തിരുവനന്തപുരം: ബസുകളുടെ അമിതവേഗത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനും തുറന്ന കത്തുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. കഴിഞ്ഞ ദിവസം തനിക്കുണ്ടായ അനുഭവം പങ്കുവെച്ചുള്ളതാണ് നടന്റെ തുറന്ന കത്ത്.
‘ഭാഗ്യമാണോ, അമ്മയുടെയും അച്ഛന്റെയും പ്രാര്‍ത്ഥനയാണോ, അല്ല മറ്റ് എന്തെങ്കിലും അത്ഭുതം ആണോ എന്നറിയില്ല… അപകട മരണം സംഭവിച്ചില്ല’ എന്നാണ് സന്തോഷ് കീഴാറ്റൂര്‍ കത്തില്‍ പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തളിപ്പറമ്പില്‍ നിന്നും കണ്ണൂരിലേക്ക് ഒരു പ്രൈവറ്റ് ബസില്‍ പോകുന്നതിന്നിടെയുണ്ടായ അനുഭവമാണ് സന്തോഷ് കത്തില്‍ ചൂണ്ടിക്കാട്ടിയത്. വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും മനുഷ്യജീവന് ഒരു വിലയും കല്‍പ്പിക്കാത്ത, മുതലാളിക്ക് വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി ചില ഡ്രൈവര്‍മാര്‍ ഇപ്പോഴും നമ്മുടെ നിരത്തുകളില്‍ നിര്‍ജീവം പരിലസിക്കുകയാണെന്നും നടന്‍ ചൂണ്ടിക്കാട്ടി.
കണ്ണൂരില്‍ നിന്നും തിരിച്ച് കെ.എസ്.ആര്‍.ടി.സി ബസിലാണ് യാത്ര ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട എന്ന് പറഞ്ഞത് പോലെ അതുക്കും മേലെ സൈക്കോ ജീവനക്കാര്‍ എന്നും സന്തോഷ് വിമര്‍ശിച്ചു.
ഈ കത്ത് എല്ലാ ബസ് ജീവനക്കാരെയും കുറ്റപ്പെടുത്തുന്നതല്ലെന്നും മാന്യമായി തൊഴില്‍ ചെയ്യുന്നവരും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് കളങ്കം വരുത്തുന്നത് കുറച്ച് സൈക്കോ ജീവനക്കാരാണെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. ഇവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്നവര്‍ക്ക് നമ്മുടെ പൊതുഗതാഗതം നല്ല സൗകര്യങ്ങള്‍ ചെയ്ത് നല്‍കണമെന്നും സന്തോഷ് അഭ്യര്‍ത്ഥിച്ചു. ജനങ്ങളാണ് സര്‍ക്കാര്‍, സമയം കുറവാണെന്ന് പറഞ്ഞുകൊണ്ടുള്ള മത്സരയോട്ടം കെ.എസ്.ആര്‍.ടി.സി എങ്കിലും മതിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴും കാറില്‍ യാത്ര ചെയ്യാന്‍ പറ്റില്ലെന്നും മനുഷ്യന്‍മാരെ കണ്ടും ചുറ്റുപാടുകളെ കണ്ടും പൊതു ഗതാഗത സൗകര്യം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന്റെ അപേക്ഷയാണെന്ന് ഈ തുറന്ന കത്തെന്നും അദ്ദേഹം പറഞ്ഞു.
‘അത്യന്തം ഭീകരമായ ഒരു പൊതുവിഷയം തുറന്നെഴുതിയപ്പോള്‍ അതിനെതിരെ മോശമായ ഭാഷയില്‍ പ്രതികരിക്കുന്ന മനസുകള്‍ ദുരന്തമാണ്,’ എന്നാണ് സന്തോഷ് കീഴാറ്റൂര്‍ പ്രതികരിച്ചത്.
Content Highlight: KSRTC should at least reduce speeding; Santosh Keezhatoor with an open letter to the Chief Minister