Sports News
കാബോജിന്റെ കൊടുങ്കാറ്റില്‍ തകരുന്ന കേരളം; രഞ്ജി ട്രോഫിയില്‍ കേരളത്തിന് തുണയായത് നാല് അര്‍ധ സെഞ്ച്വറി!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 15, 04:10 am
Friday, 15th November 2024, 9:40 am

രഞ്ജി ട്രോഫിയില്‍ കേരളവും ഹരിയാനയും തമ്മിലുള്ള മത്സരം ചൗദരി ബാന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഹരിയാന ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ മത്സരത്തിന്റെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് കേരളം നേടിയത്.

കേരളത്തിന് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് അക്ഷയ് ചന്ദ്രനും (59 റണ്‍സ്) രോഹന്‍ കുന്നുമ്മലും (55 റണ്‍സ്) മുഹമ്മദ് അസറുദ്ദീനും (53 റണ്‍സ്) ക്യാപ്റ്റ്ന്‍ സച്ചിന്‍ ബേബിയുമാണ് (52 റണ്‍സ്). കേരളത്തിന് വേണ്ടി നാല് പേരുടെയും അര്‍ധ സെഞ്ച്വറി നേടിയാണ് സ്‌കോര്‍ ഉയര്‍ത്തിയത്.

ഓപ്പണര്‍ ബാബ അപരാജിത് പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ ജലജ് സക്‌സേന നാല് റണ്‍സിനും പുറത്തായിരുന്നു. തുടര്‍ന്ന് സല്‍മാന്‍ നിസാറും പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ അസറുദ്ദീന്‍ സമ്മര്‍ദ ഘട്ടത്തെ പ്രതിരോദിക്കുകയായിരുന്നു. നിലവില്‍ ക്രീസില്‍ തുടരുന്നത് 37 റണ്‍ നേടിയ ഷോണ്‍ റോഗറും നാല് റണ്‍സ് നേടിയ ബേസില്‍ തമ്പിയുമാണ്.

ഹരിയാനയ്ക്ക് വേണ്ടി ഗംഭീര ബൗളിങ് പ്രകടനം കാഴ്ചവെച്ചത് അന്‍ഷുല്‍ കാംബോജാണ്. കേരളത്തിന്റെ എട്ട് വിക്കറ്റുകളും വീഴ്ത്തിയത് അന്‍ഷുലാണ്. ഏഴ് മെയ്ഡന്‍ അടക്കം 27 ഓവറുകള്‍ ചെയ്ത് അന്‍ഷുല്‍ 48 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. 1.78 എന്ന എക്കോണമിയില്‍ പന്തെറിഞ്ഞ അന്‍ഷുലിന്റെ മുന്നില്‍ കേരളത്തിന്റെ താരങ്ങള്‍ക്ക് ഏറെ നേരം പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ലായിരുന്നു.

 

Content Highlight: Kerala VS Haryana Ranji Trophy Match