പിന്നെയും പിളര്‍ന്നു; ജോസ്.കെ.മാണിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുത്തു
Kerala
പിന്നെയും പിളര്‍ന്നു; ജോസ്.കെ.മാണിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th June 2019, 4:06 pm

കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ്.കെ.മാണിയെ ബദല്‍ സംസ്ഥാന സമിതി യോഗം തെരഞ്ഞെടുത്തു. പാര്‍ട്ടി ചെയര്‍മാനായ പിജെ ജോസഫിന്റെ അംഗീകാരമില്ലാതെ വിളിച്ചു ചേര്‍ത്തതാണ് സംസ്ഥാന സമിതിയോഗം. കോട്ടയത്ത് ചേര്‍ന്ന യോഗത്തില്‍ ജോസ്.കെ.മാണിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കുകയായിരുന്നു.

437 അംഗ സംസ്ഥാന സമിതിയില്‍ 325 പേരും പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്. മോന്‍സ് ജോസഫ്, സി.എഫ് തോമസ് എന്നീ എം.എല്‍.എമാര്‍ പി.ജെ ജോസഫിനൊപ്പമാണ്. റോഷി അഗസ്റ്റിന്‍, എന്‍.ജയരാജ് എന്നീ എംഎല്‍എമാര്‍ ജോസ് കെ മാണിക്കൊപ്പവും.

പാര്‍ട്ടിയുടെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താന്‍ നീണ്ട നിയമപോരാട്ടത്തിനാണ് ഇനി സാധ്യത. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ജോസഫ് വിഭാഗത്തോട് ഒപ്പമാണ്. അതേസമയം, മുതിര്‍ന്ന നേതാവ് സി.എഫ് തോമസ് യോഗത്തില്‍ പങ്കെടുത്തില്ല.

കെ.എം.മാണി അന്തരിച്ചപ്പോള്‍ ഒഴിവുവന്ന ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കേരള കോണ്‍ഗ്രസിനെ വീണ്ടും പിളര്‍പ്പിലേക്ക് എത്തിച്ചത്. ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാനസമിതി വിളിക്കണമെന്ന ആവശ്യം പി.ജെ.ജോസഫ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ ജോസ്.കെ.മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു. ഇത് പിളര്‍പ്പുതന്നെയാണെന്ന നിലപാടിലാണ് പി.ജെ.ജോസഫ്.

കേരളാ കോണ്‍ഗ്രസ് എമ്മിനെ പിളര്‍പ്പില്‍ നിന്നു രക്ഷിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഇന്നു രാവിലെ പി.ജെ ജോസഫുമായും ജോസ് കെ. മാണിയുമായും ഫോണില്‍ സംസാരിച്ചു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് നേതാക്കളോട് ഇരുവരും പറഞ്ഞത്. പിളര്‍പ്പ് ഒഴിവാക്കണമെന്ന നേതാക്കളുടെ ആവശ്യത്തോട് അനുകൂലമായല്ല ഇരുവരും പ്രതികരിച്ചത്.