കോഴിക്കോട്: ആറ്റിങ്ങലില്‍ ജയചന്ദ്രന്‍ എന്ന പിതാവിനെയും അദ്ദേഹത്തിന്റെ എട്ടു വയസ്സുള്ള മകളെയും പരസ്യമായി അധിക്ഷേപിക്കുകയും മോഷണക്കുറ്റം ആരോപിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥയെ കുറ്റവിമോചിതയാക്കിയ നടപടിയില്‍ പ്രതികരിച്ച ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. ബാബുരാജ്.
ഉദ്യോഗസ്ഥ ജാതി അധിക്ഷേപമോ അശ്ലീല വാക്കുകളോ ഉപയോഗിച്ചില്ലെന്നു പറയുമ്പോള്‍ അവര്‍ ബാലിക പീഡനമാണ് നടത്തിയതെന്നും, ഏറ്റവും താഴ്ന്ന തട്ടിലുള്ളവരോടുള്ള അവജ്ഞയും വെറുപ്പുമാണ് കാണിച്ചതെന്ന വസ്തുതയുമാണ് ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയുടെ റിപ്പോര്‍ട്ടിലൂടെ മറച്ചുപിടിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇതേകാര്യം, കേരളത്തിലെ ഏതെങ്കിലും ആഭിജാത വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരോടോ ഭരണ തലത്തില്‍ പിടിപാടുള്ളവരോടോ ആയിരുന്നു കാണിച്ചതെങ്കില്‍ രാഷ്ട്രീയ നേതൃത്വവും മുഖ്യമന്ത്രിയും ഈ നിശബ്ദത തുടരുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
‘ജര്‍മ്മന്‍ ബൂര്‍ഷാസിയെ പറ്റി കാറല്‍ മാര്‍ക്‌സ് പറഞ്ഞത് അവര്‍ മുകളിലുള്ളവരുടെ കാലില്‍ നക്കുകയും താഴെയുള്ളവരെ ചവിട്ടുകയും ചെയ്യുന്നവരാണെന്നാണ്. സമാനമായ വിധത്തില്‍ മുകളിലുള്ളവരോട്
വിധേയത്വം കാണിക്കുകയും താഴെയുള്ളവര്‍ക്ക് ഭരണകൂട നീതി നിഷേധിക്കുകയുമാണ് ഇവിടെയും നടക്കുന്നത്,’ അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.
അതേസമയം, മോഷണക്കുറ്റമാരോപിച്ച് എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പരസ്യ വിചാരണ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥ രജിതയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
മൊബൈല്‍ കാണാതായപ്പോള്‍ പൊലീസുകാരി ജാഗ്രത പുലര്‍ത്തിയില്ല. അച്ഛനോടും മകളോടും ഇടപടുന്നതിലും ഉദ്യോഗസ്ഥയ്ക്ക് വീഴ്ചയുണ്ടായി. മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ലെന്ന് നിരീക്ഷിച്ച ഐജി, തെറ്റ് പറ്റിയത് അറിഞ്ഞിട്ടും ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞില്ലെന്ന് പറഞ്ഞു. ഈ കുറ്റത്തിന് ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. കൂടുതല്‍ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് ഐ.ജി. ഹര്‍ഷത അത്തല്ലൂരി ഡി.ജി.പി.ക്ക് റിപ്പോര്‍ട്ട് നല്‍കി.
കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ ഭരണ മനോഭാവത്തെ വെളിപ്പെടുത്തുന്ന രണ്ടു വാര്‍ത്തകളാണ് ഇന്നലെ വിവിധ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. ആറ്റിങ്ങലില്‍ ജയചന്ദ്രന്‍ എന്ന പിതാവിനെയും അദ്ദേഹത്തിന്റെ എട്ടു വയസ്സുള്ള മകളെയും പരസ്യമായി അധിക്ഷേപിക്കുകയും മോഷണക്കുറ്റം ആരോപിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥയെ കുറ്റവിമോചിതയാക്കികൊണ്ടുള്ള ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയുടെ റിപ്പോര്‍ട്ടാണ് ഒന്ന്.
മേല്‍പറഞ്ഞ ഉദ്യോഗസ്ഥ ജാതി അധിക്ഷേപമോ അശ്ലീല വാക്കുകളോ ഉപയോഗിച്ചില്ലെന്നു പറയുമ്പോള്‍ അവര്‍ ബാലിക പീഡനമാണ് നടത്തിയതെന്നും, ഏറ്റവും താഴ്ന്ന തട്ടിലുള്ളവരോടുള്ള അവജ്ഞയും വെറുപ്പുമാണ് കാണിച്ചതെന്ന വസ്തുതയുമാണ് ഐ.ജി. അവരുടെ റിപ്പോര്‍ട്ടിലൂടെ മറച്ചുപിടിക്കുന്നത്.
ഇതേകാര്യം, കേരളത്തിലെ ഏതെങ്കിലും ആഭിജാത വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരോടോ ഭരണ തലത്തില്‍ പിടിപാടുള്ളവരോടോ ആയിരുന്നു കാണിച്ചതെങ്കില്‍ രാഷ്ട്രീയ നേതൃത്വവും മുഖ്യമന്ത്രിയും ഈ നിശബ്ദത തുടരുമായിരുന്നോ?. ഇല്ലെന്നു മാത്രമല്ല, പൊതുബോധത്തെ ഇളക്കിമറിച്ചുകൊണ്ടു രംഗത്ത് വരുമായിരുന്നു.
പണ്ട്, ജര്‍മ്മന്‍ ബൂര്‍ഷാസിയെ പറ്റി കാറല്‍ മാര്‍ക്‌സ് പറഞ്ഞത് അവര്‍ മുകളിലുള്ളവരുടെ കാലില്‍ നക്കുകയും താഴെയുള്ളവരെ ചവിട്ടുകയും ചെയ്യുന്നവരാണെന്നാണ്. സമാനമായ വിധത്തില്‍ മുകളിലുള്ളവരോട് വിധേയത കാണിക്കുകയും താഴെയുള്ളവര്‍ക്ക് ഭരണകൂട നീതി നിഷേധിക്കുകയുമാണ് ഇവിടെയും നടക്കുന്നത്. തങ്ങളെ വോട്ടു ചെയ്തു വിജയിപ്പിച്ചവരെ തന്നെയാണ് ഇപ്രകാരം അവമതിക്കുന്നതെന്ന് ഇടതുപക്ഷക്കാര്‍ വല്ലപ്പോഴും ഓര്‍ക്കുന്നത് നല്ലതാണ്.
മറ്റൊരു വാര്‍ത്ത, കേരളത്തില്‍ കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ ഇതേവരെ നൂറ്റമ്പതു കോടിയോളം രൂപ പിഴയായി ജനങ്ങളില്‍ ഈടാക്കിയെന്നും ആറു ലക്ഷത്തില്‍ അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നതുമാണ്.
സത്യത്തില്‍ കൊവിഡിന്റെ മറവില്‍ ഇവിടെ നടക്കുന്നത് പൊലീസിന്റെ ഭീകര വാഴ്ചയാണെന്നതിനു ഇതില്‍ കൂടുതല്‍ തെളിവ് ആവശ്യമുണ്ടോ, ഈ കാലയളവില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലൂടെയും ഈ ലേഖകന്‍ സഞ്ചരിച്ചിട്ടുണ്ട്.
അവിടെയൊന്നും കാണാത്ത തരത്തിലുള്ള അധിക നിയന്ത്രണങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നിട്ടും ഇന്ത്യയിലെ ഏറ്റവും കൂടിയ കൊവിഡ് ബാധിത മേഖലയായി കേരളം അവശേഷിക്കുന്നു.
കൊവിഡ് മഹാമാരി ലോകത്തിലെ ഭരണകൂടങ്ങള്‍ക്ക് ആഭ്യന്തര അടിച്ചമര്‍ത്തലുകള്‍ നടത്താനുള്ള പരമാധികാരമാണ് നല്‍കുന്നതെന്നു പല സാമൂഹിക ചിന്തകരും അഭിപ്രായപ്പെട്ടിരുന്നു. ഇവിടെ അതു പുരോഗമനത്തിന്റെ പേരിലാണ് നടത്തുന്നത്.