മോദീ, ധൈര്യമുണ്ടെങ്കില്‍ അംബാനിയുടേയും അദാനിയുടേയും വീട്ടില്‍ റെയ്ഡ് നടത്തി കാണിക്കൂ; കോണ്‍ഗ്രസിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ഖാര്‍ഗെ
India
മോദീ, ധൈര്യമുണ്ടെങ്കില്‍ അംബാനിയുടേയും അദാനിയുടേയും വീട്ടില്‍ റെയ്ഡ് നടത്തി കാണിക്കൂ; കോണ്‍ഗ്രസിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th May 2024, 9:45 am

ധൂലെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദാനി-അംബാനി പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അദാനിയും അംബാനിയും കോൺഗ്രസിന് ഒരു ടെമ്പോ നിറയെ പണം അയച്ചിട്ടുണ്ടാകുമെന്ന മോദിയുടെ പരാമർശത്തിനെതിരെയാണ് ഖാർഗെ പ്രതികരിച്ചിരിക്കുന്നത്.

തങ്ങൾക്ക് അദാനിയും അംബാനിയും പണം തന്നിട്ടുണ്ടെങ്കിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അന്വേഷണം നടത്താനും റെയ്‌ഡുകൾ നടത്താനും സത്യം കണ്ടെത്താനുമാണ് ഖാർഗെ ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രയിലെ ധൂലെ നിയോജക മണ്ഡലത്തിൽ പ്രചരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഖാർഗെയുടെ മറുപടി. നരേന്ദ്ര മോദി തന്റെ എതിരാളികളെ നേരിടുന്നത് സി.ബി.ഐ, ആദായനികുതി, ഇ.ഡി എന്നീ ഏജൻസികളെ ഉപയോഗിച്ചാണെന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമായി 800 ഓളം നേതാക്കളെ ഇതുപയോഗിച്ച് മോദിയും പാർട്ടിയും ജയിലിലടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അദാനിയും അംബാനിയും കോൺഗ്രസിന് പണം നിറച്ച ടെമ്പോ അയച്ചിട്ടുണ്ടെങ്കിൽ ഇതേ ഏജൻസികളെ ഉപയോഗിച്ച് അന്വേഷണം നടത്താൻ എന്താണ് മോദി ശ്രമിക്കാത്തതെന്നും ഈ വാദം സത്യമെങ്കിൽ അവർ ഞങ്ങൾക്ക് പണം നൽകുമ്പോൾ മോദി ഉറങ്ങുകയായിരുന്നോയെന്നും ഖാർഗെ ചോദിച്ചു.

‘മോദിക്ക് ആരോപണങ്ങൾ ഉന്നയിക്കാനും പിന്നീട് പേടിച്ച് ഓടാനും മാത്രമേ അറിയൂ, അദ്ദേഹത്തിന് ധൈര്യം ഉണ്ടെങ്കിൽ അദാനിയുടെയും അംബാനിയുടെയും വീട്ടിൽ ഇ.ഡിയെയും സി.ബി.ഐയെയും വെച്ച് റെയ്ഡ് നടത്തൂ. എന്നാൽ മോദി അത് ചെയ്യില്ല, കാരണം മോദി ഈ രണ്ട് വ്യവസായപ്രമുഖരുടേയും താത്പര്യങ്ങളാണ് സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി ഇപ്പോൾ അദാനിയേയും അംബാനിയെയും വിമർശിക്കുന്നില്ലെന്നും അവർ ഒരു ടെമ്പോ നിറയെ പണം കോൺഗ്രസിന് നൽകി എന്നും മോദി ആരോപണമുന്നയിച്ചിരുന്നു.

മെയ് 20ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുൻ കേന്ദ്ര മന്ത്രിയായിരുന്ന സുഭാഷ് ഭാംറക്കെതിരെ കോൺഗ്രസ് മുൻ എം.എൽ.എ ശോഭ ബാച്ഹവ്നെയാണ് മത്സരിപ്പിക്കുന്നത്.

 

Content Highlight: Kharge’s reaction towards Modi’s Adani- Ambani statement