കൂടത്തായി കേസിനെ ആസ്പദമാക്കിയുള്ള ‘കറി ആന്‍ഡ് സയനൈഡ് – ജോളി ജോസഫ് കേസ്’ എന്ന ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്.
കേരളത്തിലാകെ കോളിളക്കം സൃഷ്ടിച്ച ഒരു കേസായിരുന്നു കൂടത്തായി കേസ്. ഒരു കുടുംബത്തിലെ ആറുപേരെ പതിനാല് വര്‍ഷത്തിനിടയിലായി ജോളി ജോസഫ് എന്ന സ്ത്രീ കൊന്ന സംഭവമായിരുന്നു ഈ കേസ്.
ഇതിനെ ആസ്പദമാക്കി വരുന്ന ഡോക്യുമെന്ററി ഡിസംബര്‍ 22 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്തു തുടങ്ങും. ജോളിയുടെ ബന്ധുക്കളും വക്കീലും ഉള്‍പ്പെടെയുള്ളവര്‍ ഈ ട്രെയ്‌ലറിലുണ്ട്.
‘സ്ത്രീകളെ അമ്മയായി കാണുന്നു. നിരപരാധിയായ ഒരു കുഞ്ഞിനെ കൊല്ലാന്‍ ഒരു സ്ത്രീ പ്രാപ്തനാണെന്ന വസ്തുത ആ വിശ്വാസ വ്യവസ്ഥയെ കാതലായി തകര്‍ക്കുന്നു’ എന്നു പറഞ്ഞു കൊണ്ടാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്.
2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു കൂടത്തായി കൂട്ടകൊലകേസിലെ പ്രതി ജോളി അറസ്റ്റിലായത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മാത്യു, സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.
2011ലായിരുന്നു മൂന്നാമത്തെ കൊലപാതകം നടന്നത്. ജോളിയുടെ അന്നത്തെ ഭര്‍ത്താവ് റോയ് തോമസിനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷത്തിന്റെ അംശം കണ്ടെത്തി.
പിന്നാലെ 2014ല്‍ റോയ് തോമസിന്റെ മാതൃസഹോദരന്‍ മാത്യുവും റോയ് തോമസിന്റെ ബന്ധുവിന്റെ മകള്‍ ആല്‍ഫിനും കൊല്ലപ്പെട്ടു. 2016ല്‍ ജോളി ആല്‍ഫിന്റെ അമ്മ സിലിയെയും കൊലപ്പെടുത്തി.