ലക്ഷദ്വീപിനൊപ്പം കേരളം; അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്തമായി പ്രമേയം പാസാക്കും
Kerala News
ലക്ഷദ്വീപിനൊപ്പം കേരളം; അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്തമായി പ്രമേയം പാസാക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th May 2021, 1:32 pm

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ കേരളം സംയുക്തമായി പ്രമേയം പാസാക്കും. നിയമസഭാ സമ്മേളനത്തില്‍ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രമേയം പാസാക്കുക.

ഇതിനുള്ള നടപടിക്രമങ്ങള്‍ പരിശോധിക്കുകയാണെന്ന് സ്പീക്കര്‍ എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം നിയമസഭ ചേരുന്നുണ്ട്. ലക്ഷദ്വീപുകാരുടെ പോരാട്ടത്തെ പിന്തുണച്ച് നിയമസഭ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ ബി.ജെ.പി ഒഴികെ മറ്റു പ്രധാന പാര്‍ട്ടികളെല്ലാം ലക്ഷദ്വീപിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോവുകയാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍. ലക്ഷദ്വീപില്‍ 15 സ്‌കൂളുകളാണ് പൂട്ടിയത്. ജീവനക്കാരുടെ അധ്യാപകരുടെയും കുറവ് ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകള്‍ ലക്ഷദ്വീപില്‍ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം അഞ്ച് സ്‌കൂളുകള്‍ പൂട്ടി. ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെ മറ്റു ദ്വീപുകളിലേക്ക് അടിയന്തരമായി സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.

കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Kerala will pass resolution in support to Lakshadweep people