ഭൂമി ഇടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്
Kerala News
ഭൂമി ഇടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th July 2022, 11:15 am

തിരുവനന്തപുരം: ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്ലീന്‍ചിറ്റ് നല്‍കി സര്‍ക്കാര്‍. ഭൂമി ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല എന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്.

ഇടപാടുകള്‍ കാനോന്‍ നിയമപ്രകാരമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടായിരുന്നു പൊലീസ് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഭൂമിയിടപാടില്‍ ഗൂഢാലോചന നടന്നിട്ടില്ല, കര്‍ദിനാള്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടില്ല എന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ഈ റിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതിയില്‍ ആവര്‍ത്തിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

തനിക്കെതിരായ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാര്‍ ജോര്‍ജ് ആലഞ്ചേരി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് സുപ്രീംകോടതി കേസ് പരിഗണിച്ചിരുന്നു.

എന്നാല്‍ കേസ് ഇപ്പോള്‍ റദ്ദാക്കാനാകില്ലെന്നും വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് തേടണമെന്നുമായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്. ഇതേത്തുടര്‍ന്ന് സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായി ചൊവ്വാഴ്ച നിയമവകുപ്പ് അണ്ടര്‍ സെക്രട്ടറി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പൊലീസ് നടത്തിയ അന്വേഷണത്തിലെ വിശദാംശങ്ങള്‍ സത്യവാങ്മൂലത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.

സഭയുടെ കീഴില്‍ ഒരു മെഡിക്കല്‍ കോളേജ് പണിയുന്നതിന് വേണ്ടി ചര്‍ച്ചകള്‍ നടന്നിരുന്നു. അതിന് വേണ്ടി ഭൂമി വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് നിര്‍മാണം നടന്നില്ല. തുടര്‍ന്ന് ഈ ഭൂമി വില്‍ക്കേണ്ടതായി വന്നു.

ഭൂമി വില്‍പനയില്‍ അതിരൂപതാ ചട്ടപ്രകാരം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട് എന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് സഭാ ഭരണസമിതി വിളിച്ചുചേര്‍ത്ത യോഗത്തിന്റെ മിനുട്ട്‌സുകള്‍ പരിശോധിച്ചതില്‍ കര്‍ദിനാളിന്റെ പങ്ക് വ്യക്തമാക്കുന്ന തരത്തില്‍ തെളിവുകളില്ല എന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഈ പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ ജോര്‍ജ് ആലഞ്ചേരി കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്നാണ് ഭൂമി ഇടപാടില്‍ സര്‍ക്കാരിന് പങ്കില്ല എന്ന റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ നിലപാടായി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.

ഭൂമി ഇടപാടില്‍ വലിയ പാളിച്ചകള്‍ നടന്നിട്ടില്ല എന്ന് റവന്യൂ വകുപ്പും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Content Highlight: Kerala Government gives clean chit to Cardinal Mar George Alencherry in Supreme Court