'പ്രണയത്തിന്റെ പേരില്‍ കേരളത്തില്‍ ജിഹാദില്ല'; കേരള സ്റ്റോറിക്കെതിരെ ഹുസൈന്‍ മടവൂര്‍
Kerala News
'പ്രണയത്തിന്റെ പേരില്‍ കേരളത്തില്‍ ജിഹാദില്ല'; കേരള സ്റ്റോറിക്കെതിരെ ഹുസൈന്‍ മടവൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th April 2024, 10:04 am

തിരുവനന്തപുരം: ദി കേരള സ്റ്റോറി സിനിമക്കെതിരെ വിമര്‍ശനവുമായി കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍. കേരളത്തില്‍ പ്രണയത്തിന്റെ പേരില്‍ ജിഹാദില്ലെന്ന് ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കോഴിക്കോട് ഈദ് ഗാഹില്‍ നടത്തിയ പ്രഭാഷണത്തിലായിരുന്നു അദേഹത്തിന്റെ പരാമര്‍ശം.

മത സൗഹാര്‍ദത്തെ തച്ചുടക്കുന്ന രീതിയില്‍ തയ്യാറാക്കിയ കേരള സ്റ്റോറി കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഹുസൈന്‍ മടവൂര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ എല്ലാവരും ഒന്നാണെന്നും അതാണ് കേരളത്തിന്റെ ചരിത്രവും പാരമ്പര്യവുമെന്നും ഹുസൈന്‍ മടവൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വിവാദങ്ങള്‍ക്കിടയില്‍ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് കൊച്ചിയിലെ പള്ളി. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാന്‍ജോപുരം സെന്റ് ജോസഫ് പള്ളിയിലിയായിരുന്നു പ്രദര്‍ശനം.

‘മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’ എന്ന ഡോക്യുമെന്ററിയാണ് കുട്ടികള്‍ക്കായി സാന്‍ജോപുരം പള്ളി പ്രദര്‍ശിപ്പിച്ചത്. ബൈബിള്‍ സ്‌കൂളിലെ കുട്ടികളെയാണ് ഡോക്യുമെന്ററി കാണിപ്പിച്ചത്.

നൂറിലധികം വരുന്ന ബൈബിള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡോക്യുമെന്ററി കാണാന്‍ അവസരമുണ്ടെന്നും മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കണമെന്നും പള്ളി വികാരി നിധിന്‍ പനവേലില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് നേരത്തെ പറഞ്ഞിരുന്നു.

കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും ഏതെങ്കിലും സഭയും രൂപതയും സിനിമയെ കുറിച്ച് നല്ലത് പറഞ്ഞതുകൊണ്ട് അതില്‍ മാറ്റം വരില്ലെന്നും പള്ളി വികാരി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: KNM state vice president Hussain Madavoor criticized the movie The Kerala Story