ന്യൂദല്‍ഹി: വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കേരളം. ദേശീയ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ബിസിനസ് റിഫോംസ് ആന്‍ഡ് ആക്ഷന്‍ പ്ലാന്‍ (ബി.ആര്‍.എ.പി) കണക്കുകള്‍ പ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സുഗമമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളവും ആന്ധ്രാ പ്രദേശും ആദ്യ സ്ഥാനങ്ങളിലെത്തിയത്.
കേരളമാണ് പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ആന്ധ്രാ പ്രദേശ്. ഗുജറാത്ത്, രാജസ്ഥാന്‍, ത്രിപുര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം മൂന്ന് മുതല്‍ സ്ഥാനങ്ങളില്‍ ഇടം നേടിയത്.
അതേസമയം, അരുണാചല്‍ പ്രദേശ്, തെലങ്കാന, പഞ്ചാബ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചതായും ബി.ആര്‍.എ.പിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2019ല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളം 28ാം സ്ഥാനത്തായിരുന്നു.
ന്യൂദല്‍ഹിയില്‍ നടന്ന ഉദ്യോഗ് സംഗമ് പരിപാടിയില്‍ വെച്ച് കേന്ദ്ര വാണിജ്യ മന്ത്രി സംസ്ഥാനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കി. കേരളത്തിനായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പുരസ്‌കാരം ഏറ്റുവാങ്ങി. കേന്ദ്ര വാണിജ്യ വ്യവസായ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് സഹമന്ത്രി ജിതിന്‍ പ്രസാദയും ചടങ്ങില്‍ പങ്കെടുത്തു.
വ്യാപാര പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിലും വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ക്ക് വളരാനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള അന്തരീക്ഷം കെട്ടിപ്പടുക്കുന്നതില്‍ കേരളം വലിയ മുന്നേറ്റം നടത്തിയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഈ റാങ്കിങ്ങുകള്‍ ഇക്കാര്യം അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച രീതിയിലുള്ള വ്യാവസായിക നയങ്ങള്‍ തദ്ദേശ തലം വരെ ഫലപ്രദമായി നടപ്പിലാക്കിയതും സംസ്ഥാനത്തെ ഈ സുപ്രധാന വിഭാഗങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സഹായിച്ചു. അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതു വഴി പൗരന്‍മാര്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ എത്തിക്കുന്നതിലും കേരളം മുന്‍പന്തിയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അനുകൂലമായ വ്യാവസായിക അന്തരീക്ഷവും സുതാര്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സേവന വിതരണവുമാണ് കേരളത്തിന് ഈ നേട്ടം സമ്മാനിച്ചത്. യൂട്ടിലിറ്റി പെര്‍മിറ്റുകള്‍ നേടുന്നതും നികുതി അടക്കുന്നതുമാണ് കേരളത്തെ ഒന്നാമതെത്തിക്കാന്‍ സഹായിച്ച വ്യവസായ കേന്ദ്രീകൃത പരിഷ്‌കാരങ്ങള്‍.
ഓണ്‍ലൈന്‍ ഏകജാലക സംവിധാനം, നഗര തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന പ്രക്രിയ ലഘൂകരിക്കല്‍, റവന്യൂ വകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, യൂട്ടിലിറ്റി പെര്‍മിറ്റുകള്‍ നല്‍കല്‍, പൊതുവിതരണ സംവിധാനം-ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്, ഗതാഗതം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നീ ഒമ്പത് മേഖലകളില്‍ കേരളം 95 ശതമാനം നേട്ടത്തിലെത്തി.
ബി.ആര്‍.എ.പി റാങ്കിങ്
(റാങ്ക് – സംസ്ഥാനം – ടോപ് അച്ചീവര്‍ നമ്പര്‍ എന്നീ ക്രമത്തില്‍)
ചടങ്ങില്‍ വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി എസ്. ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളാക്കാരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Content highlight: Kerala secured top ranks in business, citizen- centric reforms in key categories