Kerala News
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വേട്ടയാടലിന് മുന്നില്‍ കീഴടങ്ങില്ല; പ്ലസ് ടു കോഴക്കേസ് രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ കെട്ടിച്ചമച്ചത്: കെ.എം. ഷാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 19, 04:30 pm
Monday, 19th June 2023, 10:00 pm

കൊച്ചി: പ്ലസ് ടു കോഴക്കേസ് രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ കെട്ടിച്ചമച്ച കേസ് ആയിരുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം. ഷാജി. പ്രവര്‍ത്തകര്‍ക്ക് കൊടുത്ത വാക്ക് പാലിച്ചെന്നും ഇത്തരത്തിലൊരു കേസ് ഇ.ഡിയെ ഏല്‍പ്പിച്ചത് ഇതാദ്യമാണെന്നും ഷാജി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒരുമിച്ചുള്ള വേട്ടയാടലിന് മുന്നില്‍ താന്‍ കീഴടങ്ങില്ലെന്നും കേസിലെ തുടര്‍ നടപടികളെ നിയമപരമായി നേരിടുമെന്നും കെ.എം. ഷാജി പറഞ്ഞു.

പ്ലസ് ടു കോഴക്കേസില്‍ കെ.എം. ഷാജിക്കെതിരായി ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണനാണ് കേസ് റദ്ദാക്കാന്‍ ഉത്തരവിട്ടത്. ഷാജിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.

വിജിലന്‍സ് കേസ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെ തുടര്‍ന്നെടുത്ത ഇ.ഡി കേസ് നിലനില്‍ക്കില്ലെന്ന ഷാജിയുടെ വാദം അംഗീകരിച്ചാണ് നടപടി. കേസെടുത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടികളും ഹൈക്കോടതി റദ്ദാക്കി.

എം.എല്‍.എ ആയിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഷാജിക്കെതിരെ ഇ.ഡി. കേസെടുത്തത്. തുടര്‍ന്ന് കെ.എം. ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികളും ഇ.ഡി സ്വീകരിച്ചിരുന്നു.

പ്ലസ്ടു കോഴക്കേസിലും ഷാജിക്കെതിരായ എഫ്.ഐ.ആറും ഹൈക്കോടതി ഏപ്രിലില്‍ റദ്ദാക്കിയിരുന്നു. 2017ല്‍ സി.പി.ഐ.എം. പ്രാദേശിക നേതാവാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എന്നാല്‍ വിജിലന്‍സ് എസ്.പി. കഴമ്പില്ലെന്ന് കണ്ട് പരാതി തള്ളിയിരുന്നു.

എന്നാല്‍ വീണ്ടും പ്രോസിക്യൂഷന്‍ നിയമോപദേശത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കെ.എം. ഷാജി ഹൈക്കോടതിയെ സമീപിച്ചത്.

Content Highlights: km shaji slams central and state govts over false case