ഇന്ത്യക്കെതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വമ്പൻ വിജയമാണ് ഓസീസ് ടീം സ്വന്തമാക്കിയത്. ഇതോടെ ഒരു മത്സരം ശേഷിക്കുന്ന പരമ്പരയിൽ കിരീടം കൈവിട്ട് പോകാതിരിക്കാൻ ഓസീസ് ടീമിന് അവസരമൊരുങ്ങി.
മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ടീം ഇന്ത്യയെ ആദ്യ ഇന്നിങ്സിൽ 109 റൺസിന് പുറത്താക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനും 197 എന്ന ചെറിയ സ്കോറിൽ ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു.
തുടർന്ന് മത്സരം സമനിലയിലേക്കെങ്കിലുമെത്തിക്കാൻ രണ്ടാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ വേണ്ടിയിരുന്ന ഇന്ത്യൻ ടീം വെറും 163 റൺസിന് പുറത്തായതോടെയാണ് ഓസീസ് വിജയം അനായാസമായത്. 76 റൺസ് എന്ന വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയ വെറും ഒരു വിക്കറ്റിൽ ലക്ഷ്യം മറികടന്ന് പരമ്പരയിൽ നിർണായകമായ ജയം സ്വന്തമാക്കുകയായിരുന്നു.
49 റൺസെടുത്ത് പുറത്താകാതെ നിന്ന ട്രാവിസ് ഹെഡ്, 28 റൺസെടുത്ത് പുറത്താകാതെ നിന്ന മാർനസ് ലബുഷേങ് എന്നിവരുടെ മികവിലാണ് മൂന്നാം ടെസ്റ്റ് ഓസീസ് വിജയിച്ചത്.
എന്നാലിപ്പോൾ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ്ങിൽ പരാജയപ്പെട്ടതിനെത്തുടർന്ന് മൂന്നാം ടെസ്റ്റിൽ നിന്നും പുറത്താക്കപ്പെട്ട കെ.എൽ. രാഹുലിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ.
രാഹുലിന് ഇന്ത്യൻ സ്‌ക്വാഡിൽ ഇടം കൊടുത്തില്ലെങ്കിൽ അത് അദ്ദേഹത്തിന് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കും എന്നാണ് ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടിരിക്കുന്നത്. രാഹുലിന്റെ സ്ഥാനത്തേക്ക് ഗിൽ വരുമ്പോൾ അത് നിലവിൽ തന്നെ തന്റെ പ്രതിഭ തെളിയിച്ച രാഹുലിന് ഉൾക്കൊള്ളാൻ സാധിക്കാത്ത പ്രവർത്തിയാകും എന്നാണ് ഗംഭീറിന്റെ അഭിപ്രായം.
കൂടാതെ എല്ലാ താരങ്ങൾക്കും എല്ലാക്കാലത്തും ഒരേ മികവോടെ കളിക്കാൻ സാധിക്കില്ലെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
സ്പോർട്സ് ടാൽക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു രാഹുലിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ ഗംഭീർ തുറന്ന് പറഞ്ഞത്.
“എല്ലാ താരങ്ങൾക്കും കരിയറിൽ ഒരു മോശം സമയം ഉണ്ടാകും. എല്ലാ പ്ലെയേഴ്സിനും എല്ലാക്കാലത്തും സ്ഥിരതയോടെ റൺസ് സ്കോർ ചെയ്യാൻ സാധിക്കില്ല. ശുഭ്മാൻ ഗിൽ തന്റെ പൊസിഷനിൽ കളിക്കുന്നത് കെ.എൽ. രാഹുലിന് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്യുക.
അദ്ദേഹം ഒരു ഐ.പി.എൽ ടീമിന്റെ ക്യാപ്റ്റനാണ് അതിനാൽ തന്നെ അദ്ദേഹത്തിന് ഇനി തെളിയിക്കാൻ ഒന്നുമില്ല,’ ഗൗതം ഗംഭീർ പറഞ്ഞു.
“ഇപ്പോൾ തന്നെ അദ്ദേഹം നാലോ അഞ്ചോ സെഞ്ച്വറികൾ നേടിയിട്ടുണ്ട്. പക്ഷെ അദ്ദേഹം ഇന്ത്യൻ ടീമിൽ ഇടം പിടിച്ചില്ലെങ്കിൽ വരുന്ന മത്സരങ്ങളിൽ മികവ് തെളിയിക്കാൻ താരത്തിന് സാധിക്കില്ല,’ ഗംഭീർ കൂട്ടിച്ചേർത്തു.
ബോർഡർ-ഗവാസ്ക്കർ ട്രോഫിയിൽ മൂന്ന് ഇന്നിങ്സുകളിൽ നിന്നും 38 റൺസാണ് രാഹുൽ സ്കോർ ചെയ്തത്.
അതേസമയം പരമ്പരയിലെ നിർണായകമായ അവസാന മത്സരം മാർച്ച് ഒമ്പതിനാണ് ആരംഭിക്കുന്നത്.