തിരുവനന്തപുരം: ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസിന് വിവരാവകാശ അപേക്ഷ നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഡ്യൂട്ടി അടക്കാന്‍ ബാധ്യത ആര്‍ക്കാണ്, ഈന്തപ്പഴം ഇറക്കുമതിയില്‍ എത്രപേര്‍ക്ക് ഇതുവരെ സമന്‍സ് അയച്ചു, നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന കേസുകളില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു തുടങ്ങിയ ചോദ്യങ്ങളുന്നയിച്ചുകൊണ്ടാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.
സംസ്ഥാന പ്രോട്ടോക്കോള്‍ അസിസ്റ്റന്റ് ഓഫീസര്‍ വി പി രാജീവനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഒരു സംസ്ഥാനം കേന്ദ്ര ഏജന്‍സിക്ക് വിവരാവകാശ പ്രകാരം അപേക്ഷ നല്‍കുന്ന അപൂര്‍വ്വ നടപടിയാണ് കേസില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
കോണ്‍സുലേറ്റിന് വേണ്ടി നികുതിയൊഴിവാക്കി ഈന്തപ്പഴം ഇറക്കുമതി ചെയ്ത് പുറത്തുനല്‍കി എന്ന കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കസ്റ്റംസിനോട് ചോദ്യങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
എയര്‍പോര്‍ട്ടില്‍ നടന്ന തട്ടിപ്പിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണോ കസ്റ്റംസിനാണോ എന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന വിലയിരുത്തലുകള്‍ ഉയരുന്നുണ്ട്.