തദ്ദേശ തെരഞ്ഞെടുപ്പ് എല്‍.ഡി.എഫിനും യു.ഡി.എഫിനും ലിറ്റ്മസ് പേപ്പറാവുമ്പോള്‍; വിലയിരുത്തലുകള്‍ ഇങ്ങനെ
Local body Election 2020
തദ്ദേശ തെരഞ്ഞെടുപ്പ് എല്‍.ഡി.എഫിനും യു.ഡി.എഫിനും ലിറ്റ്മസ് പേപ്പറാവുമ്പോള്‍; വിലയിരുത്തലുകള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th June 2020, 8:59 am

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒക്ടോബറില്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ തിരക്കിട്ട പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനുള്ള ശ്രമങ്ങളാരംഭിച്ച് എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും. നാല് മാസത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും ലിറ്റ്മസ് ടെസ്റ്റാവും. തദ്ദേശ തെരഞ്ഞെടുപ്പുകളാണ് സംസ്ഥാനത്തിന്റെ ചായ്‌വ് എങ്ങോട്ട് എന്ന് നിര്‍ണയിക്കുക.

തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലുള്ള ഭരണ സമിതികളുടെ കാലാവധി നവംബര്‍ 12 ന് അവസാനിക്കും. നവംബര്‍ ആദ്യ വാരം തന്നെ പുതിയ ഭരണ സമിതി അധികാരമേറ്റെടുക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രമീകരണങ്ങള്‍.

എല്‍.ഡി.എഫിനും യു.ഡി.എഫിനുമാണ് തദ്ദേശ തെരഞ്ഞെടുപ്പ് നിര്‍ണായകമാവുക. തദ്ദേശ തലത്തിലുള്ള പാര്‍ട്ടികളുടെ വ്യക്തിഗത പ്രവര്‍ത്തനങ്ങളടക്കമാണ് വോട്ടായി പരിണമിക്കാറുള്ളത്. മുന്നണികളുടെ പ്രവര്‍ത്തനങ്ങളും തര്‍ക്കവും പിണക്കവുമെല്ലാം ജനം വിലയിരുത്തും.

പൗരത്വ പ്രതിഷേധങ്ങളിലടക്കം ഇടത് സര്‍ക്കാരും എല്‍.ഡി.എഫും സ്വീകരിച്ച നയങ്ങളും കൊവിഡ് പ്രതിരോധത്തിലും ആരോഗ്യ മേഖലയിലും സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങളും എല്‍.ഡി.എഫിന് വോട്ടായി മാറിയേക്കും. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി എല്‍.ഡി.എഫിന് അത്ര ആശ്വാസം നല്‍കുന്നുമില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ പരാജയത്തോടെ പൊതുവേദികളില്‍നിന്നും മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി മാറി നില്‍ക്കുന്നതും പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനവും എങ്ങനെ ബാധിച്ചു എന്ന വിലയിരുത്തലാവും യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം പ്രധാനമാവുക. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണത്തെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ നടക്കുന്ന ചരടുവലികള്‍ യു.ഡി.എഫിന് തലവേദനയാവുന്നുമുണ്ട്. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റും നേടാനായതിന്റെ ആത്മവിശ്വാസം യു.ഡി.എഫിനുണ്ട്.

കെ. സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാനാധ്യക്ഷനായതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അതുകൊണ്ടുതന്നെ, സുരേന്ദ്രന്റെ പിന്തുണക്കാര്‍ക്കിത് ഞാണിന്മേല്‍ കളിയാണ്. കുമ്മനം രാജ ശേഖരനും പി.എസ് ശ്രീധരന്‍ പിള്ളയ്ക്കും ശേഷം ബി.ജെ.പി പ്രതീക്ഷയോടെ നടത്തിയ നിയമനമാണ് കെ സുരേന്ദ്രന്റേത്. സംസ്ഥാന രാഷ്ട്രീയത്തില്‍ സുരേന്ദ്രന് എന്ത് പങ്ക് വഹിക്കാന്‍ കഴിഞ്ഞു എന്നതിലേക്കാവും തദ്ദേശ തെരഞ്ഞെടുപ്പലെ പ്രകടനത്തോടെ തീരുമാനമാവുക.

ശബരിമല സ്ത്രീ പ്രവേശനത്തെത്തുടര്‍ന്ന് സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ തൊട്ടുപിന്നാലെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയാണ് വാങ്ങിക്കൊടുത്തത് എന്ന വിലയിരുത്തലുണ്ട്. കൊവിഡ് പ്രതിരോധത്തിലടക്കം ബി.ജെ.പി നിശബ്ദമായിരുന്നു എന്നതും വെല്ലുവിളിക്ക് ആക്കം കൂട്ടുന്നുണ്ട്.

വോട്ടര്‍ പട്ടിക ജൂണ്‍ 17 ന് പ്രസിദ്ധീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. കരട് വോട്ടര്‍ പട്ടിക ജനുവരി 20 ന് പ്രസിദ്ധീകരിച്ചിരുന്നു.

941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 87 മുന്‍സിപാലിറ്റികള്‍, ആറ് മുന്‍സിപല്‍ കോര്‍പറേഷനുകള്‍ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ