മതത്തിന്റെ കര്‍മ്മമാര്‍ഗമായി ജിഹാദിനെ പ്രതിഷ്ഠിക്കുകയാണ് മൗദൂദി ചെയ്തത്. ഒരു കയ്യില്‍ ഖുറാനും മറുകയ്യില്‍ വാളുമായി പടക്കളത്തിലിറങ്ങാനാണ് മൗദൂദി ആവശ്യപ്പെടുന്നത്. അനിസ്‌ലാമികരോട് യുദ്ധം ചെയ്യലാണ് ഇസ്‌ലാമെന്നും രണഭൂമിയില്‍ നിന്നും മാറിനില്‍ക്കുന്നവര്‍ക്ക് മതത്തില്‍ സ്ഥാനമില്ലെന്നുമാണ് മൗദൂദിയുടെ കല്‍പന.
ഒരു ജര്‍മന്‍ യഹൂദിയുടെ പ്രതികാരബുദ്ധിയില്‍ നിന്നുദിച്ച പ്രത്യയശാസ്ത്രമായി മാര്‍ക്‌സിസത്തെ നിര്‍വചിച്ച മൗദൂദിയുടെ കേരളസന്താനങ്ങള്‍ താലിബാനെ പ്രതിരോധിക്കാനായി സംഘപരിവാറിന്റെ മറുഭാഗം ചേര്‍ന്ന് കമ്യൂണിസ്റ്റു ഭീകരതയുടെ നുണക്കഥകള്‍ പാടി വിദ്വേഷ പ്രചാരണമാരംഭിച്ചിരിക്കുകയാണ്. താലിബാനെ വിസ്മയമായും അവരുടെ അധികാരാരോഹണത്തെ അഫ്ഘാന്‍ ജനതയുടെ സ്വാതന്ത്ര്യമായും കൊണ്ടാടുന്ന മൗദൂദിസ്റ്റുകള്‍ക്കും അവരുടെ പത്രമായ മാധ്യമത്തിനുമെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന പ്രതികരണങ്ങളില്‍ രോഷം കൊണ്ടാണ് വിളഞ്ഞ മൗദൂദിസ്റ്റായ സി. ദാവൂദ് ജമാഅത്തെ ഇസ്‌ലാമി പത്രത്തില്‍ സി.ഐ.എ കേന്ദ്രങ്ങള്‍ പടച്ചുണ്ടാക്കിയ മക്കാര്‍ത്തിയന്‍ കാലത്തെ കമ്യൂണിസ്റ്റുകൂട്ടക്കൊലകളുടെ ക്ഷുദ്രവികാരങ്ങളുണര്‍ത്തുന്ന കഥകളുമായി ഒരു ലേഖനമെഴുതിയത്.
ഇസ്‌ലാമിക വിശ്വാസികളെ പരിചയാക്കി താലിബാനെ പ്രതിരോധിക്കാനുള്ള വാമനബുദ്ധിയാണ് ആ ലേഖനത്തിലുടനീളം കാണാന്‍ കഴിയുക. താലിബാനെയും അവര്‍ക്ക് ന്യായീകരണവുമായി വരുന്ന മൗദൂദിസ്റ്റുകളെയും വിമര്‍ശിക്കുന്നത് ഇസ്‌ലാമിക് ഫോബിയയാണെന്ന സ്ഥിരം നമ്പറാണ് ദാവൂദ് എടുത്തു പയറ്റുന്നത്.
ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകള്‍, ഇസ്‌ലാമിന്റെ പ്രബോധന ചരിത്രത്തെയോ ദര്‍ശന പദ്ധതികളെയോ പിന്‍പറ്റുന്നവരല്ല. അവരുടെ മതരാഷ്ട്രവാദവും മാര്‍ക്‌സിസ്റ്റ് വിരോധവുമെല്ലാം സാമ്യാജ്യത്വ അധിനിവേശ താല്പര്യങ്ങളുമായി ചേര്‍ന്നു നില്ക്കുന്ന, മനുഷ്യത്വത്തിനും ആധുനിക ജീവിതത്തിനുമെതിരായ യുദ്ധോത്സുക പ്രത്യയശാസ്ത്രങ്ങളാണ്.
മുതലാളിത്തം നിലവില്‍ വന്നതിന് ശേഷം കൊളോണിയല്‍ ശക്തികള്‍ നടത്തിയ വെട്ടിപ്പിടുത്തങ്ങളുടെയും കടന്നാക്രമണങ്ങളുടെയും ക്രൂരമായ ചരിത്ര ഗതിയിലാണ് മധ്യപൂര്‍വ ദേശത്തെയും മധ്യേഷ്യയിലെയും പശ്ചിമേഷ്യയിലെയും എണ്ണപ്പാടങ്ങളും വാണിജ്യപാതകളും കയ്യടക്കാനുള്ള സൈനിക രാഷ്ട്രീയ നീക്കങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടത്.
അറബ് ലോകത്തെ സാമ്രാജ്യ വിരുദ്ധ ദേശീയ ഉണര്‍വുകളെ തകര്‍ക്കാനാണ് രാഷ്ട്രീയ ഇസ്‌ലാമിസത്തെ വളര്‍ത്തി കൊണ്ടുവന്നത്. തങ്ങളുടെ ലോകാധിപത്യത്തിനായി ഭീകര പ്രവര്‍ത്തനത്തെ സ്വന്തം വിദേശ നയമായി ഉപയോഗിച്ച അമേരിക്കയാണ് ഈ മേഖലയില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് മുതല്‍ താലിബാന്‍ വരെയുള്ള ഇസ്‌ലാമിന്റെ പേരിലുള്ള പ്രസ്ഥാനങ്ങളെയും ഭീകര സംഘങ്ങളെയും വളര്‍ത്തി കൊണ്ടുവന്നത്. അമേരിക്ക ഒഴുക്കിയ പെട്രോ ഡോളര്‍ പണക്കൊഴുപ്പിലാണ് മുജാഹിദീന്‍ പട്ടാളവും താലിബാനും അല്‍ഖയ്ദയും ഇസ്‌ലാമിക് സ്റ്റേറ്റുമെല്ലാം ജനാധിപത്യത്തിനും ആധുനിക ജീവിതത്തിനും ഭീഷണി ഉയര്‍ത്തുന്ന വിധ്വംസക ഭീകര സംഘങ്ങളായി വളര്‍ന്നത്.
ഹസനുല്‍ ബന്നയുടെയും മൗദൂദിയുടെയും സെയ്തുല്‍ ഖുത്ബിന്റെയും ആശയങ്ങളെയാണ് ഈ തീവ്രവാദ സംഘങ്ങളെല്ലാം ദാവൂദിനെ പോലുള്ളവരെപോലെ പിന്‍പറ്റുന്നത്. മതത്തില്‍ നിര്‍ബ്ബന്ധമില്ലായെന്ന ഖുറാന്‍ വചനത്തിന്റെ ഉദാരതയും ജനാധിപത്യ ഭാവവും അംഗീകരിക്കാത്തവരാണ് മൗദൂദിസ്റ്റുകള്‍. ഇസ്‌ലാമിനെ മതരാഷ്ട്ര സിദ്ധാന്തമാക്കി ദൈവാധികാരവ്യവസ്ഥ യാഥാര്‍ത്ഥ്യമാകും വരെ (താലിബാനോ ബ്രദര്‍ഹുഡോ അധികാരം പിടിക്കുന്നതു വരെ) വിശുദ്ധയുദ്ധം നടത്താന്‍ മുസ്‌ലിങ്ങള്‍ ബാധ്യസ്തമാണെന്നാണ് രാഷ്ട്രീയ ഇസ്‌ലാമിസം അനുശാസിക്കുന്നത്.
ഖുതുബിന്റെ സിദ്ധാന്തമനുസരിച്ച് മുഴുവന്‍ താഗൂത്തു (ഇസ്‌ലാമികേതര ശക്തികള്‍)കളെയും തുടച്ചു നീക്കും വരെ വിശുദ്ധ യുദ്ധം തുടരണെമന്നതാണ്. അത് ഇസ്‌ലാമിന്റ വിശുദ്ധ കടമയാണെന്നാണ് ഖുത്ബ് എഴുതി വെച്ചിരിക്കുന്നത്. ഈജിപ്തിലും ഇറാനിലും ഇന്തോനേഷ്യയിലും സിറിയയിലും ദശലക്ഷങ്ങളെ കൊല ചെയ്ത് തള്ളിയ ചരിത്രമാണ് സ്റ്റാലിന്റെയും പോള്‍ പോട്ടിന്റെയും കാലത്തെ ശവപ്പറമ്പുകള്‍ അന്വേഷിച്ചു നടക്കുന്ന മൗദൂദിസ്റ്റുകള്‍ക്കുള്ളതെന്ന് ദാവൂദ്മാര്‍ക്കറിയാത്തതാവില്ല.
മൗദൂദി
പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഷിയാ, അഹമദിയാ വിഭാഗങ്ങള്‍ക്കെതിരായി നടത്തിയ വംശഹത്യാ കേസുകളില്‍ ഇപ്പോഴും അവിടങ്ങളിലെ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്കെതിരായ വിചാരണ തുടരുകയാണ്. കംബോഡിയയിലെ കുറ്റവിചാരണ ഓര്‍മപ്പെടുത്തി എം. സ്വരാജിന്റെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുന്ന ദാവൂദ്, ധാക്കയില്‍ നടക്കുന്ന കൂട്ടക്കൊലകള്‍ സൃഷ്ടിച്ച സ്‌ഫോടന കേസുകളിലെ പ്രതികള്‍ മൗദൂദി കുട്ടികളാണെന്ന് ഓര്‍ക്കണം. ധാക്കയില്‍ തുടരുന്ന വിചാരണ വാര്‍ത്തകള്‍ പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും പത്രങ്ങളില്‍ വായിക്കുന്നവര്‍ക്ക് മുമ്പിലാണ് ഒരു പോള്‍പോട്ട് അനുചരന്റ വിചാരണ വാര്‍ത്ത എടുത്ത് കംബോഡിയയിലെ കൂട്ടക്കൊലകളെ കുറിച്ച് ദാവൂദ് സ്‌തോഭജനകമായ വിവരങ്ങള്‍ നിരത്തുന്നത്.
ലോകത്തൊരു കമ്യൂണിസ്റ്റ് പാര്‍ടിയും ഇന്ന് പോള്‍പോട്ടിനെ അംഗീകരിക്കുന്നില്ലായെന്ന കാര്യമൊന്നും ദാവൂദുമാര്‍ക്ക് നോക്കേണ്ടതില്ലല്ലോ. ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ക്ക് സമാനമായ രീതിയില്‍ കാര്‍ഷിക വിപ്ലവ സിദ്ധാന്തത്തിന്റെ പേരില്‍ വരെ വരട്ടു തത്വവാദപരമായ നിലപാട് സ്വീകരിക്കുകയും സോഷ്യലിസ്റ്റ് നിര്‍മ്മാണത്തിന്റെ പേരില്‍ പഴയ കാര്‍ഷിക സമൂഹത്തിലേക്കുള്ള തിരിച്ചുപോക്ക് നടത്തുകയും ചെയ്ത പോള്‍പോട്ട് ഒരു ദുരന്തമായിരുന്നു.
1970 ല്‍ അമേരിക്കന്‍ പിന്തുണയോടെ ജനറല്‍ ലോണ്‍നോളിന്റെ നേതൃത്വത്തില്‍ നടന്ന സൈനിക അട്ടിമറിയിലൂടെ അധികാരത്തില്‍ വന്ന പട്ടാള വലതുപക്ഷ സര്‍ക്കാറിനെതിരെ ഖമര്‍ റൂഷ് എന്ന സൈന്യം രൂപീകരിച്ച് അഞ്ച് വര്‍ഷം നീണ്ട യുദ്ധം നയിച്ച് പോള്‍പോട്ട് അധികാരം പിടിച്ചെങ്കിലും യാന്ത്രികവും ജനാധിപത്യപരമല്ലാത്തതുമായ സോഷ്യലിസ്റ്റ് നിര്‍മാണം അതിക്രമങ്ങളിലേക്കും ശത്രുക്കള്‍ക്ക് അധികാരം തിരിച്ചുപിടിക്കുന്നതിനും സാഹചര്യമൊരുക്കി കൊടുത്തു.
പോള്‍പോട്ട്
പോള്‍പോട്ടിസത്തിന് സമാനമായ സായുധ സൈനിക ലൈനില്‍ അഭിരമിക്കുന്ന ഇവിടുത്തെ മാവോയിസ്റ്റുകളുമായി സംഘടിത ഇടതുപക്ഷത്തിനെതിരായ പൊതു ലക്ഷ്യം പങ്കുവെക്കുന്ന മാധ്യമവും മൗദൂദിസ്റ്റുകളും കംബോഡിയയിലെ കൂട്ടക്കൊലകളെ ഓര്‍മ്മിപ്പിച്ചത് ഏതായാലും നന്നായി!
മാര്‍ക്‌സിസത്തിന് മാത്രമല്ല മതനിരപേക്ഷ ജനാധിപത്യ ദേശീയതക്കും സ്ത്രീ സ്വാതന്ത്ര്യത്തിനുമെതിരായ പ്രത്യയശാസ്ത്രവും രാഷ്ട്രീയവുമാണ് മൗദൂദിസ്റ്റുകളെ നയിക്കുന്നതെന്ന് കാണണം.
‘ഇസ്‌ലാമിന്റെ രാഷ്ട്രീയസിദ്ധാന്ത’ത്തില്‍ മൗദൂദി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് ഇസ്‌ലാമിന് ജനാധിപത്യവുമായി യാതൊരുവിധ ബന്ധവും സാധ്യമല്ലായെന്നാണ്. ആധുനിക ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനമായ മതനിരപേക്ഷതയെയും പൗരത്വ സങ്കല്‍പങ്ങളെയും നിര്‍ദയം തള്ളിക്കളയുകയാണ് മൗദൂദി ഈ കൃതിയില്‍.
ഇസ്‌ലാമികവ്യവസ്ഥയില്‍ ജനാധിപത്യം എന്ന പ്രയോഗം തന്നെ അപ്രധാനമാണെന്നും ഹുകുമത്തെ ഇലാഹി – ദൈവികാധികാരം – എന്നതാണ് ഇസ്‌ലാമിക വ്യവസ്ഥക്ക് അനുയോജ്യമെന്നും മൗദൂദി വാദിക്കുന്നു. ചരിത്രവിരുദ്ധവും ഇസ്‌ലാമികദര്‍ശനങ്ങളുമായി ബന്ധമില്ലാത്തതുമായ നിലപാടുകള്‍ ശാഠ്യത്തോടെ മുന്നോട്ടുവെക്കുന്ന മൗദൂദി ജനാധിപത്യത്തെ തള്ളിക്കളയുകയാണ്. വേണമെങ്കില്‍ ഇസ്‌ലാമിക ഭരണത്തിന് ‘ഡെമോക്രാറ്റിക്തിയോക്രസി’ എന്ന് പറയാമെന്നാണ് മൗദൂദിയുടെ സമീപനം.
അതായത് അല്ലാഹുവിന്റെ പരമാധികാരത്തെക്കുറിച്ചുള്ള വാചകമടികളിലൂടെ ആധുനിക ജനാധിപത്യം മുന്നോട്ടുവെച്ച മതനിരപേക്ഷതയെയും ബഹുസ്വരതയെയും വ്യക്തിസ്വാതന്ത്ര്യത്തെയും നിരാകരിക്കുകയാണ് മൗദൂദി. അല്ലാഹുവിന്റെ ഭരണത്തെയും അല്ലാഹുവിന്റെ പാര്‍ടിയെയും സംബന്ധിച്ച ആശയാവിഷ്‌കാരങ്ങളിലൂടെ മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥക്കെതിരെ ഉയര്‍ന്നുവരുന്ന എല്ലാവിധ ദേശീയ ജനാധിപത്യ ഉണര്‍വ്വുകളെയും തല്ലിക്കെടുത്തുകയാണ് ഇത്തരം ഇസ്‌ലാമിന്റെ പേരിലുള്ള സൈദ്ധാന്തീകരണങ്ങളുടെ ലക്ഷ്യം തന്നെ.
വിവിധ ധാരകളില്‍പ്പെട്ട ഇസ്‌ലാമിക പണ്ഡിതന്മാര്‍ നിരീക്ഷിക്കുന്നത് മൗദൂദിയുടെ അല്ലാഹുവിന്റെ പരമാധികാരം എന്ന ആശയമാണ്, ഇന്നു ലോകമാകെ വ്യാപിച്ചുകഴിഞ്ഞിട്ടുള്ള തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ബീജാവാപം ചെയ്തത് എന്നാണ്. ഹുകുമത്തെ ഇലാഹി എന്നത് മൗദൂദി ആവിഷ്‌ക്കരിച്ചതും ഹസനുല്‍ബന്നയെ തുടര്‍ന്ന് ബ്രദര്‍ഹുഡിന്റെ സൈദ്ധാന്തിക നേതൃത്വത്തിലേക്ക് വന്ന സയ്യിദ്ഖുതുബ് പിന്തുണച്ചതുമായ തീവ്രവാദ ആശയമാണ്.
ഹസനുല്‍ബന്ന
മൗദൂദി തന്റെ ഖുതുബാത്ത് എന്ന പുസ്തകത്തില്‍ ദൈവികപരമാധികാരമെന്ന ആശയത്തിന്റെ ആവിഷ്‌ക്കര്‍ത്താവ് താന്‍ തന്നെയാണെന്ന് അവകാശപ്പെടുന്നുമുണ്ട്. ഇതിന് മുമ്പ് മുസ്‌ലിം മതവിശ്വാസികള്‍ക്ക് ഇക്കാര്യങ്ങളൊന്നും ആരും പഠിപ്പിച്ചുകൊടുത്തിരുന്നില്ലായെന്നാണ് മൗദൂദി മതരാഷ്ട്രവാദത്തിന്റെ പേറ്റന്റ് അവകാശപ്പെട്ടുകൊണ്ട് അഹങ്കരിക്കുന്നത്.
ഇന്നു നാം മനസ്സിലാക്കുന്ന ഇസ്‌ലാമിക വ്യവസ്ഥക്ക് വേണ്ടിയുള്ള അക്രമോത്സുക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പല സംഘങ്ങളും സയ്യിദ്ഖുതുബിന്റെയും മൗദൂദിയുടെയും കൃതികളില്‍ നിന്ന് ആവേശംകൊണ്ടവരാണ്. അറബ് ലോകത്തും ദക്ഷിണേഷ്യന്‍ ആഫ്രിക്കന്‍ നാടുകളിലും വിധ്വംസക പ്രവര്‍ത്തനം നടത്തുന്ന ആഗോള മുസ്‌ലിം തീവ്രവാദത്തിന്റെ ആദര്‍ശങ്ങളും സംഘടനാ രൂപങ്ങളും മൗദൂദിയുടെയും സയ്യിദ്ഖുതുബിന്റെയും ആശയസംഘടനകളില്‍ നിന്ന് പൊട്ടിമുളച്ചതുമാണ്.
കേരളത്തില്‍ മുസ്‌ലിം തീവ്രവാദ ചിന്തകള്‍ക്കും വിധ്വംസക ഗ്രൂപ്പുകള്‍ക്കും പ്രത്യയശാസ്ത്ര പിന്തുണ നല്‍കിയ ചരിത്രമാണ് ജമാഅത്തെ ഇസ്‌ലാമിക്കുള്ളതെന്ന് പല ഗവേഷകരും മതപണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്. ആര്‍.എസ്.എസിനെ പ്രതിരോധിക്കാനെന്ന രീതിയില്‍ ഉയര്‍ന്നുവന്ന ഐ.എസ്.എസ് എന്ന സംഘത്തിന്റെ പിറകിലും മൗദൂദിസ്റ്റ് ദര്‍ശനങ്ങളായിരുന്നു. എന്‍.ഡി.എഫ്, പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ തീവ്രവാദ സംഘങ്ങളുടെ സ്ഥാപകരും സംഘാടകരുമായവരെല്ലാം പഴയ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യര്‍ത്ഥി സംഘടനയായ സിമിയുടെ നേതാക്കളും പ്രവര്‍ത്തകരുമായിരുന്നല്ലോ.
ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ബഹുജനമുഖമായി രംഗത്തുവന്നിരിക്കുന്ന സോളിഡാരിറ്റി, ഫ്രറ്റേണിറ്റി, വെല്‍ഫെയര്‍ പാര്‍ടി എന്നിവയെല്ലാം നയിക്കുന്നത് മൗദൂദിയന്‍ ആശയങ്ങളെ പ്രചോദനമായി കാണുന്ന നേതാക്കളാണല്ലോ. മൗദൂദിയുടെ നിലപാട് ഇന്ത്യയില്‍ മതന്യൂനപക്ഷമായ മുസ്‌ലിങ്ങള്‍ സ്വയം ഹൈന്ദവ ഭരണത്തിന് വഴങ്ങിക്കൊടുക്കണമെന്നായിരുന്നു. ബഹുസ്വരതയെയും വ്യത്യസ്ത വംശമതധാരകള്‍ കൂടിചേര്‍ന്ന ജീവിതത്തെയും ഗോള്‍വാള്‍ക്കറെ പോലെ മൗദൂദിയും അംഗീകരിച്ചിരുന്നില്ല.
ഹിറ സെന്റര്‍, ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ ആസ്ഥാനം
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അമീര്‍ ആയിരുന്ന മൗലാനാഅബൂസലൈസ് ‘ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യം, മാര്‍ഗ്ഗം’ എന്ന കൃതിയില്‍ ഇക്കാര്യങ്ങളെല്ലാം അടിവരയിട്ട് പറയുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം താത്വികമായും കര്‍മപരമായും ദീനും സെക്യുലറിസവും പരസ്പരവിരുദ്ധമാണ്. അവ രണ്ടില്‍ ഏതെങ്കിലുമൊന്നിനോടുമാത്രം പൂര്‍ണബന്ധം സ്ഥാപിച്ച് മറ്റേതിനെ സന്തോഷത്തോടെ യാത്രയയക്കുകയാണ് വേണ്ടതെന്നാണ്.
ഒരേസമയത്ത് രണ്ട് ദൈവങ്ങളെ അനുസരിക്കുക സാധ്യമല്ലായെന്നു തന്നെയാണ് ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കുന്നത്. ഒന്നുകില്‍ ജനാധിപത്യം അല്ലെങ്കില്‍ മതാധികാരം. ജനാധിപത്യമെന്നത് ഇസ്‌ലാമില്‍ സാധ്യമല്ലായെന്നും മതാധികാരമാണ് ഇസ്‌ലാം അനുശാസിക്കുന്നതെന്നുമാണ് മൗദൂദിസ്റ്റുകള്‍ വിശ്വസിക്കുന്നത്. ജനാധിപത്യം, മതനിരപേക്ഷത, ദേശീയത തുടങ്ങിയ ആധുനികാശയങ്ങളെയെല്ലാം നിരാകരിക്കുന്ന മതാധികാര വ്യവസ്ഥയെക്കുറിച്ചുള്ളതാണ് മൗദൂദിയുടെ രാഷ്ട്രീയ സിദ്ധാന്തം.
അതുകൊണ്ടുതന്നെ ഗോള്‍വാള്‍ക്കറെ പോലെ മൗദൂദിയും സ്വാതന്ത്ര്യ സമരത്തെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്തു. മൗദൂദിയുടെ വീക്ഷണമനുസരിച്ച് ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം സാമ്രാജ്യത്വ ദൈവത്തെ കുടിയിറക്കി ജനാധിപത്യ ദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കാനുള്ളത് മാത്രമായിരുന്നു. അദ്ദേഹം എഴുതിയിരിക്കുന്നത് നോക്കൂ;
”സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വ ദൈവത്തെ കുടിയിറക്കി ജനാധിപത്യ ദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുകയാണെങ്കില്‍ മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം രണ്ടും തുല്യമാണ്. ലാത്തക്കു പകരം മനാത്ത വന്നുവെന്നുമാത്രം. ഒരു കള്ള ദൈവത്തിനുപകരം മറ്റൊരു കള്ള ദൈവം വന്നുവെന്നുമാത്രം. അസത്യത്തിനുള്ള അടിമത്വം അങ്ങനെതന്നെ നിലനില്‍ക്കുകയും ചെയ്തു. ഏത് മുസ്‌ലിമാണ് ഇതിന് സ്വാതന്ത്ര്യമെന്ന് പറയുക?” (മുസല്‍മാന്‍ ഔര്‍ മൗജുകാസിയാസി കശ്മശ്).
മൗദൂദി
ഇത് കുറേകൂടി കടുത്ത വര്‍ഗീയ വികാരത്തോടെ മൗദൂദി വിശദീകരിക്കുന്നു; ”ഇംഗ്ലീഷുകാരനായ അമുസ്‌ലിമില്‍ നിന്ന് ഇന്ത്യക്കാരനായ അമുസ്‌ലിമിലേക്ക് നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം. ആദ്യമേ ഞാന്‍ പറഞ്ഞതുപോലെ, മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല ഇത്തരമൊരു നീക്കം നടത്തുമ്പോള്‍ അത് മൂകമായി നോക്കിനില്‍ക്കുക എന്നതും മുസ്‌ലിമിന് ഹറാമാണ് (തഹരിക്കേ ആസാദി ഔര്‍ മുസല്‍മാന്‍ പേജ് 81).
ഖുതുബാത്തില്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി സമരം ചെയ്യുന്നവന്‍ കപട വിശ്വാസിയായിട്ടാണ് മൗദൂദി വിശേഷിപ്പിച്ചിട്ടുള്ളത്. ”പ്രജായത്തം നടപ്പില്‍ വരുത്താനായി സമരം ചെയ്യുന്ന കപടവിശ്വാസികളെക്കുറിച്ച് ഞാനെന്ത് പറയാനാണ്?” (ഖുതുബാത്ത്, പേജ് 14).
എത്രത്തോളം മൗലികവാദപരവും വിഭാഗീയവുമാണ് മൗദൂദിയുടെ ആശയങ്ങളെന്ന് വെളിവാക്കുന്നതാണ് വിദ്യാഭ്യാസത്തോടും സര്‍ക്കാര്‍ ഉദ്യോഗ പദവികളോടും തെരഞ്ഞെടുപ്പിനോടുമെല്ലാം അദ്ദേഹം എടുത്ത നിലപാടുകള്‍. അതിന്ന് ജമാഅത്ത് ഇസ്‌ലാമിക്കാര്‍ പോലും പറയാന്‍ മടിക്കുന്നതും കൗശലപൂര്‍വം മറച്ചുപിടിക്കുന്നതുമാണല്ലോ.
മനോരോഗ സമാനമായ വിഭാഗീയതയോടെ മൗദൂദി എഴുതുന്നത്; ”നിങ്ങളുടെ ആദര്‍ശം സത്യമാണെങ്കില്‍ മറ്റൊരു ദീനില്‍ നിന്നുകൊണ്ട് നിങ്ങള്‍ക്ക് സുഖനിദ്രപോലും വരികയില്ല. എന്നിട്ടല്ലേ ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുകയും ആ സേവനത്തില്‍ നിന്നും ലഭ്യമാകുന്ന ആഹാരം സന്തോഷത്തോടെ ഭക്ഷിക്കുകയും സസുഖം കാല്‍നീട്ടി ഉറങ്ങുകയും ചെയ്യുന്നത്?” (ഖുതുബാത്ത്).
1953 ഡിസംബര്‍ 15-ന്റെ പ്രബോധനം മൗദൂദിയുടെ ഈ നിലപാടിനെ വിശദീകരിച്ചുകൊണ്ട് എഴുതിയത്; ”ഇസ്‌ലാമികവിരുദ്ധമായ ഒരു ഭരണവ്യവസ്ഥക്ക് കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും മുറവിളി കൂട്ടുക എന്നതാവട്ടെ മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായ ഒരവസ്ഥയാണ്.”
1953 സെപ്തംബറിലെ പ്രബോധനം; ”ഒരനിസ്‌ലാമിക ഗവണ്‍മെന്റിന്റെ ജോലിയില്‍ നിന്നും ലഭിച്ച തൊണ്ടയില്‍ നിന്നും കീഴ്പ്പോട്ടിറക്കുന്ന റൊട്ടിക്കഷ്ണം പോലും ഹലാലും പരിശുദ്ധവുമാണോ അതല്ല, താഗൂത്തിന് സേവനം ചെയ്തു കരസ്ഥമാക്കിയതാണോ എന്നൊന്നും ഈ ‘മുത്തലികള്‍’ നോക്കുകയില്ല മറിച്ച്, അവരുടെ ദൃഷ്ടിയില്‍ പ്രാധാന്യമര്‍ഹിക്കുന്നത് ആ ഹറാമു തിന്നതിന് ശേഷം വെള്ളം ഇടതു കൈകൊണ്ടാണോ കുടിച്ചത് എന്നതിലാണ്.”
എന്തുമാത്രം ബാലിശവും നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാതെയുമുള്ള നിലപാടാണ് ജമാഅത്തെ ആചാര്യന്റേതെന്ന് സൂചിപ്പിക്കാനാണ് ഇതെല്ലാം ഇവിടെ ഉദ്ധരിച്ച് ചേര്‍ത്തിരിക്കുന്നത്. നിലനില്‍ക്കുന്ന വ്യവസ്ഥയോടുള്ള എതിര്‍പ്പല്ല ഒരുതരം മൗലികവാദ സ്വഭാവത്തോടെയുള്ള വംശീയതയാണ് മൗദൂദിയുടെ ഈ നിലപാടുകളിലെല്ലാം അന്തര്‍ലീനമായി കിടക്കുന്നത്.
സാര്‍വ്വലൗകികമായ മാനവികതയ്ക്കും മനുഷ്യവിമോചനത്തിനും വേണ്ടി നിലകൊള്ളുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളെയും പ്രസ്ഥാനങ്ങളെയും മൗദൂദി അങ്ങേയറ്റം ശത്രുതയോടെയും ഒരുതരം വംശീയ വിദ്വേഷത്തോടെയുമാണ് കാണുന്നത്. മാര്‍ക്സിനെയും അദ്ദേഹത്തിന്റെ ചിന്താ പദ്ധതികളെയും പറ്റി മൗദൂദിയുടെ നിലപാട് ഇങ്ങനെയായിരുന്നു;
”ഒരു ജര്‍മ്മന്‍ യഹൂദിയുടെ പ്രതികാരബുദ്ധിയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടതും റഷ്യയില്‍ തഴച്ച് വളര്‍ന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം.” മൗദൂദിക്ക് മതനിരപേക്ഷതയോടും ദേശീയതയോടും ജനാധിപത്യത്തോടുമെല്ലാം ഇതേ സമീപനം തന്നെയാണ്. ‘മതേതരത്വം, ദേശീയത്വം, ജനാധിപത്യം-ഒരു താത്വിക അവലോകനം’ എന്ന കൃതിയില്‍ മൗദൂദി എഴുതിയിരിക്കുന്നത് ദീര്‍ഘമാണെങ്കിലും ഇവിടെ ഉദ്ധരിക്കുന്നത് നന്നാകും. അദ്ദേഹം എഴുതുന്നു;
”മുസല്‍മാനെ സംബന്ധിച്ചിടത്തോളം, ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു; ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുമ്പില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനെ പുറകോട്ടുവലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടിപിടിക്കുകയാണെങ്കില്‍ നിങ്ങളുടെ കൊടി ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയര്‍ത്തലായിരിക്കും.
ഏതൊരു പരിശുദ്ധ ഇസ്‌ലാമിന്റെ പേരില്‍ മുസ്‌ലിങ്ങളെന്നു നിങ്ങള്‍ സ്വയം അവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥയുടെ ആത്മാവും തമ്മില്‍ തുറന്ന സമരത്തിലാണ്. അതിന്റെ മൗലികതത്വങ്ങളും ഇതിന്റെ മൗലികതത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘട്ടനമാണ്. അതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്‌ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്‌ലാം വെറും ജലരേഖയായിരിക്കും. ഇസ്‌ലാമിന് സ്വാധീനമുള്ള ദിക്കില്‍ ആ വ്യവസ്ഥക്ക് യാതൊരു സ്ഥാനവുമുണ്ടായിരിക്കില്ല.
നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തിരുദൂതനും ആവിഷ്‌ക്കരിച്ച ഇസ്‌ലാമിലാണ് യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍, നിങ്ങള്‍ എവിടെയായിരുന്നാലും ശരി, മതേതര ഭൗതികത്വത്തിലധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ത്ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത മതകര്‍ത്തവ്യം മാത്രമാകുന്നു. നിങ്ങള്‍ക്ക് പ്രത്യേക ജനതയെന്ന നിലയില്‍ സ്വാതന്ത്ര്യവും സ്വയംനിര്‍ണായവകാശവും ലഭിക്കുന്നേടത്ത് വിശേഷിച്ചും യഥാര്‍ത്ഥ ഇസ്‌ലാമിക വ്യവസ്ഥിതിക്കു പകരം, ഈ ‘കുഫ്ര്‍’ വ്യവസ്ഥയാണ് നിങ്ങള്‍ സ്വന്തം കരങ്ങള്‍ക്കൊണ്ട് നിര്‍വ്വഹിച്ചു നടത്തുന്നതെങ്കില്‍പ്പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല.” ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണല്ലോ. മാര്‍ക്സിസത്തെ മാത്രമല്ല മതേതരജനാധിപത്യ ആശയങ്ങളെയും ജമാഅത്തെ ഇസ്‌ലാമിയുടെ ആചാര്യന്‍ ഇസ്‌ലാമിനെതിരായ ഭീകര ഭൗതികത്വ ഗൂഢാലോചനയായിട്ടാണ് കാണുന്നത്.
ഇസ്‌ലാമിന്റെ പേരിലുള്ള എല്ലാ തീവ്രവാദ ഭീകര പ്രസ്ഥാനങ്ങളുടെയും ആശയപരമായ അടിവേരുകള്‍ കിടക്കുന്നത് മൗദൂദിയന്‍ ദര്‍ശനങ്ങളാണെന്ന നിരീക്ഷണം പല പണ്ഡിതരും നടത്തിയിട്ടുണ്ട്. ഇസ്‌ലാമിന്റെ ജ്ഞാനോത്സുകവും സാഹോദര്യപൂര്‍ണവുമായ ദര്‍ശനങ്ങളെ മൗദൂദി ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ വ്യാഖ്യാനങ്ങള്‍ നല്‍കി വികൃതപ്പെടുത്തുകയാണെന്നുള്ള വിമര്‍ശനമാണവര്‍ക്കുള്ളത്.
മതത്തിന്റെ കര്‍മ്മമാര്‍ഗമായി ജിഹാദിനെ പ്രതിഷ്ഠിക്കുകയാണ് മൗദൂദി ചെയ്തത്. ഒരു കയ്യില്‍ ഖുറാനും മറുകയ്യില്‍ വാളുമായി പടക്കളത്തിലിറങ്ങാനാണ് മൗദൂദി ആവശ്യപ്പെടുന്നത്. അനിസ്‌ലാമികരോട് യുദ്ധം ചെയ്യലാണ് ഇസ്‌ലാമെന്നും രണഭൂമിയില്‍ നിന്നും മാറിനില്‍ക്കുന്നവര്‍ക്ക് മതത്തില്‍ സ്ഥാനമില്ലെന്നുമാണ് മൗദൂദിയുടെ കല്‍പന.
ഇസ്‌ലാമിന്റെ സാധാരണ വിശ്വാസപരമായ അനുഷ്ഠാനങ്ങളെ പോലും ജിഹാദികള്‍ക്കുള്ള പരിശീലനമാണെന്നാണ് മൗദൂദിയുടെ വ്യാഖ്യാനം. സ്ത്രീകളുടെ അഭിമാനത്തെയും സ്വാതന്ത്ര്യത്തെയും കലയെയും സംഗീതത്തെയും ചോദ്യം ചെയ്യുന്ന അഫ്ഘാനിലെ പുരുഷാധികാര ഗോത്രമതാധികാരത്തെ സ്വാതന്ത്ര്യമായി കൊണ്ടാടുന്ന മൗദൂദിസ്റ്റുകള്‍ ഇസ്‌ലാമിന്റെ പേരില്‍ ഇവിടെ താലിബാനിസം ചെലവാക്കാന്‍ നോക്കേണ്ട.