തിരുവനന്തപുരം: കേന്ദ്രസര്ക്കാറിന്റെ കാര്ഷിക നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയ സി. രവിചന്ദ്രനെതിരെ പരോക്ഷ വിമര്ശനവുമായി കേരള യുക്തിവാദി സംഘം. മധ്യവര്ഗ ബോധത്തിന്റെ സ്വപ്‌ന ജീവികള് കര്ഷകരുടെ പോരാട്ടത്തെ പരിഹസിച്ചുകൊണ്ട് സംഘിസര്ക്കാരിന് സ്തുതി പാടുകയാണെന്ന് യുക്തിവാദി സംഘം പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു.
നവനാസ്തിക അവതാരങ്ങളുടെ ജനവിരുദ്ധ നിലപാടുകളുടെ തനിമ തെളിയിക്കുന്നതാണ് കര്ഷകര്ക്കെതിരെയുള്ള ഈ നിലപാടുകളെന്നും പ്രസ്താവനയില് ആരോപിക്കുന്നു. നേരത്തെ കാര്ഷിക നിയമത്തെ പിന്തുണച്ചും കര്ഷക സമരത്തെ പരിഹസിച്ചും സി. രവിചന്ദ്രന് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുക്തിവാദി സംഘത്തിന്റെ പ്രസ്താവന.
” മധ്യവര്ഗ ബോധത്തിന്റെ സ്വപ്‌ന ജീവികള് ഈ പോരാട്ടത്തെ പരിഹസിച്ചുകൊണ്ട് സംഘിസര്ക്കാരിന് സ്തുതി പാടുകയാണ്. നവനാസ്തിക അവതാരങ്ങളുടെ ജനവിരുദ്ധ നിലപാടുകളുടെ തനിമ തെളിയിക്കുന്നതാണ് ഈ നിലപാടുകള്. അധ്വനിക്കുന്നവരോടുള്ള പുച്ഛവും രാജ്യം വിറ്റു തീര്ക്കുന്നവരോടുള്ള കൂറും അതിന്റെ തെളിവുകളാണ്,” പ്രസ്താവനയില് പറയുന്നു.
കേരള യുക്തിവാദി സംഘം മധ്യവര്ഗ കപട വാചാലതകളെ തള്ളിക്കളയുകയും പണിയെടുക്കുന്നവരുടെ പക്ഷത്തു നില്ക്കുകയും ചെയ്യുന്നെന്നും സംഘം പ്രസ്താവനയില് വ്യക്തമാക്കി. ഏകപക്ഷീയമായി അടിച്ചേല്പിച്ച പുതിയ കാര്ഷിക നിയമങ്ങള് ജനവിരുദ്ധമാണെന്ന് യുക്തിവാദി സംഘം പ്രസ്താവനയില് പറഞ്ഞു.
രാജ്യത്തിന്റെ ഫെഡറല് സംവിധാനത്തിന്റെ അട്ടിമറിയാണ് പുതിയ കാര്ഷിക നിയമമെന്ന് യുക്തിവാദി സംഘം പറഞ്ഞു. കര്ഷകര്ക്ക് മുന്കൂര് പണം നല്കി വിളവുകള് സ്വന്തമാക്കുക വഴി പുതിയ ജന്മിത്വത്തിന് വഴിയൊരുക്കുമെന്നും പ്രസ്താവനയില് പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക