[]ന്യൂദല്‍ഹി: ന്യൂദല്‍ഹി: കേരളത്തിലെ ആത്മീയസ്ഥാപനങ്ങളും ക്രിക്കറ്റ് അസോസിയേഷനും വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തിയതായി കണ്‍ട്രോളര്‍ ഓഫ് ആഡിറ്റര്‍ ജനറല്‍(സി.എ.ജി) റിപ്പോര്‍ട്ട്.
അമൃതാനന്ദയീ മഠം, പോട്ട ധ്യാനകേന്ദ്രം, ഗുരുവായൂര്‍ ദേവസ്വം, ഡിവൈന്‍ ട്രസ്റ്റ്, കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവയാണ് നികുതി വെട്ടിപ്പു നടത്തിയതായി സി.എ.ജി കണ്ടെത്തിയിരിക്കുന്നത്.
ചാരിറ്റബിള്‍ ട്രസ്റ്റുകളായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് നികുതിയിളവ് അനുവദിച്ചത് മൂലം കേന്ദ്രസര്‍ക്കാറിന് വന്‍ നഷ്ടമാണുണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2011, 2012 വര്‍ഷങ്ങളില്‍ മാത്രം 3019. 21 കോടിയുടെ നഷ്ടമുണ്ടായതായി സി.എ.ജി വ്യക്തമാക്കുന്നു. കേരളത്തില്‍ നിന്ന് മാത്രം ആറ് ട്രസ്റ്റുകള്‍ ഉള്‍പ്പെടെ 6,948 സ്ഥാപനങ്ങളാണ് ക്രമക്കേട് നടത്തിയിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
കേരളത്തിലെ ട്രസ്റ്റുകളില്‍ അമൃതാനന്ദമയീ മഠമാണ് ഏറ്റവും കൂടുതല്‍ നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്. 46.77 കോടിയാണ് നികുതിയിനത്തില്‍ മഠം മുക്കിയത്. സ്വത്തിന്റെ മൂല്യത്തിലുണ്ടായ ഇടിവ് ചൂണ്ടിക്കാട്ടിയാണ് മഠത്തിന്റെ നികുതി വെട്ടിപ്പ്്.
24.46 കോടി രൂപയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നികുതി ഇളവിലൂടെ നേടിയത്. കാണിക്കയും സംഭാവനയും വരുമാനത്തില്‍ കാണിക്കാതെയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നികുതിയിളവ് നേടിയത്.
കെ.സി.എ അടക്കം നാല് ക്രിക്കറ്റ് അസോസിയേഷനുകള്‍ നികുതി വെട്ടിപ്പ് നടത്തിയതായതാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. കേരളത്തെ കൂടാതെ സൗരാഷ്ട്ര, മഹാരാഷ്ട്ര, ബറോഡ ക്രിക്കറ്റ് അസോസിയേഷനുകളാണ് നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്. നികുതി ഇളവിലൂടെ നാല് ക്രിക്കറ്റ് അസോസിയേഷനുകളും കൂടി വെട്ടിച്ചത് 37.23 കോടി.
ഡിവൈന്‍ ട്രസ്റ്റും 1.03 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായി സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. ഒരോ കാര്യത്തിന് രണ്ട് തവണ നികുതിയിളവ് നേടിയായിരുന്നു ഡിവൈന്‍ കേന്ദ്രത്തിന്റെ വെട്ടിപ്പ്.