പ്രേമചന്ദ്രന്റെ ആരോപണം യു.ഡി.എഫ് പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ല: വോട്ട് ഫോര്‍ ക്യാംപെയ്ന്‍ ആരോപണത്തെ തള്ളി കെ.എന്‍ ബാലഗോപാല്‍
D' Election 2019
പ്രേമചന്ദ്രന്റെ ആരോപണം യു.ഡി.എഫ് പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ല: വോട്ട് ഫോര്‍ ക്യാംപെയ്ന്‍ ആരോപണത്തെ തള്ളി കെ.എന്‍ ബാലഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th April 2019, 9:28 am

കൊല്ലം: വോട്ടിന് എല്‍.ഡി.എഫ് പണം വിതരണം ചെയ്യുന്നുവെന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്റെ ആരോപണത്തെ തള്ളി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാല്‍. ഇത്തരം ആരോപണങ്ങള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ലെന്നും പ്രേമചന്ദ്രന്‍ നുണ പറയുകയാണെന്നും ബാലഗോപാല്‍ പറഞ്ഞു.

വോട്ടെടുപ്പാകുമ്പോള്‍ ഇതിലും വലിയ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നതായും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ പണം കൊടുത്ത് വോട്ട് നേടാന്‍ എല്‍.ഡി.എഫ് ശ്രമിക്കുന്നുവെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ ആരോപിച്ചിരുന്നു. ക്യാഷ് ഫോര്‍ വോട്ട് എന്ന ക്യാംപെയ്‌നാണ് കൊല്ലത്ത് എല്‍.ഡി.എഫ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നോ നാളെയോ പണം വിതരണം ചെയ്ത് തുടങ്ങുമെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പണം വിതരണം ചെയ്യാനായി 3000 കുടുംബങ്ങളെ എല്‍.ഡി.എഫ് കണ്ടെത്തിയെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

നേരത്തെ ഡി.വൈ.എഫ്.ഐ ആശുപത്രികളില്‍ നടത്തുന്ന പൊതിച്ചോര്‍ വിതരണം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിര്‍ത്തിവയ്ക്കണമെന്ന് പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാണിച്ച യു.ഡി.എഫ് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഹൃദയസ്പര്‍ശം എന്ന പേരില്‍ ആശുപത്രികളില്‍ നടക്കുന്ന പൊതിച്ചോര്‍ വിതരണം കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാല്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയായിരിക്കേയാണ് ആരംഭിച്ചത്.

WATCH THIS VIDEO: