നാടക അഭിനേതാവായ ശേഷം സിനിമയിലേക്കെത്തിയ താരമാണ് നടന്‍ കോട്ടയം രമേശ്. ഫ്ളവേഴ്സ് ടി.വിയില്‍ സംപ്രേഷണം ചെയ്ത ഉപ്പും മുളകുമെന്ന പരിപാടിയിലൂടെയാണ് കോട്ടയം രമേശ് ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് മലയാള സിനിമകളിലെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സി.ബി.ഐ 5 ദി ബ്രെയന്‍, ഭീഷ്മ പര്‍വ്വം, മേപ്പടിയാന്‍, പട, ആറാട്ട്, സി യു സൂണ്‍, അയ്യപ്പനും കോശിയും, വൈറസ്, തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനാവുന്ന ‘പുഴു’, മഞ്ജു വാര്യരുടെ ‘ജാക്ക് ആന്റ് ജില്‍’, ടൊവിനോ തോമസ് കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ‘വാശി’ തുടങ്ങിയ റിലീസാവാനിരിക്കുന്ന സിനിമകളിലും കോട്ടയം രമേഷ് അഭിനയിക്കുന്നുണ്ട്. ഏറെ ആഗ്രഹിച്ചിട്ടും അഭിനയിക്കാന്‍ കഴിയാതിരുന്ന ഒരു ചിത്രത്തെ കുറിച്ച് പറയുകയാണ് കോട്ടയം രമേഷ്. മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തെ കുറിച്ചാണ് താരം പറയുന്നത്. ബിഹൈന്റ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു. തുടര്‍ച്ചയായി 35 ദിവസം അദ്ദേഹത്തിന്റെ കൂടെ വേണം എന്ന് പറഞ്ഞു. ആ സമയത്ത് ഞാന്‍ വേറെ മൂന്ന് പടം കമ്മിറ്റ് ചെയ്തിരുന്നു. അങ്ങനെ ഈ സിനിമ ചെയ്യാന്‍ പറ്റാതെ പോയി. അതുകൊണ്ട് ആ സിനിമയില്‍ നിന്ന് പിന്മാറേണ്ടി വന്നു. അത് നഷ്ടപ്പെട്ടു. അതില്‍ എനിക്ക് വളരെ അധികം വിഷമമുണ്ട്. നല്ല ഒരു സിനിമയായിരുന്നു അത്,” കോട്ടയം രമേഷ് പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. എസ് ഹരീഷിന്റെ തിരക്കഥയില്‍, മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രമ്യ പാണ്ഡ്യനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. 1991ല്‍ പുറത്തിറങ്ങിയ അമരം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അശോകനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
കെ. മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ‘സി.ബി.ഐ 5 ദി ബ്രെയ്ന്‍’ എന്ന ചിത്രം മെയ് ഒന്നിന് റിലീസ് ചെയ്തിരിക്കുകയാണ്.
Content Highlight: Kottayam ramesh About Mammoottys Movie