കഴിഞ്ഞ ദിവസമാണ് കിച്ചാ സുധീപ് നായകനായി എത്തിയ വിക്രാന്ത് റോണ തിയേറ്ററുകളില്‍ എത്തിയത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ ഈ ത്രീഡി ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫെയര്‍ഫിലിംസ് ആയിരുന്നു.
ചിത്രം മികച്ച തിയേറ്റര്‍ അനുഭവം തന്നു എന്നാണ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. കെ.ജി.എഫിന് ശേഷം കന്നഡയില്‍ നിന്ന് വന്ന പാന്‍ ഇന്ത്യന്‍ ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രം കാണാന്‍ കേറിയതെന്നും ഒട്ടും നിരാശപെടുത്തിയില്ല എന്നും ചിത്രം കണ്ടവര്‍ പറയുന്നു.
സോഷ്യല്‍ മീഡിയയിലെ മൗത്ത് പബ്ലിസിറ്റിയില്‍ ചിത്രം വരും ദിവസങ്ങളില്‍ കാണാനും നിരവധി പേര്‍ ഒരുങ്ങുന്നുണ്ട്.
കമറൂട്ട് എന്ന വനത്തെ ചുറ്റി പറ്റിയുള്ള ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഗ്രാമത്തില്‍ നടക്കുന്ന ഒരു കൊലപാതകവും അത് അന്വേഷിക്കാന്‍ എത്തുന്ന വിക്രാന്ത് റോണ എന്ന ഉദ്യോഗസ്ഥന് നേരിടേണ്ടിവരുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം
അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലെ ഗാനങ്ങള്‍ റിലീസിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കേരളത്തില്‍ മാത്രമല്ല ചിത്രം റിലീസ് ചെയ്ത സ്ഥലങ്ങളില്‍ നിന്നെല്ലാം തന്നെ മികച്ച പ്രതികരണമാണ് സിനിമ സ്വന്തമാക്കുന്നത്.
ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നീത അശോക്, നിരുപ് ബന്ദരി, രവിശങ്കര്‍ ഗൗഡ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ശാലിനി ആര്‍ട്‌സിന്റെ ബാനറില്‍ ജാക്ക് മഞ്ചുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവര്‍ ആണ് ചിത്രം നിര്‍മിച്ചത്. കോ പ്രൊഡ്യൂസര്‍- അലങ്കാര്‍ പാണ്ഡ്യന്‍ സംഗീതം – ബി അജനേഷ് ലോക്‌നാഥ്, ഛായാഗ്രഹണം -വില്യം ഡേവിഡ്.