്‍പ്പമെങ്കിലും നാണമുണ്ടോ? ; ആള്‍ക്കൂട്ട അതിക്രമത്തിത്തിനെതിരെ സ്വാമി അഗ്നിവേശ്


പതിനൊന്ന് മുന്‍ വിദ്യാര്‍ത്ഥികളാണ് കുണാല്‍ കാംറയെ ദേശവിരുദ്ധനെന്ന് ആരോപിച്ച് രംഗത്തെത്തിയിട്ടുള്ളത്. കുണാലിന്റെ പരിപാടികള്‍ ദേശവിരുദ്ധമാണെന്നും അദ്ദേഹം ദേശീയഗാനത്തെ അപമാനിക്കുന്ന രീതിയിലുള്ള അനുകരണങ്ങളാണ് അവതരിപ്പിക്കുന്നതെന്നും ഇവര്‍ പറയുന്നു.

കുണാലിന്റെ പരിപാടികള്‍ വര്‍ഗീയവാദികളെ പിന്തുണക്കുന്നതാണെന്നും ഇവര്‍ ആരോപിക്കുന്നു.

“നിങ്ങള്‍ക്ക് ഒരു പ്രത്യേക ദിവസം ജോലിയൊന്നുമില്ലെന്ന് മാധ്യമങ്ങള്‍ വഴി അറിയുന്നത് രസകരമല്ലേ… ഭാവിയിലെ എന്റെ അവധി ദിവസങ്ങളുടെ ആഘോഷം ഈ അവധി ദിവസം ആരംഭിക്കുന്നു.” എന്നായിരുന്നു കുണാല്‍ കാംറ യൂണിവേഴ്‌സിറ്റിയില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതിനോട് ട്വിറ്ററിലൂടെ പ്രതികരിച്ചത്.