ചെയ്യേണ്ടതെന്തെന്ന് അവനറിയാം, അവനത് കൃത്യമായി തന്നെ ചെയ്തിട്ടുണ്ട്; സഞ്ജുവിനെ പ്രശംസിച്ച് സംഗക്കാര
IPL
ചെയ്യേണ്ടതെന്തെന്ന് അവനറിയാം, അവനത് കൃത്യമായി തന്നെ ചെയ്തിട്ടുണ്ട്; സഞ്ജുവിനെ പ്രശംസിച്ച് സംഗക്കാര
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 17th March 2022, 6:59 pm

ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ പടയ്ക്കിറങ്ങുമ്പോള്‍ കരുത്തരായ ടീമിനെ അണിനിരത്തിയാണ് രാജസ്ഥാന്‍ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിടുന്നത്. ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണില്‍ ചാമ്പ്യന്‍മാരായെങ്കിലും തുടര്‍ന്നുള്ള സീസണുകളില്‍ കിരീടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ഇത്തവണ ടൂര്‍ണമെന്റിനിറങ്ങുമ്പോള്‍, മറ്റ് ടീമുകളെ അപേക്ഷിച്ച് കരുത്തുറ്റ ടീമാണെന്ന് രാജസ്ഥാന്‍ റോയല്‍സ് ഡയറക്ടര്‍ കുമാര്‍ സംഗക്കാര. ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്ന താരങ്ങളെ കണ്ടെത്തി ചേര്‍ക്കുന്നതില്‍ സഞ്ജു വിജയിച്ചെന്നും സംഗക്കാര പറയുന്നു.

‘ടീമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി താരലേലത്തില്‍ താരങ്ങളെ കണ്ടെത്താന്‍ ശ്രമിച്ചു. ശക്തമായ സ്‌ക്വാഡിനെ കണ്ടെത്താന്‍ ടീമിനായി.

യുസ്വേന്ദ്ര ചാഹലും രവിചന്ദ്ര അശ്വിനും, ഓഫ് സ്പിന്നും ലെഗ് സ്പിന്നും പരിഗണിക്കുമ്പോള്‍ മികച്ച രണ്ട് താരങ്ങളെയാണ് ടീമിന് കിട്ടിയിരിക്കുന്നത്. ട്രെന്‍ഡ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, നവ്ദീപ് സെയ്‌നി, നഥാന്‍ കൂള്‍ട്ടര്‍നൈല്‍, ഓബദ് മക്കോയ് എന്നിങ്ങനെ മികച്ച പേസര്‍മാരും ടീമിനൊപ്പമുണ്ട്.

നമ്മള്‍ നിലനിര്‍ത്തിയ താരങ്ങളായ സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശസ്വി ജയ്സ്വാള്‍ എന്നിവരും കരുത്തര്‍. ടീമിലെ എല്ലാ രംഗങ്ങളിലും കരുത്ത് നല്‍കാന്‍ കഴിഞ്ഞു. ജിമ്മി നീഷാം, ഡാരില്‍ മിച്ചല്‍, റാസ്സി വാന്‍ഡര്‍ ഡസ്സന്‍ എന്നിവര്‍ മികച്ച താരങ്ങളാണ്’ സംഗക്കാര പറഞ്ഞു.

ആദ്യ സീസണില്‍ രാജസ്ഥാന് കിരീടം നേടിത്തന്ന മുന്‍ നായകന്‍ ഷെയ്ന്‍ വോണിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

‘അദ്ദേഹത്തിന്റെ വിയോഗം ക്രിക്കറ്റ് ലോകത്തിനും ക്രിക്കറ്റര്‍മാര്‍ക്കും നഷ്ടമാണ്. വളരെ ആഴമേറിയ അറിവുള്ള, എപ്പോഴും സമീപിക്കാനാവുന്ന വ്യക്തിയായിരുന്നു വോണ്‍. എല്ലാവരും അദേഹത്തെ മിസ് ചെയ്യും’ സംഗക്കാര പറഞ്ഞു.

ഐ.പി.എല്ലന്റെ പുതിയ സീസണിനിറങ്ങുമ്പോള്‍ മികച്ച നിലയിലാണ് രാജസ്ഥാന്‍. സ്പിന്നും പേസും നിരയിലെ മികച്ച താരങ്ങളെ ടീമിലെത്തിച്ചപ്പോള്‍, പേസ് നിരയെ പരിശീലിപ്പിക്കാന്‍ മലിംഗയേയും ടീം പാളയത്തിലെത്തിച്ചിട്ടുണ്ട്.

മലയാളി താരം സഞ്ജുവിന്റെ ക്യാപ്റ്റന്‍സി കൂടി ചേരുമ്പോള്‍ രാജസ്ഥാന്‍ ഷൈന്‍ ചെയ്യുമെന്നുറപ്പ്.

മാര്‍ച്ച് 27നാണ് രാജസ്ഥാന്റെ ആദ്യ മത്സരം.ഹൈദരാബാദാണ് എതിരാളികള്‍.

Content Highlight: Kumar Sangakara about Sanju Samson