തിരുവനന്തപുരം: അഴീക്കോട് എം.എല്‍.എയും മുസ്‌ലീം ലീഗ് നേതാവുമായ കെ.എം ഷാജി വരവിനേക്കാള്‍ 166% അധികം സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തല്‍. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ധനവ്.
ഷാജിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ചു. ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ അഭിഭാഷകന്‍ എം.ആര്‍ ഹരീഷ് കോടതിയെ സമീപിച്ചു.
ഒമ്പത് വര്‍ഷത്തെ കാലയളവില്‍ ഷാജി ചെലവഴിച്ച തുകയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍. 88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ രണ്ടു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വീട് നിര്‍മാണം, വിദേശയാത്രകള്‍ എന്നിവയ്ക്കടക്കമാണ് ഷാജി പണം ചെലവാക്കിയതെന്നാണ് വിജിലന്‍സ് പറയുന്നത്.