ഇങ്ങനെയൊന്ന് ഫുട്ബോൾ ചരിത്രത്തിലാദ്യം; ലോകറെക്കോഡുമായി ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങൾ
Football
ഇങ്ങനെയൊന്ന് ഫുട്ബോൾ ചരിത്രത്തിലാദ്യം; ലോകറെക്കോഡുമായി ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങൾ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th August 2024, 8:25 pm

2024 ഡ്യൂറന്റ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളിലേക്ക് കടന്നിരിക്കുകയാണ്. മലയാളികളുടെ സ്വന്തം ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയതാണ് ആരാധകരെ കൂടുതല്‍ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റോടെയാണ് കേരളം അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കേരളം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സി.ഐ.എസ്.എഫ് പ്രോട്ടക്ടെഴ്സിനെ ഏഴു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഈ മത്സരത്തില്‍ ഒരു ചരിത്രനേട്ടമാണ് കേരളാ താരങ്ങളായ മുഹമ്മദ് ഐമനും മുഹമ്മദ് അസറും സ്വന്തമാക്കിയത്. മത്സരത്തില്‍ ഇരുതാരങ്ങളും ഗോളുകളും അസിസ്റ്റുകളും നേടി തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയത്.

ഇരുവരും സഹോദരങ്ങളാണെന്നുള്ളതാണ് ഏറെ ശ്രദ്ധേയം. ഈ മിന്നും പ്രകടങ്ങള്‍ക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സ് സഹോദരങ്ങൾ ചരിത്രത്താളുകളിലേക്കാണ് നടന്നുകയറിയത്. ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഒരു പ്രൊഫഷണല്‍ മത്സരത്തില്‍ ഇതാദ്യമായാണ് സഹോദരങ്ങള്‍ ഒരു മത്സരത്തില്‍ തന്നെ ഗോളുകളും അസിസ്റ്റുകളും നേടുന്നത്.

അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ പഞ്ചാബ് എഫ്.സി മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയെങ്കിലും ഗോളിന്റെ മുന്‍തൂക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു.

ആദ്യ മത്സരത്തില്‍ മുംബൈയെ എട്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നത്. ഡ്യൂറന്റ് കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എന്ന ചരിത്ര നേട്ടവും ഈ വിജയത്തിന് പിന്നാലെ കേരളം സ്വന്തമാക്കിയിരുന്നു. അടുത്ത മത്സരത്തില്‍ പഞ്ചാബുമായി സമനിലയില്‍ പിരിഞ്ഞെങ്കിലും അവസാന മത്സരത്തില്‍ ഏഴു ഗോളുകളുടെ വിജയം സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ് ശക്തമായി തിരിച്ചുവരുകയായിരുന്നു.

ഓഗസ്റ്റ് 23ന് നടക്കുന്ന ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെംഗളൂരു എഫ്.സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഇവാന്‍ വുകമനോവിച്ചിന് പകരക്കാരനായി എത്തിയ മൈക്കല്‍ സ്റ്റാറയുടെ കീഴില്‍ ആദ്യ ടൂര്‍ണമെന്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് കിരീടം നേടുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

 

Content Highlight: Kerala Blasters Brothers Mohammed Aimen And Mohammed Asar Create a New Record