പ്രിയപ്പെട്ട രവി ഡി.സി, തന്റെ കവിതകളുടെ ആജീവനാന്ത റോയല്‍റ്റി ഒറ്റത്തുകയായി കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാനാകുമോ ? കവി. കെ.ആര്‍ ടോണി
Kathua gangrape-murder case
പ്രിയപ്പെട്ട രവി ഡി.സി, തന്റെ കവിതകളുടെ ആജീവനാന്ത റോയല്‍റ്റി ഒറ്റത്തുകയായി കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാനാകുമോ ? കവി. കെ.ആര്‍ ടോണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th April 2018, 9:19 am

തൃശ്ശൂര്‍: കത്‌വയില്‍ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് തന്റെ കവിതകളുടെ മുഴുവന്‍ വരുമാനവും കൊടുക്കുമെന്ന് പ്രഖ്യാപിച്ച് കവി. കെ.ആര്‍ ടോണി. ഫേസ്ബുക്കില്‍ രവി ഡിസിക്കെഴുതിയ തുറന്ന കത്തിലാണ് ഇതുവരെ എഴുതിയ കവിതകളുടെയും ഇനി പ്രസിദ്ധീകരിക്കാനിരിക്കുന്ന കവിതകളുടെയും റോയല്‍റ്റി പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

തന്റെ എല്ലാ പുസ്തകങ്ങളുടെയും എന്നെന്നേക്കുമായുള്ള പ്രതിഫലമെന്ന് കണക്കാക്കി 5 ലക്ഷം രൂപയെങ്കിലും പെണ്‍കുട്ടിയുടെ കുടുംബത്തിന് കൊടുക്കാന്‍ സാധിക്കുമോയെന്നും മകളുടെ പ്രായമുള്ള ആ കുഞ്ഞിനെ കൊന്നവരെ തൂക്കിക്കൊല്ലും വരെ തനിക്ക് ഉറക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.


ബലാത്സംഗം എന്തെന്നു പോലും അറിയാത്ത കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. ഞാനിത്രയും കാലം കവിതയെഴുതിയിട്ടും മാനുഷികതക്ക് ഒരു മികവും ഉണ്ടായില്ലെന്ന് കാലം തെളിയിച്ചില്ലേ? പിന്നെന്തിനാണ് കവിത. എന്നിക്കിനി കവിത വേണ്ട. നമ്മള്‍ ജീവിക്കാനര്‍ഹരല്ല, ഒരു ചെറു പ്രായശ്ചിത്തം എന്ന നിലയിലെങ്കിലും താന്‍ പറഞ്ഞത് രവി ഡി.സി കേള്‍ക്കണമെന്നും കെ.ആര്‍ ടോണി പറയുന്നു.

മികച്ച കവിതക്കുള്ള 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം ലഭിച്ച കെ.ആര്‍ ടോണിയുടെ എന്റെ അന്ധകാണ്ഡം, ദൈവപ്പാതി ,ഓ ! നിഷാദാ! പ്ലമേനമ്മായി, യക്ഷിയും മറ്റും ,പ്രസിദ്ധീകരിക്കാന്‍ പോകുന്ന ഡ്രാക്കുളയും കുട്ടിച്ചാത്തനും തുടങ്ങിയ കൃതികളെല്ലാം ഡി.സി ബുക്ക്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ രവി ഡി.സി,

എന്റെ അന്ധകാണ്ഡം, ദൈവപ്പാതി ,ഓ ! നിഷാദാ! പ്ലമേനമ്മായി, യക്ഷിയും മറ്റും ,പ്രസിദ്ധീകരിക്കാന്‍ പോകുന്ന ഡ്രാക്കുളയും കുട്ടിച്ചാത്തനും എന്നീ കവിതാ സമാഹാരങ്ങളുടെയൊക്കെ പ്രസാധകര്‍ നിങ്ങളാണല്ലോ? അതിന്റെയൊക്കെ ആജീവനാന്ത റോയല്‍റ്റി നിങ്ങള്‍ക്ക് ഞാന്‍ outright ആയി വില്‍ക്കുന്നു “ഇനി പ്രസിദ്ധീകരിക്കാനിരിക്കുന്ന എല്ലാറ്റിന്റെയും അവകാശം വില്‍ക്കുന്നു. ആയതിന്റെ പ്രതിഫലമായി എനിക്കു കിട്ടാവുന്ന അഞ്ചു ലക്ഷം രൂപയെങ്കിലും ജമ്മു കാശ്മീരില്‍ കൊല ചെയ്യപെട്ട എട്ടുവയസുകാരിയുടെ കുടുംബാംഗങ്ങള്‍ക്കു നല്‍കുക .എനിക്കു കിട്ടേണ്ടുന്ന റോയല്‍റ്റിയെല്ലാം കണക്കാക്കി 5 ലക്ഷം രൂപയെങ്കിലും അവര്‍ക്കു കൊടുക്കുക. എനിക്കിനി ജീവിക്കണ്ട. എന്റെ മോളുടെപ്രായമുള്ള ആ കുഞ്ഞിനെ കൊന്നവരെ തൂക്കിക്കൊല്ലം വരെ എനിക്കുറക്കമില്ല. കൊന്നാലും എനിക്കുറക്കമില്ല.ബലാത്സംഗം എന്തെന്നു പോലും അറിയാത്ത കുഞ്ഞാണത്. ആ കുഞ്ഞിന്റെ വീട്ടുകാര്‍ക്കായി എന്റെ എല്ലാ പുസ്തകങ്ങളുടെയും എന്നെന്നേക്കുമായുള്ള പ്രതിഫലമായി 5 ലക്ഷം രൂപയെങ്കിലും നിങ്ങള്‍ക്ക് ഉടനെ കൊടുക്കുവാനാകുമോ? ഞാനിത്രയും കാലം കവിതയെഴുതിയിട്ടും മാനുഷികതക്ക് ഒരു മികവും ഉണ്ടായില്ലെന്ന് കാലം തെളിയിച്ചില്ലേ? പിന്നെന്തിനാണ് കവിത .എനിക്ക് നെഞ്ചില്‍ ഒരസ്വാസ്ഥ്യം രവി. രവിക്ക് എന്നേക്കാള്‍ പ്രായം കുറവാണ്. എന്റെ വാക്കു കേള്‍ക്കുക എന്നിക്കിനി കവിത വേണ്ട ജിവിക്കാനര്‍ഹരല്ല നാം. ഒരു ചെറു പ്രായശ്ചിത്തം എന്ന നിലയിലെങ്കിലും ഞാന്‍ പറഞ്ഞതു ചെയ്യുക — സസ്‌നേഹം— കെ.ആര്‍. ടോണി