വിദ്യാര്‍ഥികളെ നഗ്‌നരാക്കി വെയിലത്തു നടത്തിയ അധ്യാപകര്‍ക്കെതിരെ കേസെടുത്തു
national news
വിദ്യാര്‍ഥികളെ നഗ്‌നരാക്കി വെയിലത്തു നടത്തിയ അധ്യാപകര്‍ക്കെതിരെ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th December 2018, 5:48 pm

വിജയവാഡ: സ്‌കൂളില്‍ വൈകിയെത്തിയ വിദ്യാര്‍ഥികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ സ്വകാര്യ സ്‌കൂളായ ചൈതന്യ ഭാരതി സ്‌കൂളില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.

സംഭവത്തിന്റെ വീഡിയോ പുറത്തായതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലേയ്ക്ക് പ്രതിഷേധവുമായെത്തി. തുടര്‍ന്ന് മണ്ഡല്‍ എജ്യൂക്കേഷന്‍ ഓഫീസര്‍ പുല്ലുരു ലീലാറാണി ദേശീയ ബാലാവകാശ സംരക്ഷണ സമിതിക്ക് പരാതി നല്‍കുകയായിരുന്നു.


തുടന്നാണ് പൊലീസ് കേസേടുത്തത്. അധ്യാപകരായ ദുലം ഭുവനേശ്വരി, കടിയാല നാഗരാജു നായിഡു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മൂന്ന്, നാല് ക്ലാസുകളില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ഥികളെയാണ് സ്‌കൂളില്‍ വൈകി എത്തിയതിന്റെ പേരില്‍ നഗ്‌നരാക്കി അധ്യാപകര്‍ വെയിലത്ത് നടത്തിയത്. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസെടുത്തതായി പുണഗണുരു എസ്.ഐ ഗൗരി ശങ്കര്‍ പറഞ്ഞു.

സ്‌കൂളില്‍ മുമ്പും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ കളക്ടര്‍ ഇടപെടുന്നതുവരെ മണ്ഡല്‍ എജ്യൂക്കേഷന്‍ ഓഫീസര്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.


സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കിക്കൊണ്ട് ചിറ്റൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. പാണ്ഡുരംഗസ്വാമി ഉത്തരവിറക്കിയിട്ടുണ്ട്.