കോഴിക്കോട്: തന്റെ കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്തതായി പരാതി നല്‍കിയ പേരൂര്‍ക്കടയിലെ അനുപമ ചന്ദ്രന് പിന്തുണയുമായി വടകര എം.എല്‍.എ കെ.കെ. രമ. ഈ അമ്മയുടെ നിലവിളി കേള്‍ക്കാനല്ലെങ്കില്‍ നമുക്കെന്തിനാണീ നീതിന്യായ സംവിധാനങ്ങളെന്ന് അവര്‍ ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം.
‘മനഃസാക്ഷിയുള്ളവര്‍ക്ക് നെഞ്ചു പൊളളിക്കൊണ്ടല്ലാതെ നൊന്തുപെറ്റ കുഞ്ഞിനെ കിട്ടാനുള്ള ഈ അമ്മയുടെ നിലവിളി കേട്ടു നില്‍ക്കാനാവില്ല. അനുപമ ചന്ദ്രന്‍ എന്ന യുവതിയുടെ കുഞ്ഞിനെ പിറന്ന ഉടനെ അമ്മയില്‍ വേര്‍പെടുത്തിയത് മറ്റാരുമല്ല സ്വന്തം രക്ഷിതാക്കള്‍ തന്നെയാണെന്ന് ആ യുവതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിലവിളിച്ച് പറയുന്നത്. വ്യാജ രേഖകള്‍ ചമച്ച് ശിശുക്ഷേമ സമിതിക്ക് കൈമാറി എന്നാണ് മാധ്യമങ്ങളില്‍ നിന്ന് അറിയുന്നത്.
സ്വന്തം കുഞ്ഞുങ്ങളെ ഇത്തരമൊരു സംവിധാനത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് മാതൃ-ശിശു സൗഹൃദപരമായ ഏറെ വ്യവസ്ഥകളാണ് നമ്മുടെ നിയമങ്ങളിലുള്ളത്,’ കെ.കെ. രമ പറഞ്ഞു.
ഏതോ ഒരു രഹസ്യ കേന്ദ്രത്തില്‍ വച്ച് ഏതോ നോട്ടറി വക്കീല്‍ എഴുതിയുണ്ടാക്കി എന്ന് അനുപമയുടെ അച്ഛന്‍ അവകാശപ്പെടുന്ന വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയ്യാറായ സ്ഥാപനമുള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ത്ത് സമഗ്ര അന്വേഷണം നടക്കണമെന്നും അവര്‍ പറഞ്ഞു.
അനുപമ ചന്ദ്രന് കുഞ്ഞിനെ ഉടന്‍ തിരിച്ചു കിട്ടണമെന്നും ബലം പ്രയോഗിച്ച്, വ്യാജ രേഖ ചമച്ച് കുഞ്ഞിനെ തട്ടിയെടുക്കാന്‍ കൂട്ടുനിന്ന സകല ഔദ്യോഗിക സംവിധാനങ്ങളും മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും രമ ആവശ്യപ്പെട്ടു.
‘മുഖ്യമന്ത്രി മുതല്‍ ഈ നാട്ടിലെ എല്ലാ നീതിനിര്‍വ്വഹണ സംവിധാനങ്ങളുടെയും വാതിലില്‍ ഈ അമ്മ മുട്ടിയിട്ടും അവയൊന്നും കണ്ണു തുറക്കാതായതിന് ഒറ്റക്കാരണമേയുളളൂ. സി.പി.ഐ.എം നേതാവായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ ഉന്നതതല സ്വാധീനം.
സി.പി.ഐ.എം സംസ്ഥാനകമ്മിറ്റിയംഗവും തിരുവനന്തപുരത്തെ പ്രധാന നേതാവുമായിരുന്ന പേരൂര്‍ക്കട സദാശിവന്റെ മകനും നിലവില്‍ ഏരിയാ കമ്മിറ്റിയംഗവുമാണ് ജയചന്ദ്രന്‍. ഇത്രയും നിയമ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ പ്രവൃത്തികള്‍ക്ക് അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ നിരത്തുന്ന സാദാചാര വാദങ്ങളും കുടുംബത്തിന്റെ മാനം സംരക്ഷിക്കാനെന്ന ന്യായവും അത്യന്തം ഭയാനകമാണ്,’ കെ.കെ.രമ കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തന്റെ അച്ഛനും അമ്മയും കൊണ്ടുപോയെന്ന ഗുരുതര ആരോപണമാണ് അനുപമയെന്ന 22 കാരി ഉന്നയിക്കുന്നത്. പേരൂര്‍ക്കട പൊലീസിലും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കിയിട്ടും കുഞ്ഞിനെക്കണ്ടെത്താന്‍ സഹായിക്കുന്നില്ല.
കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയതിന് ശേഷം എവിടെയാണെന്ന് തന്റെ കുഞ്ഞെന്ന് രക്ഷിതാക്കള്‍ പറയുന്നില്ലെന്നും കുഞ്ഞിനെ തനിക്ക് വേണമെന്നും യുവതി പറയുന്നു. പേരൂര്‍ക്കടയിലെ പ്രാദേശിക സി.പി.ഐ.എം നേതാവ് ജയചന്ദ്രന്റെ മകളാണ് അനുപമ.