ബെംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തില്‍ പങ്കെടുക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. മൂന്നു ദിവസത്തേക്കുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. ജയന്തി ആഘോഷത്തെച്ചൊല്ലി സര്‍ക്കാരിലും ഭിന്നതയുണ്ടായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ആഘോഷത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടിപ്പു ജയന്തി ആഘോഷിക്കുന്നതിനെ കുമാരസ്വാമി നേരത്തേ എതിര്‍ത്തിരുന്നു. എന്നാല്‍, കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം കോണ്‍ഗ്രസിന്റെ ആവശ്യത്തെ അംഗീകരിക്കുകയായിരുന്നു.
അതേസമയം, ബി.ജെ.പി.യുടെയും സംഘപരിവാര്‍ സംഘടനകളുടെയും പ്രതിഷേധം കണക്കിലെടുത്ത് വന്‍സുരക്ഷയാണ് കര്‍ണാടകയില്‍ ഒരുക്കിയിട്ടുള്ളത്. കുടക്, ശ്രീരംഗപട്ടണ, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഘോഷയാത്ര അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സംഘടനകള്‍ക്ക് ആഘോഷം നടത്തുന്നതിന് അനുവാദം നല്‍കിയിട്ടില്ല. ടിപ്പു സുല്‍ത്താന്റെ ബാനറുകളും പോസ്റ്ററുകളും നിരോധിച്ചു. കുടകില്‍ ദ്രുതകര്‍മസേനയടക്കം വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷാസേനാംഗങ്ങള്‍ പ്രദേശത്ത് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ജില്ലാ ഭരണാധികാരികളുടെ നേതൃത്വത്തിലായിരുക്കും ജയന്തി ആഘോഷം.
കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും സുരക്ഷ ശക്തമാക്കി. വാഹനപരിശോധനയ്ക്കായി 40 ചെക്ക് പോസ്റ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ 24 മണിക്കൂര്‍ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരസാഹാചര്യം നേരിടാന്‍ പ്രത്യേക എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റുമാരെയും നിയോഗിച്ചിട്ടുണ്ട്.
ടിപ്പു ജയന്തി ആഘോഷിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ബി.ജെ.പി. നേരത്തെ ആവശ്യപ്പെത്തിരുന്നു. ടിപ്പു ജയന്തി ആഘോഷത്തിനെതിരേ ബെംഗളൂരുവിലും മറ്റ് ജില്ലകളിലും ബി.ജെ.പി. പ്രതിഷേധ ധര്‍ണ നടത്തി. സംസ്ഥാനത്തിന്റെ താത്പര്യം കണക്കിലെടുത്ത് ജയന്തി ആഘോഷം ഉപേക്ഷിക്കണമെന്ന് ബി.ജെ.പി. നേതാവ് ബി.എസ്. യെദ്യൂരപ്പ ആവശ്യപ്പെട്ടു.
ടിപ്പു ജയന്തി ആഘോഷത്തില്‍ പങ്കെടുത്താല്‍ കുമാരസ്വാമിക്ക് അധികാരം നഷ്ടമാകുമെന്ന് ബി.ജെ.പി. നേതാവ് കെ.എസ്. ഈശ്വരപ്പ പറഞ്ഞു. എന്നാല്‍ ബി.ജെ.പി.യുടേത് ഇരട്ടത്താപ്പാണെന്നും രാജ്യസ്‌നേഹികളെ അവഗണിക്കുന്നത് ബി.ജെ.പി.യുടെ നയമാണെന്നും മന്ത്രി ഡി.കെ. ശിവകുമാര്‍ കുറ്റപ്പെടുത്തി.
2014-ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് നവംബര്‍ 10ന് ടിപ്പു ജയന്തി ഔദ്യോഗികമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്.