വീട്ടില്‍ നിന്നും വര്‍ഷങ്ങളോളം മാറിനിന്നുകൊണ്ട് പണക്കാരനായി തിരിച്ചുവരുന്ന ഒരുപാട് സിനിമ നായകന്‍മാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ യാഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിക്കുന്നത് അപൂര്‍വമായ കാര്യമാണ്.
അങ്ങനെ സിനിമാറ്റിക് ജീവിതമുള്ളയാളായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് താരമായ കുമാര്‍ കാര്‍ത്തികേയ. ചൈനാമാന്‍ ബൗളറായ താരം മുംബൈക്കായി നാല് മത്സരത്തില്‍ കളിച്ചിട്ടുണ്ട്.
താന്‍ ക്രിക്കറ്റില്‍ ഒരു പേരെടുക്കുന്നത് വരെ വീട്ടില്‍ പോകില്ല എന്ന് കാര്‍ത്തികേയ മുമ്പ് പറഞ്ഞിരുന്നു. ഐ.പി.എല്‍ കഴിഞ്ഞാല്‍ താന്‍ വീട്ടീലേക്ക് മടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴിതാ തന്റെ അമ്മയുമായി നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് കാര്‍ത്തികേയ.
‘ഒമ്പത് വര്‍ഷത്തിനും മൂന്ന് മാസത്തിനും ശേഷം എന്റെ അമ്മയെയും ഫാമിലിയേയും കണ്ടു, എന്റെ ഫീലിങ്‌സ് എന്താണെന്ന് പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല,’ കാര്‍ത്തികേയ ട്വീറ്റ് ചെയ്തു.
Met my family and mumma ❤️ after 9 years 3 months . Unable to express my feelings 🤐#MumbaiIndians #IPL2022 pic.twitter.com/OX4bnuXlcw
— Kartikeya Singh (@Imkartikeya26) August 3, 2022
ഐ.പി.എല്ലില്‍ മുംബൈയുടെ താരമായ അദ്ദേഹം രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിന്റെ കളിക്കാരനാണ്. ഈ വര്‍ഷം മുംബൈയെ തോല്‍പിച്ച് രഞ്ജി കീരീടം നേടിയ മധ്യപ്രദേശിന്റെ പ്രധാന താരമാണ് അദ്ദേഹം. ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
തന്റെ മാതാപിതാക്കള്‍ നിരന്തരം തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ആ ലക്ഷ്യത്തില്‍ താന്‍ കമ്മിറ്റഡ് ആയിരുന്നുവെന്നും ജീവിതത്തില്‍ എന്തെങ്കിലും നേടുന്നതുവരെ താന്‍ ആ തീരുമാനത്തില്‍ തുടര്‍ന്നുവെന്നും കാര്‍ത്തികേയ വെളിപ്പെടുത്തി.
”ഞാന്‍ ഒമ്പത് വര്‍ഷമായി വീട്ടില്‍ പോയിട്ടില്ല. ജീവിതത്തില്‍ എന്തെങ്കിലും നേടിയാല്‍ മാത്രമേ വീട്ടിലേക്ക് മടങ്ങൂ എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. എന്റെ അമ്മയും അച്ഛനും എന്നെ ഇടയ്ക്കിടെ വിളിച്ചിരുന്നു, പക്ഷേ ഞാന്‍ എന്റെ ലക്ഷ്യത്തില്‍ കമ്മിറ്റഡായിരുന്നു. ഇപ്പോള്‍, ഒടുവില്‍ ഐപിഎല്‍ കഴിഞ്ഞ് ഞാന്‍ നാട്ടിലേക്ക് മടങ്ങാന്‍ പോകുകയാണ്,’ കാര്‍ത്തികേയ നേരത്തെ പറഞ്ഞിരുന്നു.
Content Highlights: Kumar Karthikeya returns to home after 9 years and 3 months