തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ മതപരിവര്‍ത്തനത്തിന് ആസൂത്രിതമായി ശ്രമിക്കുന്നുവെന്ന പ്രചരണങ്ങള്‍ക്ക് കണക്ക് നിരത്തി മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രചരണങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലം ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘ഈ പ്രശ്നം ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ പറഞ്ഞത് ആവര്‍ത്തിക്കുകയാണ്. ഇതിനൊന്നും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയില്‍ പെടുത്താന്‍ കഴിയുകയുമില്ല. ക്രിസ്തുമതത്തില്‍ നിന്നും ആളുകളെ ഇസ്‌ലാം മതത്തിലേയ്ക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്നുള്ള ആശങ്ക അടിസ്ഥാനരഹിതമാണ്,’ അദ്ദേഹം പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയത് സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ മുമ്പ് കോട്ടയം സ്വദേശിനി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്‌ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന വ്യഖ്യാനങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ആ കേസ് വിശകലനം ചെയ്ത് ആരോപണം വാസ്തവ വിരുദ്ധമാണെന്നും പ്രായപൂര്‍ത്തിയായതും മതിയായ വിദ്യാഭ്യാസം ഉള്ളതുമായ യുവതി സ്വന്തം ഇഷ്ടപ്രകാരം മതപരിവര്‍ത്തനം ചെയ്തതാണെന്നാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
‘ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ഇതര മതസ്ഥരായ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തിയ ശേഷം ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നതായുള്ള പ്രചരണത്തിന്റെ നിജസ്ഥിതി പരിശോധിച്ചപ്പോഴും മറ്റൊരു ചിത്രമാണ് തെളിയുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.
2019 വരെ ഐ.എസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെ നിന്നും ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആ സംഘടനയില്‍ എത്തിപ്പെട്ടതാണ്.
അവരില്‍ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകന്‍ പ്രജു ഒഴികെ മറ്റെല്ലാപേരും മുസ്‌ലിം സമുദായത്തില്‍ ജനിച്ചവരാണ്. മറ്റുള്ള 28 പേര്‍ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്നും തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ആ 28 പേരില്‍ 5 പേര്‍ മാത്രമാണ് മറ്റ് മതങ്ങളില്‍ നിന്നും ഇസ്‌ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയ ശേഷം ഐ.എസില്‍ ചേര്‍ന്നത്.
അതില്‍ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തില്‍പ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിന്‍ ജേക്കബ് എന്ന ക്രിസ്ത്യന്‍ യുവതി ബെസ്റ്റിന്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്‌ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തുകയും ഐ.എസില്‍ ചേരുകയും ചെയ്തത്, മുഖ്യമന്ത്രി പറഞ്ഞു.
പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തി തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവതീ-യുവാക്കള്‍ മതതീവ്ര നിലപാടുകളില്‍ ആകൃഷ്ടരായി തീവ്രവാദ സംഘടനകളിലും മറ്റും എത്തിപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. ഇതിനായി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് മുന്‍കൈ എടുത്ത് 2018 മുതല്‍ ഡീ റാഡിക്കലൈസേഷന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ നിലപാടുകളില്‍ നിന്ന് പിന്തിരിപ്പിച്ചു അവരെ സാധാരണ മനോനിലയിലെത്തിക്കാനുള്ള ശ്രമമാണ് ഇങ്ങനെ തുടര്‍ച്ചയായി നടത്തുന്നത്. തീവ്ര മതനിലപാടുകള്‍ സ്വീകരിക്കുകയും ഐ.എസ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്യുന്നതായി കണ്ട യുവാക്കളെ ഡീ റാഡിക്കലൈസേഷന്‍ പരിപാടികളില്‍ പങ്കെടുപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീവ്ര മതനിലപാടുകളിലൂടെ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി യുവാക്കള്‍ വഴി തെറ്റാതിരിക്കാന്‍ വിവിധ ജില്ലകളിലെ മഹല്ലുകളിലെ പുരോഹിതന്‍മാരെയും മഹല്ല് ഭാരവാഹികളെയും ഉള്‍പ്പെടുത്തി കൗണ്ടര്‍ റാഡിക്കലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നടത്തിയിട്ടുണ്ട്.
ചിട്ടയായും ഫലപ്രാപ്തിയോടെയും നടത്തി വന്ന ഈ പരിപാടികള്‍ കൊവിഡ് പശ്ചാത്തലത്തില്‍ 2020 മുതല്‍ നിര്‍ത്തിവെക്കേണ്ടി വന്നിട്ടുണ്ട്. അത് പുനരാരംഭിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.