തിരുവനന്തപുരം: എളമരം കരീമിനെതിരെയുള്ള ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി. ജോണിന്റെ ആക്ഷേപ പരാമര്‍ശത്തിന് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എളമരം കരീമിനെ ഏഷ്യാനെറ്റിന് മുന്നില്‍ കൊണ്ടുപോയി നിര്‍ത്താമെന്നും പറഞ്ഞതു പോലെ ചെയ്തു കാണിക്കെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,’ എന്ന വിനു വി. ജോണിന്റെ ചര്‍ച്ചക്കിടെയുള്ള പരാമര്‍ശത്തിനെതിരെയാണ് കോടിയേരിയുടെ പ്രസ്താവന.
‘എളമരം കരീമിന്റെ വാഹനം അടിച്ചുപൊട്ടിക്കണം. ആരാണ് പറയുന്നത് ഒരു ചാനല്‍ അവതാരകന്‍, വാഹനത്തിലെ കരീമിന്റെ കുടുംബാംഗങ്ങളെ ഇറക്കിവിടണം, വണ്ടിയുടെ കാറ്റഴിച്ചു വിടണം, മുഖത്തടിച്ച് മുക്കില്‍ നിന്ന് ചോരവരുത്തണം. ഇത് പറയാന്‍ പാടുള്ളതാണോ നിങ്ങള്‍ തന്നെ ആലോചിക്കുക.
ഇതാണോ മാധ്യമപ്രവര്‍ത്തനം, പരസ്യമായി ചാനല്‍ ചര്‍ച്ചയിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയല്ലേ അദ്ദേഹം ചെയ്തിരിക്കുന്നത്. ഈ വാക്കു കേട്ട് ആരെങ്കിലും കരീമിനെ ആക്രമിച്ചിരുന്നെങ്കിലോ? പറയുന്ന ഭാഷയില്‍ മയം വേണ്ടേ? ഇത് തന്നെ മറ്റേതെല്ലാം രീതിയില്‍ അയാള്‍ക്ക് അവതരിപ്പിക്കാമായിരുന്നു, അവതരിപ്പിച്ച രീതി മറ്റൊന്നാണ്. എളമരം കരീമിന്റെ മുഖത്തടിച്ച് ചോര വീഴ്ത്താന്‍ വരട്ടെ അപ്പോ നോക്കാം. ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം ഓര്‍ത്താല്‍ നന്ന്.
സ്വയം ആഗ്രഹം പ്രകടിപ്പിച്ച് പരിഹാസ്യനാകരുത്. സോഷ്യല്‍ മീഡിയയില്‍ പറയുന്ന കാര്യമാണോ ദൃശ്യമാധ്യമത്തില്‍ പറയേണ്ടത്, മാധ്യമ സമൂഹം ആലോചിക്കേണ്ടതാണ്. ഒരു പാര്‍ലമെന്റ് മെമ്പറെ മുഖത്തടിച്ച് ചോരവീഴ്ത്തണം, സി.പി.ഐ.എം നേതാവിനെക്കുറിച്ച് ഇത്തരത്തില്‍ പറഞ്ഞാല്‍ ഇപ്പോളുണ്ടായ പ്രതികരണമല്ല ഉണ്ടാവുക, ഞാന്‍ കൂടുതല്‍ പറയുന്നില്ല. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായിപ്പോയി.
നാളെ കരീമിനെ ഏഷ്യാനെറ്റിന് മുന്നില്‍ കൊണ്ടുപോയി നിര്‍ത്താം, പറഞ്ഞതു പോലെ ചെയ്തു കാണിക്ക് അപ്പോള്‍ കാണാം. ഏഷ്യാനെറ്റിലെ എല്ലാവരുമൊന്നും ഇതിനോട് യോജിക്കുന്നവരല്ല. യോജിക്കുന്ന ചുരുങ്ങിയ ആളുകള്‍ ഇവിടെയുണ്ടല്ലോ? എന്നോടൊന്ന് ചെയ്തു നോക്ക് അപ്പോള്‍ കാണാം. അങ്ങനെയൊന്നും അത് കൈകാര്യം ചെയ്യാന്‍ പാടില്ല. രാജ്യത്ത് പലതും സംഭവിച്ചിട്ടുണ്ടാകാം, അതൊന്നും ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്. എളമരം കരീമിനെ ചെള്ളക്ക് അടിക്കണമെന്ന് രാജീവ് ചന്ദ്രശേഖരന്‍ പറയുമെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ നിലപാട് എടുക്കുന്ന വ്യക്തിയല്ല അദ്ദേഹം,’ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
എളമരം കരീമിനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ഒരു ദൗര്‍ഭാഗ്യകരമായ സംഭവം ചൂണ്ടിക്കാട്ടി ആക്രമിക്കണം എന്നാണ് വിനു വി. ജോണ്‍ പറഞ്ഞത്. എളമരം കരീമിന്റെ മുഖം അടിച്ച് പരത്തണം എന്നും വിനു വി. ജോണ്‍ പറഞ്ഞു. ആയിരം വിനു വി. ജോണുമാര്‍ വിചാരിച്ചാല്‍ എളമരം കരീമിന്റെ രോമത്തില്‍ തൊടാന്‍ കഴിയില്ലെന്നാണ് സംയുക്ത ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ കേരള ഘടകം ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നത്.
Content Highlights: Kodiyeri Balakrishnan’s statement about Vinu V John and Elamaram Kareem issue