മലയാള സിനിമ എത്ര ദൂരം മുന്നോട്ടുപോയെന്നതിനെ കുറിച്ച് ഒരു ബോധവുമില്ലാത്ത ചിലര്‍ എടുത്ത സിനിമയാണെന്ന തോന്നലാണ് കേശു ഈ വീടിന്റെ നാഥന്‍ ആദ്യ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകരിലുണ്ടാക്കുന്നത്. പിന്നീട് ഓരോ മിനിറ്റ് കഴിയും തോറും ഈ ധാരണ കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും.
തമാശയെന്ന പേരില്‍ ബോഡി ഷെയ്മിങ്ങും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കോമഡിയെന്ന പേരിലിറങ്ങിയിരുന്ന എന്തൊക്കയോ കാര്യങ്ങളും ചേര്‍ത്തു വെച്ചാണ് ഈ സിനിമയെടുത്തിരിക്കുന്നത്. മുഴുനീള കോമഡി ചിത്രമെന്ന പേരില്‍ ഇറങ്ങിയിരുന്ന ദിലീപ് ചിത്രങ്ങളുടെ ഏറ്റവും വികലമായ അവതരണമാണ് കേശു ഈ വീടിന്റെ നാഥന്‍.
ദിലീപ് തന്നെ സ്വയം കാറോടിച്ചു വന്നുനിന്നുകൊണ്ട് സിനിമയുടെ സംവിധായകന്‍, നിര്‍മ്മാതാവ്, പാട്ടുകാര്‍, വരികളെഴുതിയവര്‍ എന്നിവരെയെല്ലാം ഒന്നൊന്നായി പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ഇവിടം മുതല്‍ തന്നെ ബോഡി ഷെയ്മിങ്ങ് ആരംഭിക്കുന്നുണ്ട്. തടിയുള്ളവരാണ് ആദ്യത്തെ ടാര്‍ഗറ്റ്.
പിന്നീടങ്ങോട്ട് ഓരോ സീനിലും പ്രേക്ഷകരോട് ‘ചിരിക്കൂ ചിരിക്കൂ’ എന്ന് നിര്‍ബന്ധിച്ച് പറയുന്ന തരത്തിലുള്ള തമാശശ്രമങ്ങളാണ് ഉടനീളം. തലയിലെ വിഗ് പറന്നുപോകുന്നതും അതിനെ തുടര്‍ന്ന് എല്ലാവരുടെയും മുന്‍പില്‍ നാണം കെടുന്നതും ഇപ്പോഴും തമാശയായി അവതരിപ്പിക്കാനുള്ള സംവിധായകന്‍ നാദിര്‍ഷയുടെയും തിരക്കഥാകൃത്ത് സജീവ് പാഴൂരിന്റെയും ചിന്തയോട് ഇനിയെന്താണ് പറയേണ്ടതെന്ന് അറിയില്ല.
കാഴ്ചബംഗ്ലാവിലെ കുരുങ്ങനെന്ന് ഒരു കഥാപാത്രത്തെ പറയുന്നതും അതിനുശേഷമുള്ള ക്യമറാ ആംഗിളുമാണ് മറ്റൊന്ന്. ഇങ്ങനെ ബോഡിഷെയ്മിങ്ങിലൂടെ മാത്രം നീങ്ങുന്ന കോമഡികള്‍ക്കിടയില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കും ആവശ്യത്തിന് അവസരം നല്‍കിയിട്ടുണ്ട്. അതുകൂടെ കഴിഞ്ഞാല്‍ നട്ടാല്‍ മുളക്കാത്ത കാലഹരണപ്പെട്ട കോമഡികളുടെ വരവാണ്.
വെയ്റ്റര്‍ എ.സി വേണോ എന്ന് ചോദിക്കുമ്പോള്‍ ഈ പ്ലേറ്റിന്റെ സൈഡില്‍ ഇട്ടോളൂ എന്ന് പറയുന്ന ഭാര്യയുടെ പൊട്ടത്തരമാണ് ചിത്രത്തിലെ ഒരു എപിക് കോമഡി ദുരന്തം. ‘ഇവിടെ ഹില്‍ടോപ്പ് ഉണ്ട്, എന്നാല്‍ എല്ലാവര്‍ക്കും ഓരോന്ന് എടുത്തോളൂ’ എന്നത് അടുത്തത്.
ഫ്രഷ് ഫ്രഷേ എന്ന് വിളിക്കാന്‍ തോന്നുന്ന ഒരു പ്ലോട്ടില്‍ നിന്നുകൊണ്ടാണ് സിനിമയുടെ കഥ നീങ്ങുന്നത്. അവസാനത്തിലെ ട്വിസ്റ്റും പുതുമ കൊണ്ട് ശ്വാസം മുട്ടിക്കുന്നതായിരുന്നു. കേശു എന്നയാളും അയാളുടെ ഭാര്യയും മക്കളും സഹോദരികളും ആര്‍ത്തിക്കാരും പാരവെപ്പുകാരുമായ അളിയന്മാരും ചേരുന്ന കുടുംബത്തില്‍ നടക്കുന്ന കുറച്ച് ദിവസത്തെ കഥയാണ് സിനിമയില്‍ പറയുന്നത്.
ചിത്രത്തില്‍ കേശുവിന് ലോട്ടറി അടിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട് വരുന്ന ഭാഗങ്ങള്‍ കൃത്രിമത്വവും വലിച്ചുനീട്ടലുകളുംകൊണ്ട് എന്താണ് അണിയറ പ്രവര്‍ത്തകര്‍ ഈ സീനുകളിലൂടെ ഉദ്ദേശിക്കുന്നത് എന്ന ചോദ്യമുണ്ടാക്കിയിരുന്നു. ലോട്ടറി ടിക്കറ്റ് കാണാതാകുന്നതുമായി ബന്ധപ്പെട്ട സീനില്‍, നാട്ടുകാര്‍ മുഴുവന്‍ അപ്പുറത്തെ വീട്ടിലേക്ക് പേപ്പര്‍ റോക്കറ്റ് വിട്ടുകളിക്കുന്നതൊക്കെ പ്രേക്ഷകരുടെ ക്ഷമയെയും സാമാന്യബുദ്ധിയെയും പരീക്ഷിക്കുന്നതായിരുന്നു.
ഇതിനിടയില്‍ ചില ഇമോഷണല്‍ ബി.ജി.എമ്മും സ്ലോ മോഷനും വന്ന ചില മിനിറ്റുകള്‍ പെട്ടെന്ന് കേറി വരുന്നതോടു കൂടി പടം കൂടുതല്‍ ബോറടിപ്പിക്കും. എവിടെ നിന്നറിയാതെ പൊട്ടിവീഴുന്ന പാട്ടുകള്‍ കൂടിയാകുമ്പോള്‍ ഇത് പൂര്‍ത്തിയാകും.
മലയാള സിനിമയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ കണ്ടുമടുക്കുകയും ഒരു പരിധി വരെ പ്രേക്ഷകരും സിനിമാക്കാരും ഉപേക്ഷിക്കുകയും ചെയ്ത കഥാപാത്രങ്ങളെ മാത്രം വെച്ചെടുത്ത ഒരു സിനിമ കൂടിയാണ് കേശു. തേപ്പുകാരികളോ ഒരു കാര്യവുമില്ലാതെ വഴക്കുണ്ടാക്കുന്നവരോ സ്വത്തിനോട് ആര്‍ത്തിയുള്ളവരോ ആയ സ്ത്രീകള്‍ മാത്രമാണ് സിനിമയിലുള്ളത്. പണി കൊടുക്കാനും ഭാര്യയുടെ ആങ്ങളയെ ഊറ്റാനും മാത്രം നടക്കുന്ന അളിയന്മാരുമുണ്ട്. പുറമേ പിശുക്കനും പരുക്കനും എന്നാല്‍ ഉള്ളില്‍ നല്ലവനുമായ, കുടുംബത്തെ സ്‌നേഹിക്കുന്ന നായകന്‍ എന്നിങ്ങനെയുള്ള ക്ലീഷേ റോളുകള്‍ക്കൊണ്ട് സമ്പന്നമാണ് ഈ സിനിമ.
മേക്കോവറും വളരെ പഴഞ്ചനായ ഫേഷ്യല്‍-ബോഡി എക്‌സ്പ്രഷന്‍സുകൊണ്ടുള്ള തമാശ ശ്രമങ്ങളും മാത്രമാണ് ദിലീപിന്റെ കേന്ദ്ര കഥാപാത്രമായ കേശുവിനുള്ളത്. അടുത്തിടെ മികച്ച റോളുകളിലൂടെ ഒരിക്കല്‍ കൂടി തെന്നിന്ത്യയില്‍ ചര്‍ച്ചയായ ഉര്‍വശിയെ പോലും ഓവര്‍ ആക്ടിങ്ങിലേക്ക് ചിത്രം തള്ളിവിടുന്നുണ്ട്.
ദിലീപിന്റെ കേശുവിനല്ലാതെ മറ്റാര്‍ക്കും ചിത്രത്തില്‍ കാര്യമായ ഡയലോഗുകള്‍ പോലുമില്ലാത്ത സ്ഥിതിക്ക് മറ്റ് അഭിനേതാക്കളെയോ അവരുടെ കഥാപാത്രസൃഷ്ടിയെ കുറിച്ചോ പ്രത്യേകിച്ചൊന്നും പറയാനില്ല. കാര്യമായൊന്നും ചെയ്തിട്ടില്ലെങ്കിലും കോട്ടയം നസീറും നസ്‌ലനും വന്ന ഭാഗങ്ങള്‍ സ്വാഭാവികതയോടെ കൈകാര്യം ചെയതിരുന്നുവെന്നത് മാത്രമാണ് ചിത്രത്തില്‍ ചികഞ്ഞുനോക്കിയാല്‍ കാണാവുന്ന ഒരേയൊരു നല്ല കാര്യം.
മറ്റുള്ളവരെ ഏതെങ്കിലും തരത്തില്‍ അധിക്ഷേപിക്കുന്ന പ്രസ്താവനകളെ സിനിമയില്‍ കോമഡി എന്ന രൂപത്തില്‍ അവതരിപ്പിക്കുന്നതിലെ പ്രശ്‌നങ്ങളും അത് മനുഷ്യരിലുണ്ടാക്കുന്ന അപകര്‍ഷതാബോധവുമൊക്കെ പലതവണ ചര്‍ച്ചയായതാണ്. ഈ തമാശകള്‍ സമൂഹത്തില്‍ ചില വിഭാഗം മനുഷ്യരെ കുറിച്ച് തീര്‍ക്കുന്ന പൊതുബോധങ്ങളും അതിലെ അപകടങ്ങളും അതുപോലെ തന്നെ ചര്‍ച്ചയായിട്ടുണ്ട്. എന്നിട്ടും ഈ ‘കോമഡി ക്രൂരതകള്‍’ ഇനിയും തുടരുന്നത് ഖേദകരമാണ്.
ദിലീപും നാദിര്‍ഷയും
പൊളിറ്റിക്കല്‍ കറക്ട്‌നെസിനെയും സിനിമയുടെ രാഷ്ട്രീയത്തെയും കുറിച്ചൊക്കെ ഈ സിനിമയോട് പറയുന്നത് സിനിമ കണ്ട് പാഴായ രണ്ടര മണിക്കൂറിനേക്കാള്‍ വലിയ നഷ്ടമായിരിക്കും. പഴകിച്ചീഞ്ഞു തുടങ്ങിയ പ്രമേയവും പ്രയോഗങ്ങളുമായെത്തി 2021ല്‍ ഇറങ്ങിയ ഏറ്റവും മോശം മലയാള സിനിമകളുടെ കൂട്ടത്തില്‍ സ്ഥാനമുറപ്പിച്ച സിനിമയാണ് കേശു ഈ വീടിന്റെ നാഥന്‍.