Advertisement
Daily News
പുരുഷന് സുഖിക്കാന്‍ മാത്രമുള്ള ഉപഭോഗ വസ്തുവാണ് ഇന്നത്തെ സ്ത്രീ: ഇന്നും അവള്‍ അടിമ തന്നെ : ഗൗരിയമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Oct 30, 04:23 am
Sunday, 30th October 2016, 9:53 am

മുമ്പ് കേരളത്തില്‍ സ്ത്രീകള്‍ കൂടുതല്‍ ശക്തരായിരുന്നു. അതിന് കാരണം ഇവിടത്തെ മരുമക്കത്തായമായിരുന്നു. അന്ന് സ്വത്തവകാശം സ്ത്രീകള്‍ക്കായിരുന്നു.


ആലപ്പുഴ: സ്ത്രീകള്‍ ഇന്ന് വെറും ഉപഭോഗവസ്തു മാത്രമാണെന്ന് ജെ.എസ്.എസ് നേതാവും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകയുമായ കെ.ആര്‍ ഗൗരിയമ്മ. മുന്‍പ് കേരളത്തിലെ സ്ത്രീകള്‍ കൂടുതല്‍ ശക്തരായിരുന്നെന്നും എന്നാല്‍ ഇന്നത്തെ കാലത്ത് സ്ത്രീകള്‍ അടിമകളായി മാറിയെന്നും ഗൗരിയമ്മ പറയുന്നു. മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ഗൗരിയമ്മയുടെ പരാമര്‍ശം

ഇന്നു സ്ത്രീ വെറും ഉപഭോഗവസ്തുവാണ്. പുരുഷനു സുഖിക്കാനുള്ള വസ്തു. പ്രസവം സ്ത്രീകള്‍ മാത്രം ചെയ്യുവോളം അവള്‍ പുരുഷന്റെ അടിമയായിരിക്കും.

കുട്ടികളെ നോക്കിവളര്‍ത്തുന്ന ഉത്തരവാദിത്വം എന്നും സ്ത്രീകളിലാണ്. ഈ ആത്മാര്‍ഥത സ്ത്രീകള്‍ക്കല്ലേ ഉള്ളൂ. പുരുഷന്‍ പ്രസവിക്കണമെന്നല്ല പറഞ്ഞതിനര്‍ഥം. പക്ഷേ, കുട്ടികളെ നോക്കാനുള്ള ഉത്തരവാദിത്വം പുരുഷനും ഉണ്ടാവണമെന്നും ഗൗരിയമ്മ പറയുന്നു.

മുമ്പ് കേരളത്തില്‍ സ്ത്രീകള്‍ കൂടുതല്‍ ശക്തരായിരുന്നു. അതിന് കാരണം ഇവിടത്തെ മരുമക്കത്തായമായിരുന്നു. അന്ന് സ്വത്തവകാശം സ്ത്രീകള്‍ക്കായിരുന്നു. പെണ്‍വഴിയായിരുന്നു സ്വത്തിന്റെ സഞ്ചാരം. പക്ഷേ, അന്നത്തെ പെണ്ണുങ്ങള്‍ക്കന്ന് വിദ്യാഭ്യാസമില്ലായിരുന്നു.

വീടിന് പുറത്ത് ഇറങ്ങുകയുമില്ല. അതുകാരണം ഭരണം കാരണവന്മാര്‍ക്കായിരുന്നു. സ്ത്രീകള്‍ പില്‍ക്കാലത്ത് ചൂഷണം ചെയ്യപ്പെടുകയായിരുന്നു എന്നും ഗൗരിയമ്മ പറയുന്നു.

തനിക്ക് 22 വയസായപ്പോഴാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും അര്‍ധരാത്രിയില്‍ വീട്ടില്‍ വന്നുകയറുന്ന സമയത്ത് ഒരിക്കല്‍പോലും ഒരു തരത്തിലുള്ള പ്രശ്‌നവും നേരിടേണ്ടി വന്നിട്ടില്ലെന്നും ഗൗരിയമ്മ പറയുന്നു.

അന്നു സ്ത്രീകള്‍ക്ക് പൊതുരംഗത്ത് ആദരം കിട്ടിയിരുന്നു. ഇന്നു സ്ത്രീകള്‍ വില്പനച്ചരക്കായി.  കല്യാണക്കമ്പോളത്തില്‍ ചോദിക്കുന്നത് ഈ പെണ്ണിനെ കെട്ടിയാല്‍ എനിക്കെന്തു തരുമെന്നാണ്. സ്ത്രീയാകണമെന്നില്ല, സ്ത്രീയെപ്പോലെ വേഷം കെട്ടിയാല്‍പ്പോലും പീഡിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നെന്നും ഗൗരിയമ്മ പറയുന്നു.

മന്ത്രിയും ജഡ്ജിയും പോലീസ് ഓഫീസറും ജനപ്രതിനിധിയുമൊക്കെയായിരിക്കാം സ്ത്രീ. പക്ഷേ, എവിടെയും അവള്‍ സുരക്ഷിതയല്ലെന്നും ഗൗരിയമ്മ പറയുന്നു.

എല്ലാകാലത്തും രാഷ്ട്രീയത്തിലും പുറത്തും നല്ലതും ചീത്തയുമുണ്ട്. എന്നാല്‍  മുമ്പ് ചീത്തയാളുകളെ ഒറ്റപ്പെടുത്തുമായിരുന്നു എങ്കില്‍ ഇന്ന് അത്തരക്കാരെയും ചുമക്കാന്‍ ആളുണ്ടെന്നും ഗൗരിയമ്മ പറയുന്നു.