കുട്ടികള്‍ക്കുള്ള കൊവൊവാക്‌സ് വാക്‌സിന്‍ 6 മാസത്തിനുള്ളില്‍; അഡാര്‍ പൂനവാല
India
കുട്ടികള്‍ക്കുള്ള കൊവൊവാക്‌സ് വാക്‌സിന്‍ 6 മാസത്തിനുള്ളില്‍; അഡാര്‍ പൂനവാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th November 2021, 6:51 pm

 

ന്യൂദല്‍ഹി: ഇന്ത്യയിലെ കുട്ടികള്‍ക്ക് കൊവൊവാക്‌സ് കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാര്‍ പൂനവാല. കൊവിഷീല്‍ഡിന് പകരം ആറ് മാസത്തിനുള്ളില്‍ കൊവൊവാക്‌സ് വാക്‌സിന്‍ ലഭ്യമാകുമെന്ന് അദ്ദേഹം എന്‍.ഡി.ടി.വിയോട് പറഞ്ഞു.

വാക്‌സിന്റെ ട്രെയല്‍ നടക്കുന്നുണ്ടെന്നും ഇതുവരെ സുരക്ഷ പ്രശ്‌നങ്ങളൊന്നുമില്ല, ഏഴ് വയസുവരെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനാണ് പരീക്ഷണ ഘട്ടത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കൊവൊവാക്‌സ് കുത്തിവയ്പ്പ് നല്‍കുമെന്നും കൊവൊവാക്‌സിന്റെ ധാരാളം സ്റ്റോക്ക് ഉണ്ടെന്നും ഇത് ഇന്ത്യയിലും ലോകമെമ്പാടും ലഭ്യമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോള്‍, യാത്രാ ആവശ്യങ്ങള്‍ക്കായി കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കേണ്ടി വരുന്നതിനാല്‍ ഇന്ത്യക്കാര്‍ കൊവൊവാക്‌സ് എടുക്കണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനാല്‍, പുറം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ മുതിര്‍ന്നവര്‍ കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കണം,’അദ്ദേഹം പറഞ്ഞു.

കോമോര്‍ബിഡിറ്റികളുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ കൊവിഡ് ടാസ്‌ക് ഫോഴ്സ് ചെയര്‍മാന്‍ ഡോ. എന്‍.കെ അറോറ പറഞ്ഞിരുന്നു. ആരോഗ്യമുള്ള കുട്ടികള്‍ക്ക് 2022 ന്റെ ആദ്യ പാദത്തില്‍ വാക്‌സിനുകള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കായി സൈഡസ് കാഡിലയുടെ ത്രീ-ഡോസ് വാക്‌സിന്‍ അംഗീകരിച്ചിരുന്നു. പ്രതിവര്‍ഷം 100-120 ദശലക്ഷം ഡോസുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചിരുന്നു.

ഒക്ടോബറില്‍, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ ഇന്ത്യയിലെ കുട്ടികള്‍ക്കായി അംഗീകരിച്ച രണ്ടാമത്തെ വാക്‌സിന്‍ ആയി മാറിയിരുന്നെങ്കിലും ത്രീ-ഡോസ് വാക്‌സിന്‍ പോലെ കുട്ടികള്‍ക്കുള്ള സുരക്ഷയും ഫലപ്രാപ്തി ഡാറ്റയും കൊവാക്‌സിന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവൊവാക്‌സ് അംഗീകരിക്കപ്പെട്ടാല്‍ ഇന്ത്യയിലെ കുട്ടികള്‍ക്കുള്ള മൂന്നാമത്തെ വാക്‌സിന്‍ ആയിരിക്കും. ഇതുവരെ രണ്ട് ഗ്രൂപ്പുകളിലായി ഇത് പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Covovax vaccine for children within 6 months; Adar Poonawala