വിരാട് ആര്‍.സി.ബി വിടണം; സൂപ്പര്‍ ടീം വിരാടിനെ സ്വന്തമാക്കണമെന്ന് ക്രിക്കറ്റ് ലെജന്‍ഡ്
IPL
വിരാട് ആര്‍.സി.ബി വിടണം; സൂപ്പര്‍ ടീം വിരാടിനെ സ്വന്തമാക്കണമെന്ന് ക്രിക്കറ്റ് ലെജന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th May 2023, 10:28 pm

ഐ.പി.എല്ലിന്റെ വരും സീസണില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് വിരാട് കോഹ്‌ലിയെ ടീമിലെത്തിക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. വിരാട് തന്റെ സ്വന്തം മണ്ണിലേക്ക് തിരികെ പോകണമെന്നും ദല്‍ഹി ക്യാപ്പിറ്റല്‍സില്‍ താരത്തിന് നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.

നേരത്തെ നടന്ന ദല്‍ഹി ക്യാപ്പിറ്റല്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തിനിടെ താരം ദല്‍ഹിയിലെത്തിയതും തന്റെ ചൈല്‍ഡ്ഹുഡ് കോച്ചായ രാജ്കുമാര്‍ ശര്‍മയുമായുള്ള വിരാടിന്റെ ഒത്തുചേരലും കാണുമ്പോള്‍ വിരാടിനെ ക്യാപ്പിറ്റല്‍സിലേക്കെത്തിക്കണമെന്ന് തനിക്ക് തോന്നുന്നതായി ആര്‍.സി.ബിയില്‍ വിരാടിന്റെ സഹതാരവും ദല്‍ഹി ക്യാപ്റ്റനും കൂടിയായ പീറ്റേഴ്‌സണ്‍ പറഞ്ഞു.

 

 

ദല്‍ഹി വിരാടിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കണമെന്നും, ബെക്കാം, റൊണാള്‍ഡോ, മെസി തുടങ്ങിയവര്‍ കരിയറില്‍ കളം മാറ്റി ചവിട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിരാടിനെ ദല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കണമോ എന്നറിയാനായി ട്വിറ്ററിലൂടെ ഒരു പോളും അദ്ദേഹം സംഘടിപ്പിച്ചിരുന്നു. വോട്ടിങ്ങില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും പീറ്റേഴ്‌സണിന്റെ അഭിപ്രായം ശരിവെച്ചിരുന്നു. 57 ശതമാനം ആളുകളും വിരാട് ദല്‍ഹിയിലേക്ക് ചേക്കേറണമെന്ന് അഭിപ്രായപ്പെട്ടു.

കമന്റ് സെക്ഷനിലും നിരവധി ആളുകളാണ് ഇതേ ആവശ്യം ഉന്നയിക്കുന്നത്. എന്നാല്‍ വിരാട് ഒരിക്കലും ബെംഗളൂരു വിടില്ല എന്നും തങ്ങള്‍ അതിന് അനുവദിക്കില്ല എന്നും ആരാധകര്‍ പറയുന്നുണ്ട്.

താന്‍ ഒരിക്കലും ബെംഗളൂരു വിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിരമിക്കുന്നത് വരെ ഇവിടെ തന്നെ കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിരാട് നേരത്തെ തന്നെ പറഞ്ഞിരുന്നു.

ആര്‍.സി.ബിയുടെ പോഡ്കാസ്റ്റിലൂടെയായിരുന്നു വിരാട് ഇക്കാര്യം പറഞ്ഞത്. മറ്റേതെങ്കിലും ഫ്രാഞ്ചൈസിക്കൊപ്പം കളിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ലെന്നും വിരാട് പറഞ്ഞിരുന്നു.

 

‘ഞാന്‍ ഐ.പി.എല്‍ കളിക്കുന്നതിന്റെ അവസാന ദിവസം വരെ ഇവിടെ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത് പറയാന്‍ കാരണം മറ്റേതെങ്കിലും അന്തരീക്ഷത്തില്‍ കളിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല,’ എന്നായിരുന്നു വിരാട് പറഞ്ഞത്.

 

 

Content highlight: Kevin Pietersen says Delhi Capitals should bring Virat Kohli to team next season