പുതിയ നേതൃത്വം വന്ന ശേഷം ആളെ നോക്കി നീതി നടപ്പാക്കുന്നു; പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല: കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിച്ച് അനില്‍ കുമാര്‍
കൊച്ചി: കോണ്‍ഗ്രസില്‍ നിന്നും രാജി പ്രഖ്യാപിച്ച് കെ.പി. അനില്‍ കുമാര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും ഇനിയും പാര്‍ട്ടിയില്‍ തുടരില്ലെന്നും കെ.പി. അനില്‍ കുമാര്‍ പറഞ്ഞു
നാലാം ക്ലാസില്‍ തുടങ്ങിയതാണ് തന്റെ കോണ്‍ഗ്രസ് രാഷ്ട്രീയം. താന്‍ അധ്യക്ഷനായിരിക്കെ യൂത്ത് കോണ്‍ഗ്രസിനെ ഗ്രൂപ്പില്ലാതെ കൊണ്ടുനടന്നു. അഞ്ച് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും പാര്‍ട്ടി തന്നില്ല. 2016 ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചു. അഞ്ച് വര്‍ഷം മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചിട്ടും സീറ്റ് നല്‍കിയില്ല. അന്ന് താന്‍ യാതൊരു പ്രതിഷേധവും രേഖപ്പെടുത്തിയില്ല.
നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. 2016 ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചപ്പോഴും ബഹളമുണ്ടാക്കിയിരുന്നില്ല. അച്ചടക്കലംഘനം നടത്തിയില്ലെന്ന് കാണിച്ച് നല്‍കിയ വിശദീകരണത്തിന് കോണ്‍ഗ്രസില്‍ നിന്നും മറുപടി ലഭിച്ചില്ലെന്നും അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
”ഏഴ് ദിവസത്തിനകം മറുപടി കൊടുക്കണമെന്ന് അവര്‍ നോട്ടീസില്‍ പറഞ്ഞു. ആറാമത്തെ ദിവസം ഞാന്‍ മറുപടി കൊടുത്തു. ഇന്ന് 11 ദിവസമായി. സ്വാഭാവികമായും ഞാന്‍ ഈ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പട്ട സ്ഥാനത്തിരിക്കുന്ന ആളായതുകൊണ്ട് കെ.പി.സി.സി പ്രസിഡന്റോ നേതൃത്വത്തിലുള്ള ആരെങ്കിലുമോ വിശദീകരണം തൃപ്തികരമാണെന്നോ അല്ലെന്നോ പറയേണ്ടതുണ്ട്. എന്നാല്‍ ഇതുവരെ അവര്‍ അതിന് തയ്യാറായിട്ടില്ല. ഇത് ദുഖകരമായ സത്യമാണ്.
വിശദീകരണം തൃപ്തകരമല്ലെങ്കില്‍ അത് പറയാം. അപ്പോള്‍ പാര്‍ട്ടിക്കകത്ത് പുതിയ നേതൃത്വം വന്ന ശേഷം ആളെ നോക്കി നീതി നടപ്പാക്കുന്ന സ്ഥിതി വിശേഷം ഉണ്ടായിരിക്കുകയാണ്.
ഈ അവസ്ഥയിലാണ് ഞാന്‍ നിങ്ങളെ കാണുന്നത്. ഈ പാര്‍ട്ടിക്കകത്ത് നീതി നിഷേധിക്കപ്പെടും എന്ന് ഉത്തമബോധ്യമുള്ളതുകൊണ്ട് എന്റെ രക്തത്തിന് വേണ്ടി, എന്റെ തലയറുക്കാന്‍ വേണ്ടി കാത്തിരിക്കുന്നവരാണ് നേതൃത്വത്തില്‍ ഉള്ളത് എന്ന് അറിയുന്നതുകൊണ്ട് അങ്ങനെ പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഞാന്‍ തയ്യാറല്ലാത്തതുകൊണ്ട് ഞാന്‍ പാര്‍ട്ടിയുടെ, 43 വര്‍ഷത്തെ എന്റെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു.
ഞാന്‍ ജനിച്ചുവീണത് കോണ്‍ഗ്രസിനകത്താണ്. എന്റെ ശ്വാസവും രക്തവും കോണ്‍ഗ്രസാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അല്ലാത്ത മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കാന്‍ സാധിക്കാത്ത ഞാന്‍ എന്റെ മനസില്‍ ഒരുപാട് വേദനയുള്ളപ്പോഴും, എന്റെ ആയുസിന്റെ മുക്കാല്‍ ഭാഗത്തോളം അധികം ഞാന്‍ പ്രവര്‍ത്തിച്ച, എനിക്ക് പരിചയമുള്ള എന്നെ സ്‌നേഹിക്കുന്ന ആളുകളുള്ള എന്റെ വിയര്‍പ്പ് ഞാന്‍ സംഭാവന ചെയ്ത പ്രസ്ഥാനത്തോട് വിടപറയുന്നു.
ഇന്നത്തോടുകൂടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണ്. ഇന്ന് രാവിലെ 8 മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും കെ.പി.സി.സി അധ്യക്ഷന്‍ സുധാകരനും ഞാന്‍ എന്റെ രാജിക്കത്ത് മെയില്‍ അയച്ചിട്ടുണ്ട്, കെ.പി. അനില്‍ കുമാര്‍ പറഞ്ഞു.