Advertisement
Film News
പേര് കേട്ട് നടിയാണെന്ന് വിചാരിച്ച് പ്രൊഡ്യൂസര്‍ രാത്രി മുറിയിലേക്ക് വന്നു; താനെന്നാടോ പെണ്ണായതെന്ന് മമ്മൂട്ടി ചോദിച്ചു: കൊല്ലം തുളസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 14, 05:19 am
Tuesday, 14th March 2023, 10:49 am

ഒരു സിനിമക്കായി അഭിനയിക്കാന്‍ ചെന്നപ്പോള്‍ നേരിട്ട ദുരനുഭവം പങ്കുവെക്കുകയാണ് നടന്‍ കൊല്ലം തുളസി. തന്റെ പേര് കേട്ട് സിനിമയുടെ നിര്‍മാതാവ് പെണ്‍കുട്ടിയാണന്ന് കരുതിയെന്നും രാത്രിയില്‍ തന്റെ മുറിയിലേക്ക് വന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മാസ്റ്റര്‍ ബിന്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ വെച്ച് കൊല്ലം തുളസി പങ്കുവെച്ച അനുഭവമാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

‘സ്ത്രീകളുടെ പേരാണല്ലോ തുളസി. മുഴുവന്‍ പേര് തുളസീധരന്‍ നായരെന്നാണ്. സിനിമയിലും കലാരംഗത്തും കൊല്ലം തുളസി എന്നാണ് ഞാന്‍ അറിയപ്പെടുന്നത്. ആ പേര് എനിക്ക് ഒരുപാട് വിനകള്‍ വരുത്തിയിട്ടുണ്ട്.

ഒരുതവണ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന്റെ ഫങ്ഷന്‍ കോഴിക്കോട് നടക്കുമ്പോള്‍ മമ്മൂട്ടിക്കൊപ്പം ഞാന്‍ വേദിയില്‍ ഇരിക്കുകയാണ്. അടുത്തതായി മലയാളത്തിലെ പ്രശസ്ത സിനിമാ നടി ശ്രീമതി കൊല്ലം തുളസിയെ ക്ഷണിക്കുന്നു എന്നാണ് അവതാരിക പറഞ്ഞത്. താനെന്നാടോ പെണ്ണായത് എന്ന് മമ്മൂട്ടി എന്നോട് ചോദിച്ചു.

മറ്റൊരവസരത്തില്‍ ഒരു സിനിമക്കായി പോയപ്പോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നിറങ്ങിയപ്പോള്‍ തന്നെ എനിക്ക് വലിയ സ്വീകരണം. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വരുന്നു, പ്രൊഡ്യൂസര്‍ അപ്പുറത്ത് നില്‍ക്കുന്നു. പ്രൊഡ്യൂസറിന്റെ റൂമിനടുത്ത് എനിക്ക് അന്ന് ഒരു എ.സി. റൂം തന്നു.

പ്രൊഡ്യൂസര്‍ റൂമിലേക്ക് വരും, കതകടക്കല്ലേ എന്ന് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എന്നോട് പറഞ്ഞിരുന്നു. എനിക്കൊന്നും മനസിലായില്ല. അപ്പോള്‍ വേറെ ദുഷ്ചിന്ത ഒന്നും പോയില്ല. രാത്രിയില്‍ ശാപ്പാട് കഴിഞ്ഞ് ഞാന്‍ രണ്ട് പെഗ് കഴിച്ചു. എനിക്ക് യാത്രയുടെ ക്ഷീണമുണ്ടായിരുന്നു. കിടന്ന് പകുതി ഉറങ്ങാറായി.

 

അപ്പോള്‍ ആരോ പകുതി കതക് തുറന്ന് നോക്കി. ഞാന്‍ ചെരിഞ്ഞ് കിടക്കുവാ. എന്റെ അടുത്ത് വന്നിരുന്നു. എന്നിട്ട് എന്നെ പതുക്കെ തടവാന്‍ തുടങ്ങി. ഇത് പെണ്ണല്ലെന്ന് അപ്പോള്‍ അങ്ങേര്‍ക്ക് പിടികിട്ടി. പുള്ളി പോയി ലൈറ്റ് ഇട്ടിട്ട് ആരാടാ എന്ന് ചോദിച്ചു. ഞാന്‍ കൊല്ലം തുളസി എന്ന് പറഞ്ഞു. നീയാണോ കൊല്ലം തുളസി എന്ന് ചോദിച്ചു. പിന്നെയാണ് എനിക്ക് മനസിലാവുന്നത് , കൊല്ലം തുളസി പെണ്ണാണെന്നും നടിയാണെന്നും വിചാരിച്ചാണ് എനിക്ക് എ.സി. റൂമൊക്കെ തന്നത്,’ കൊല്ലം തുളസി പറഞ്ഞു.

Content Highlight: kollam thulasi about his bad experience from cinema