തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി ധര്‍മ്മരാജന്റെ മൊഴി. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടി തന്റേതല്ലെന്ന് പണം കൊണ്ടുവന്ന ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബി.ജെ.പി. നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് പണം കൊണ്ടുവന്നതെന്നും പ്രേരണ മൂലമാണ് പണം തന്റേതാണെന്ന് കോടതിയില്‍ പറഞ്ഞതെന്നും ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
3.5 കോടി രൂപയുടെ രേഖകള്‍ തന്റെ പക്കലില്ലെന്നും അതിനാലാണ് കോടതിയില്‍ രേഖകള്‍ ഹാജരാക്കാത്തതെന്നും അന്വേഷണ സംഘത്തിന് മുന്നില്‍ ധര്‍മ്മരാജന്‍ പറഞ്ഞു.
അതേസമയം കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുള്‍പ്പെടെയുള്ള നേതാക്കളെ സാക്ഷികളാക്കി കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 ബി.ജെ.പി. നേതാക്കളെയാണ് സാക്ഷികളാക്കിയത്.
ആകെ 200 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കേസില്‍ 22 അംഗ സംഘത്തിനെതിരെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതികളുടെ മൊഴിയും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സുരേന്ദ്രന്‍ ഹാജരായിരുന്നു. ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു. കവര്‍ച്ചക്കേസില്‍ പരാതി നല്‍കിയ ധര്‍മരാജനും കെ. സുരേന്ദ്രനും ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളാണ് അന്ന് ചോദിച്ചറിഞ്ഞത്.
കവര്‍ച്ചാ പണം മുഴുവന്‍ കണ്ടെടുക്കുക ദുഷ്‌കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല.
ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ബി.ജെ.പി. നേതാക്കളില്‍ നിന്ന് കിട്ടിയിട്ടില്ല. അതിനാല്‍ ഇത് ഒരു കവര്‍ച്ചാക്കേസ് മാത്രമായി കണക്കാക്കി ഒരു കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയ പാതയില്‍ മൂന്നരക്കോടി രൂപയും ക്രിമിനല്‍ സംഘം കവര്‍ന്നത്. ഇതില്‍ ഒരു കോടി 45 ലക്ഷം രൂപയാണ് അന്വേഷണ സംഘം കണ്ടെടുത്തത്.