കോഴിക്കോട്: കൂടുതല്‍ പേരില്‍ നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് എട്ട് പേര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ കാണിച്ചതായി അറിയിച്ചത്.
251 പേരാണ് ആകെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇന്നലെ അത് 188 ആയിരുന്നു. ഇതില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ 32 പേരാണ് ഉള്ളത്. നിലവില്‍ ഇവര്‍ ആശുപത്രിയിലാണ്.
ഇതില്‍ എട്ട് പേരുടെ പരിശോധനാഫലമാണ് ഇനി പൂനെയില്‍ നിന്ന് വരാനുള്ളത്. 12 മണിക്കൂറിനകം ഫലം എത്തുമെന്നാണ് അറിയുന്നത്.
കുട്ടിയുടെ അമ്മയ്ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായിരുന്നു നേരത്തെ രോഗലക്ഷണമുണ്ടായിരുന്നത്. ഇന്ന് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് പുതിയ പട്ടിക പുറത്തുവിട്ടത്.
ആറ് പേര്‍ കൂടി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുവെന്നാണ് അധികൃതകര്‍ അറിയിച്ചത്. നേരത്തെ പ്രാഥമിക പട്ടികയില്‍ ഉണ്ടായിരുന്ന 20 പേരെയായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. ഇപ്പോള്‍ 12 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ വ്യക്തമാക്കി.
പുതുതായി രോഗലക്ഷണം പ്രകടിപ്പിച്ച ആറ് പേര്‍ ആരാണെന്ന് വ്യക്തമല്ല. കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനായി ആരോഗ്യമന്ത്രി തന്നെ മാധ്യമങ്ങളെ കാണുമെന്നാണ് അറിയുന്നത്.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടിക നീളുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുകയാണെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
നിലവില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗ നിയന്ത്രണം സാധ്യമാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് ചികിത്സയെ ബാധിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടിയുമായി അടുത്ത സമ്പര്‍ക്കമുള്ള ഏഴ് പേരുടെ പരിശോധനാഫലം വൈകീട്ടോടെ ലഭിക്കും. കുട്ടിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിന് അസുഖം ബാധിച്ചതിന് നിപയുമായി ബന്ധമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പ്രദേശത്ത് കേന്ദ്ര സംഘത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധര്‍ സംസ്ഥാനത്തെത്തും. മൃഗസാമ്പിളുകള്‍ പരിശോധിക്കാന്‍ എന്‍.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിപയുടെ പ്രാഥമിക ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ പരിശോധിക്കുന്നതിന് നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള പരിശീലനം ആശ വര്‍ക്കര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കും. സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐ.എം.എയുടെ സഹായത്തോടെ പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു.