സംഘികള്‍ വലിയ ദേശീയ വാദിയും ദേശ സേവകനുമായി അവതരിപ്പിക്കുന്ന ഗോള്‍വാക്കര്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നറിയാന്‍ നമ്മള്‍ ഗോള്‍വാക്കറുടെ ഔദ്യോഗിക ജീവചരിത്രകൃതി മാത്രം വായിച്ചാല്‍ മതിയാവും. അദ്ദേഹത്തെ സ്തുതിച്ചും വംശീയാധിഷ്ഠിതമായ അദ്ദേഹത്തിന്റെ ഹൈന്ദവ ദേശീയവാദത്തെ ആദര്‍ശവല്‍ക്കരിച്ചും തയ്യാറാക്കിയ ഗോള്‍വാള്‍ക്കറുടെ ജീവചരിത്രകൃതിയില്‍ നിന്നും എന്തുമാത്രം പ്രതിലോമപരവും വിദ്വേഷ പൂര്‍ണവുമായിരുന്നു ഗോള്‍വാക്കറുടെ ജീവിതവും ദര്‍ശനവുമെന്നും മനസിലാവും.
വായിച്ചെടുക്കാനാവും. ആര്‍.എസ്.എസ് പ്രസിദ്ധീകരിച്ച ‘ശ്രീ ഗുരുജി: ദി മാന്‍ ആന്റ് ദി മിഷന്‍’ എന്ന ജീവചരിത്ര ഗ്രന്ഥത്തില്‍ തന്നെ ഗോള്‍വാക്കറുടെ അത്യന്തം പ്രതിലോമപരമായ ദര്‍ശനപദ്ധതികളും ദേശീയസ്വാതന്ത്ര്യസമരത്തോട് അദ്ദേഹം സ്വീകരിച്ച വഞ്ചനാപരമായ നിലപാടുകളും നമുക്ക് വായിച്ചെടുക്കാനാവും.
ഗോള്‍വാള്‍ക്കര്‍
ഹൈന്ദവതയാണ് ദേശീയതയെന്നും ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് നേതൃത്വം കൊടുക്കുന്ന ദേശീയസ്വാതന്ത്ര്യസമര നേതാക്കള്‍ മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കുമെതിരെ സമരം ചെയ്യേണ്ട ഹിന്ദുസമാജത്തിന്റെ ശക്തി നഷ്ടപ്പെടുത്തിക്കളയുകയാണെന്നുമാണ് ഗോള്‍വാക്കറുടെ ധാരണയുംവിശ്വാസവും. ചരിത്ര വിരുദ്ധവും അശാസ്ത്രീയവുമായ ദേശീയ സങ്കല്പങ്ങളുയര്‍ത്തി പ്രാചീനതയുടെ കൂരിരുട്ടിലേക്ക് ഇന്ത്യന്‍ സമൂഹത്തെ തള്ളിവിടുന്നതായിരുന്നു ഗോള്‍വാക്കറിന്റെ ദര്‍ശന വിചാരങ്ങളെല്ലാം. മധ്യകാലിക ചാതുര്‍വര്‍ണ്യ മൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഹിന്ദുക്കളല്ലാത്ത (തൈവര്‍ണികരല്ലാത്ത) എല്ലാവരെയും ദേശീയ വിരുദ്ധരായി മുദ്രകുത്തി വേട്ടയാടാനുമാണ് സംഘികളുടെ ഗുരുജി ആവശ്യപ്പെട്ടത്.
1939ല്‍ ഗോള്‍വാക്കറുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘നമ്മള്‍ അഥവാ നമ്മുടെ ദേശീയത നിര്‍വ്വചിക്കപ്പെടുന്നു’വെന്ന കൃതി ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വംശീയ ഭീകരവാദി ഹിറ്റ്‌ലറുടെ നാസി സിദ്ധാന്തങ്ങളെയാണ് ആദര്‍ശ മാതൃകയായി അവതരിപ്പിക്കുന്നത്. ആര്യന്‍ വംശാഭിമാനത്തിന്റേതായ വംശശുദ്ധി സിദ്ധാന്തത്തെയാണ് ഇന്ത്യക്ക് മാതൃകയായ രാഷ്ട്ര സങ്കല്പമായി, സംസ്‌കാരിക ദേശീയതയായി ഈ ഭീകരവാദി അവതരിപ്പിക്കുന്നത്.
ഇന്ത്യക്ക് ഏറ്റവും ഉചിതമായ ആദര്‍ശം ഹിറ്റ്‌ലറുടെ നാസിസമാണെന്ന് പ്രഖ്യാപിച്ച ഗോള്‍വാള്‍ക്കര്‍ ജൂത വംശനാശത്തിലൂടെ ജര്‍മന്‍കാര്‍ വംശശുദ്ധി നിലനിര്‍ത്താന്‍ നടത്തിയ മാര്‍ഗ്ഗം പിന്തുടരണമെന്നാണ് ഉപദേശിക്കുന്നത്. അഹിന്ദുക്കളും ദളിതുകളും സ്ത്രീകളും യാതൊരുവിധ പൗരാവകാശങ്ങളും മനുഷ്യോചിതമായ പരിഗണനകളും അവകാശപ്പെടാനോ ആഗ്രഹിക്കാനോ പാടില്ലെന്ന തനി ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ചാതുര്‍വര്‍ണ്യമൂല്യങ്ങളെ അവലംബമാക്കിയാണ് തന്റെ സാംസ്‌കാരിക ദേശീയതാ സിദ്ധാന്തം അവതരിപ്പിക്കുന്നത്.
ഹിറ്റ്‌ലര്‍
കൊളോണിയല്‍ പാദസേവയിലും ബ്രാഹ്മണ്യത്തിലും അതിന്റെ അശ്ലീലകരമായ സംസ്‌കാരത്തിലും പുളകം കൊള്ളുന്ന ഗോള്‍വാക്കര്‍ വിചാരധാരയില്‍ എഴുതിയിരിക്കുന്നത്; ‘ഹിന്ദു മുസ്‌ലിം മൈത്രിയില്ലാതെ സ്വരാജില്ലെന്ന് പ്രഖ്യാപിച്ചവര്‍ നമ്മുടെ സമാജത്തിന് നേരെ ഏറ്റവും വലിയ ദ്രോഹമാണ് പ്രവര്‍ത്തിച്ചത്. ഈ മഹത്തായ പ്രാചീന ജനതയുടെ ജീവചൈതന്യത്തെ നശിപ്പിക്കുകയെന്ന ഏറ്റവും നീചമായ കൃത്യമാണവര്‍ ചെയ്തത്. പൗരുഷ പൂര്‍ണമായ മഹത്തായൊരു ജനതയുടെ ജീവചൈതന്യവും ആത്മവിശ്വാസവും തകര്‍ക്കുന്നതിന് സമാന്തരമായി വേറൊന്ന്, വഞ്ചനയുടെ അളവ് വെച്ചു നോക്കിയാല്‍ ലോക ചരിത്രത്തില്‍ തന്നെ കാണുകയില്ല.’
എന്താണ് ഗോള്‍വാക്കര്‍ രോമാഞ്ചം കൊള്ളുന്ന ഈ പൗരുഷ പൂര്‍ണമായ ആ മഹദ് ജനതയും അവരെ നയിച്ച തത്വശാസ്ത്രവും. ചാതുര്‍വര്‍ണ്യ വ്യവസ്ഥയും യാഗയജ്ഞ സംസ്‌കാരവുമാണത്. നിര്‍ദ്ദയവും മനുഷ്യത്വരഹിതവുമായ ബാഹ്മണാധികാര വ്യവസ്ഥയെയാണ് ഗോള്‍വാക്കര്‍ പുകഴ്ത്തുന്നത്. ബ്രാഹ്മണന് എല്ലാവിധ ഭൗതികസൗഭാഗ്യങ്ങളും പ്രദാനം ചെയ്യുകയും തൈവര്‍ണ്ണികര്‍ക്ക് താഴെയുള്ളവര്‍ കൊടിയ ചൂഷണത്തിനും വിവേചനങ്ങള്‍ക്കും വിധേയരായി കഴിയേണ്ടി വരുന്ന വ്യവസ്ഥയെയാണ് ഗോള്‍വാക്കര്‍ ഒരു മനു വാദിക്ക് സഹജമാം വിധം വാഴ്ത്തുന്നത്. സഹജീവികളായ മനുഷ്യരെ മൃഗസമാനരായി കാണുകയും അടിച്ചമര്‍ത്തുകയും ചെയ്തവ്യവസ്ഥയാണ് ഗോള്‍വാക്കുടെ മഹദ് വ്യവസ്ഥ.
ഗോള്‍വാള്‍ക്കര്‍
പാവങ്ങളെ അന്ധവിശ്വാസങ്ങളിലും അജ്ഞതയിലും തളച്ചിട്ട ധര്‍മ്മശാസ്ത്രങ്ങളെയാണ് ഈ പ്രാചീനതയുടെ സുവിശേഷകന്‍ മഹത്വവല്‍ക്കരിച്ചു സാധൂകരിച്ചു നിര്‍ത്തുന്നത്. ഗോള്‍വാക്കാര്‍ ആദര്‍ശവല്‍ക്കരിക്കുന്ന പ്രാചീനസംസ്‌കൃതി ബ്രാഹ്മണ അധീശത്വത്തിന് വേണ്ടി രചിക്കപ്പെട്ട ധര്‍മ്മസംഹിതകളിലധിഷ്ഠിതമായ സാഹിത്യങ്ങളാണ്. ധര്‍മ്മസൂത്രങ്ങള്‍ എന്ന പേരില്‍ ബ്രാഹ്മണര്‍ പടച്ചുവിട്ട സാഹിത്യങ്ങളെല്ലാം ബ്രാഹ്മണരെ ഭൂമിയിലെ നിത്യസവര്‍ണരും നിത്യസംപൂജ്യരും നിത്യദൈവങ്ങളുമായി ചിത്രീകരിക്കുന്നവയായിരുന്നു. സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങളായ മഹാ ഭൂപരിക്ഷത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തി നിര്‍ത്തിയ ധര്‍മ്മശാസ്ത്രങ്ങളെയും യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്ത ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുമാണ് സംഘികളുടെ ഗുരുജി മഹത്തായ സംസ്‌കരമായി കൊണ്ടാടാനും അതിനെതിരെ ചിന്തിക്കുന്നവരെ നീചകൃത്യം ചെയ്യുന്നവരായി കാണാനും ഉദ്‌ബോധിപ്പിക്കുന്നത്.
വംശശുദ്ധിവാദവും ബ്രാഹ്മണാധിപത്യവും നിലനിര്‍ത്താന്‍ ഫ്യൂഡല്‍ ബ്രാഹ്മണ്യം അടിച്ചേല്പിച്ച ബ്രാഹ്മണന്റെ ആദ്യരാത്രി അവകാശത്തെ വരെ ന്യായീകരിക്കുകയാണ് ഈ സുവോളജി പ്രൊഫസര്‍ ചെയ്തിട്ടുള്ളത്. അന്ധവിശ്വാസങ്ങളെയും അശ്ലീലകമായ യജ്ഞയാഗ സംസ്‌കാരങ്ങളെയും ശാസ്ത്രീയമായും മനുസ്മൃതിയുടെ മതത്തിന് കീഴ്‌പ്പെടണം ശാസ്ത്രമെന്ന് വാദിക്കുകയുമാണ് ഗോള്‍വാക്കറെന്ന ഈ ഗുരുജി തന്റെ ജീവിതത്തിലുടനീളം ചെയ്തത്.
സസ്തനികളുടെ ശരീരത്തില്‍ പാലും മാംസവും രൂപപ്പെടുന്നത് ഒരേ ജീവശാസ്ത്ര പ്രക്രിയയിലൂടെയാണെന്ന വിഖ്യാത ഇന്ത്യന്‍ ജീവ ശാസ്ത്രജ്ഞന്‍ ഡോ.പി. എം ഭാര്‍ഗവയുടെ വാദങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിത്തെറിക്കുകയും ശാസ്ത്രമല്ല ഒരു ജനതയുടെ സംസ്‌കാരമാണ് പ്രശ്‌നമെന്ന് ആക്രോശിക്കുകയും ചെയ്ത ശാസ്ത്ര വിരോധിയാണ് ഈ ഗോള്‍വാക്കര്‍. ജീവ ശാസ്ത്രധാരണകളെ സംസ്‌കാര വിരുദ്ധമാണെന്ന് പറഞ്ഞു തള്ളിക്കളയണമെന്ന് ഗോവധ നിരോധനം പരിശോധിക്കാന്‍ നിയോഗിച്ച കമ്മീഷനെ ഭീഷണി സ്വരത്തില്‍ ഉപദേശിച്ചയാളാണ് ഈ ഗുരുജിയെന്ന കാര്യം എത്ര പേര്‍ക്കറിയാം. ഡോ.വര്‍ഗീസ് കുര്യന്‍ (അമൂല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്) അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.
ഡോ.വര്‍ഗീസ് കുര്യന്‍
ശാസ്ത്രവിരുദ്ധനും വംശീയഭീകരവാദിയുമായ ഒരാള്‍. മാത്രവുമല്ല വിഭജനകാലത്തെ വര്‍ഗീയ കലാപങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും പ്രേരണ നല്‍കിയ ഹിന്ദുത്വവാദി, സ്വാതന്ത്ര്യനാന്തരം കാശ്മീരിലെ ദ്രോഗ്ര രാജാവിനൊപ്പം ചേര്‍ന്നു നാട്ടുരാജ്യങ്ങളുടെ സംയോജനത്തെ എതിര്‍ത്തൊരാള്‍, ഗോവധ പ്രശ്‌നമുയര്‍ത്തി വര്‍ഗീയ കലാപങ്ങള്‍ക്ക് എണ്ണ പകര്‍ന്നൊരാള്‍. രാഷ്ട്രപിതാവിന്റെ വധത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട ഒരാള്‍. അങ്ങനെയൊരാളുടെ നാമം ഒരു ശാസ്ത്ര ഗവേഷണസ്ഥാപനത്തിന് നല്‍കുന്നതിലെ അനൗചിത്യവും ജനാധിപത്യവിരുദ്ധതയും മനസിലാക്കാതെ പോവരുത്. കേന്ദ്ര ആരോഗ്യ വകുപ്പ് ഈയൊരു നീക്കത്തിലൂടെ ജനങ്ങളുടെ സംസ്‌കാരത്തെയും പ്രബുദ്ധതയെയും പരിഹസിക്കുകയാണ് ചെയ്യുന്നത്.