പരിധി പതിനഞ്ച് ഏക്കര്‍; കൈവശമുള്ളത് 207 ഏക്കര്‍; പി.വി അന്‍വറിനെതിരെ നടപടിയെടുക്കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി
Kerala News
പരിധി പതിനഞ്ച് ഏക്കര്‍; കൈവശമുള്ളത് 207 ഏക്കര്‍; പി.വി അന്‍വറിനെതിരെ നടപടിയെടുക്കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th March 2021, 3:34 pm

 

കൊച്ചി: ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ചതിന് പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ നടപടിയെടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എന്തുകൊണ്ട് കേസെടുത്തില്ല എന്നതില്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച പി.വി അന്‍വര്‍ പരിധിയില്‍ കൂടുതല്‍ സ്ഥലം കൈവശം വെച്ചുവെന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള പരാതി. ഇതില്‍ കേസെടുക്കണമെന്ന് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടതുമാണ്.

ഭൂപരിഷ്‌കരണ നിയമ പ്രകാരം 15 ഏക്കറാണ് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വെയ്ക്കാവുന്ന പരമാവധി ഭൂമി. എന്നാല്‍ പി.വി അന്‍വര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്നെ അദ്ദേഹത്തിന് 207 ഏക്കര്‍ ഭൂമിയുണ്ടെന്ന് പറയുന്നുണ്ട്.

ഇത് വിവാദമായപ്പോള്‍ കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് അനധികൃത ഭൂമി തിരിച്ചുപിടിക്കാനുള്ള നിര്‍ദേശം താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് നല്‍കിയിട്ട് മൂന്നു വര്‍ഷമായിട്ടും ഇതുവരെ ഒരു സെന്റ് ഭൂമി പോലും തിരിച്ചുപിടിച്ചിട്ടില്ല.

വ്യാഴാഴ്ചയാണ് പി.വി അന്‍വര്‍ എം.എല്‍.എ ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയത്. ഉച്ചയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ എം.എല്‍.എയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടമായെത്തി സ്വീകരിച്ചത് വിവാദമായിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം വിദേശത്തേക്കു പോയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala High court criticizes for not taking action against P.V Anvar MLA