തിരുവനന്തപുരം: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട ലഖ്നൗ സി.ബി.ഐ കോടതി വിധിയില്‍ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സി.ബി.ഐ കോടതിയുടെ വിധി മതനിരപേക്ഷ-ജനാധിപത്യ സമൂഹത്തെ ആശങ്കപ്പെടുത്തുന്നതാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ് ഇന്ത്യ ഭരിക്കുന്ന കാലത്താണ് മസ്ജിദ് തകര്‍ത്തത്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഭീകരപ്രവര്‍ത്തനമായിരുന്നു മസ്ജിദ് തകര്‍ക്കല്‍. ടെലിവിഷന്‍ ചാനലുകളിലൂടെ ലോകം മുഴുവനുള്ളവര്‍ മസ്ജിദ് പൊളിച്ചത് ആരാണെന്നത് വ്യക്തമായി കണ്ടു. എന്നിട്ടും ഒന്നിനും തെളിവില്ലെന്ന വിചിത്രമായ നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്- കോടിയേരി പറഞ്ഞു.
കേസില്‍ ഒരു തെളിവും കണ്ടെത്താനോ, ഹാജരാക്കാനോ സി.ബി.ഐ തയ്യാറായില്ലെന്നും ബി.ജെ.പി രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി അന്വേഷണ ഏജന്‍സികളെ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് കോടതി വിധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മത ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങള്‍ക്കും ബി.ജെ.പി ഭരണത്തില്‍ സുരക്ഷിതത്വമില്ലെന്ന സന്ദേശമാണ് കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റില്‍ എഴുതി.
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതേവിട്ട സി.ബി.ഐ പ്രത്യേക കോടതിവിധിക്കെതിരെ നേരത്തെ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു.
പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നുമാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.
28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്‌നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.
ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു.
1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സി ബി ഐ കോടതിയുടെ വിധി, മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്.
കോണ്‍ഗ്രസ് ഇന്ത്യ ഭരിക്കുന്ന കാലത്താണ് മസ്ജിദ് തകര്‍ത്തത്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഭീകരപ്രവര്‍ത്തനമായിരുന്നു മസ്ജിദ് തകര്‍ക്കല്‍. ടെലിവിഷന്‍ ചാനലുകളിലൂടെ ലോകം മുഴുവനുള്ളവര്‍ മസ്ജിദ് പൊളിച്ചവരാരാണ് എന്നത് വ്യക്തമായി കണ്ടു. എന്നിട്ടും ഒന്നിനും തെളിവില്ലെന്ന വിചിത്രമായ നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.
ഒരു തെളിവും കണ്ടെത്താനോ, ഹാജരാക്കാനോ സി ബി ഐ തയ്യാറായില്ല. ബി ജെ പി രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി അന്വേഷണ ഏജന്‍സികളെ എങ്ങിനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് ഈ കോടതി വിധിയിലൂടെ വ്യക്തമായിരിക്കുന്നത്.
ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്താനുള്ള തുടര്‍നടപടികളാണ് ഇനി ഉണ്ടാവേണ്ടത്. മത ന്യൂനപക്ഷങ്ങള്‍ക്ക്, അവരുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങള്‍ക്കും ബി ജെ പി ഭരണത്തില്‍ സുരക്ഷിതത്വമില്ലെന്ന സന്ദേശമാണ് ഉണ്ടായിരിക്കുന്നത്.
ഈ കോടതിവിധി ആര്‍ എസ് എസുകാര്‍ക്ക് നിയമം കൈയ്യിലെടുക്കാന്‍ ഉത്തേജനം നല്‍കുന്നതാണ്. മത ന്യൂനപക്ഷങ്ങളുടെ പല ആരാധനാലയങ്ങള്‍ക്കുമെതിരെ ആര്‍ എസ് എസുകാര്‍ ഭീഷണിയും അവകാശവാദവും ഉയര്‍ത്തുന്ന സന്ദര്‍ഭത്തില്‍ വളരെയേറെ ആശങ്ക ഉണ്ടാക്കുന്നതാണ് സി ബി ഐ കോടതി വിധി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക