വയനാട് ദുരന്തത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല; സഭയില്‍ പൊട്ടിത്തെറിച്ച് ജോസ് കെ. മാണി
national news
വയനാട് ദുരന്തത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല; സഭയില്‍ പൊട്ടിത്തെറിച്ച് ജോസ് കെ. മാണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2024, 9:09 am

ന്യൂദല്‍ഹി: വയനാട് ഉരുള്‍പ്പൊട്ടലിന്റെ ഗൗരവം കണക്കിലെടുക്കാന്‍ തയ്യാറാകാത്ത സഭയുടെ നടപടിക്കെതിരെ പൊട്ടിത്തെറിച്ച് കേരള കോണ്‍ഗ്രസ് (എം) എം.പി ജോസ് കെ. മാണി. കേരളത്തിലെ എം.പിമാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സംസാരിക്കാന്‍ ആദ്യം അനുവദിക്കാതിരുന്ന സ്പീക്കറിന്റെ നടപടിയുടെ പശ്ചാത്തലത്തിലാണ് ജോസ് കെ. മാണിയുടെ പ്രതികരണം.

ഉരുള്‍പ്പൊട്ടലില്‍ മരിച്ച 25 പേരുടെ മൃതദേഹം 40 കിലോമീറ്റര്‍ അകലെ അയല്‍ജില്ലയായ കോഴിക്കോട് നിന്നാണ് കണ്ടെത്തിയതെന്ന് ജോസ് കെ. മാണി പറഞ്ഞു. എന്നിട്ടും അംഗങ്ങള്‍ സംസാരിക്കാനായി ഇത്രത്തോളം സമ്മര്‍ദമുയര്‍ത്തേണ്ടി വന്നുവെന്നും ദുരന്തത്തിന് രാഷ്ട്രീയം നല്‍കരുതെന്നും ജോസ് കെ. മാണി പറഞ്ഞു.

അതേസമയം, വയനാട് ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് പാര്‍ലമെന്റില്‍ അജണ്ട മാറ്റിവെച്ച് വിഷയം അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ട് എം.പിമാര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനും രാജ്യസഭയില്‍ ചട്ടം 267 പ്രകാരവും നോട്ടീസ് നല്‍കി.

ലോക്‌സഭയില്‍ കെ.സി. വേണുഗോപാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരും രാജ്യസഭയില്‍ ഹാരിസ് ബീരാന്‍, ജോസ് കെ. മാണി, പി.വി. അബ്ദുല്‍ വഹാബ്, പി. സന്തോഷ് കുമാര്‍, ജെബി മേത്തര്‍, ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം തുടങ്ങിയവരാണ് സഭാധ്യക്ഷന്‍മാര്‍ക്ക് നോട്ടീസ് നല്‍കിയത്.

സഭയുടെ ശൂന്യവേളയിലും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ വിഷയം ഉന്നയിച്ചിരുന്നു.

അതേസമയം, വയനാട്ടില്‍ രണ്ടാം ദിന രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നാല് സംഘങ്ങളായി 150 സൈനികര്‍ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെടുത്തിട്ടുണ്ട്. സൈനികര്‍, എന്‍.ഡി.ആര്‍.എഫ്, ആരോഗ്യ പ്രവര്‍ത്തകര്‍, അഗ്‌നിരക്ഷാ സേന അടങ്ങുന്ന സംഘവും ഇതിലുണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഹെലികോപ്റ്റര്‍ ഇറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍ മുണ്ടക്കൈയില്‍ താത്കാലിക പാലം നിര്‍മിക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് പാലം നിര്‍മാണം നടക്കുന്നത്. മുണ്ടക്കൈയില്‍ അമ്പതിലേറെ വീടുകളാണ് തകര്‍ന്നിരിക്കുന്നത്. നിരവധി ആളുകള്‍ ഇപ്പോഴും മുണ്ടക്കൈയിലും ചൂരല്‍മലയിലും കുടുങ്ങുക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് 98 പേരെ കാണാനില്ലെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 20 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ദുരിതബാധിതര്‍ക്കായി വയനാട്ടില്‍ എട്ട് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് ക്യാമ്പുകളിലായി ഉള്ളത്.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 147 ആയി. ഇതുവരെ 48 ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 191 പേര്‍ നിലവില്‍ ചികിത്സയിലാണ്. വയനാട്ടില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ മഴ കുറഞ്ഞ സാഹചര്യമാണ് ജില്ലയില്‍. ഇത് രക്ഷാപ്രവര്‍ത്തനത്തിന് ആശ്വാസകരമാകുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം (30/07/2024) പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ മുതല്‍ ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും മുണ്ടക്കൈയില്‍ എന്താണ് സംഭിച്ചതെന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയുണ്ടായിരുന്നില്ല. 11 മണിക്കൂറുകള്‍ക്ക് ശേഷമാണ് എന്‍.ഡി.ആര്‍.എഫ് സംഘത്തിന് പുഴ കടന്ന് മുണ്ടക്കൈയില്‍ എത്താന്‍ സാധിച്ചത്. വൈകുന്നേരത്തോടെ എയര്‍ഫോര്‍സും മുണ്ടക്കൈയില്‍ എത്തിയിരുന്നു.

മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.കെ. മുഹമ്മദ് റിയാസ്, കെ. രാജന്‍, ഒ.ആര്‍. കേളു, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനം നടക്കുന്നത്. 2019ലെ പുത്തുമല ദുരന്തത്തിന് ശേഷം വയനാടിനെ തകര്‍ത്തതും കേരളത്തില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയതുമായ ഉരുള്‍പൊട്ടലായിരുന്നു ഇത്.

 

 

Content highlight: Kerala Congress (M) MP Jose K. has exploded against the action of the House which is not prepared to take into account the seriousness of the Wayanad landslide