പുറത്തുനിന്ന് കണ്ട ബി.ജെ.പിയല്ല അകത്തുള്ളത്; പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വേണമെന്ന് ജേക്കബ് തോമസ്
Kerala News
പുറത്തുനിന്ന് കണ്ട ബി.ജെ.പിയല്ല അകത്തുള്ളത്; പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വേണമെന്ന് ജേക്കബ് തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th July 2021, 5:05 pm

തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പിയില്‍ മാറ്റങ്ങള്‍ വേണമെന്ന് ജേക്കബ് തോമസ്. കേരളത്തിലെ പരാജയത്തിന് ശേഷം കേന്ദ്രനേതൃത്വം തന്നോട് റിപ്പോര്‍ട്ട് തേടിയിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് നിലവില്‍ നേതൃമാറ്റം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുറത്തുനിന്ന് കണ്ട ബി.ജെ.പിയും അകത്തുചെന്നപ്പോഴുള്ള ബി.ജെ.പിയും ഒന്നല്ല. കേരളത്തിലെ ബി.ജെ.പിയില്‍ മൂന്നു വര്‍ഷത്തെ കാലാവധിക്കുള്ളില്‍ ചില മാറ്റങ്ങള്‍ വേണം,’ അദ്ദേഹം പറഞ്ഞു.

കൂടിയാലോചനകള്‍ക്ക് ശേഷമാണ് കെ. സുരേന്ദ്രനെ പ്രസിഡന്റാക്കിയതെന്നും തോല്‍വിയുടെ പേരില്‍ നേതാവിനെ പെട്ടെന്ന് മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ബി.ജെ.പി. സംസ്ഥാന നേതൃയോഗത്തില്‍ കെ.സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പക്ഷത്തെ നേതാക്കളാണ് സുരേന്ദ്രന്റെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

പ്രവര്‍ത്തകര്‍ക്ക് നിലവിലുള്ള നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ പരാജയത്തിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ. സുരേന്ദ്രന്‍ രാജിവെക്കണമെന്നാണ് ഈ വിഭാഗം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റിങ് വേണമെന്നും സംസ്ഥാന നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു.

ഫണ്ട് വിനിയോഗം സംബന്ധിച്ച് കൃത്യമായ കണക്ക് അവതരിപ്പിക്കണമെന്നും ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമാണ് നേതാക്കള്‍ നടത്തുന്നതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

അതേസമയം, പാര്‍ട്ടിയില്‍ അച്ചടക്കം പരമപ്രധാനമാണെന്ന് കെ. സുരേന്ദ്രന്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. അച്ചടക്കം ലംഘിക്കുന്നവരെ തിരുത്താനുള്ള നടപടിയുണ്ടാകും. കോണ്‍ഗ്രസ് അല്ല ബി.ജെ.പിയെന്നും കെ. സുരേന്ദ്രന്‍ നേതാക്കളെ ഓര്‍മ്മിപ്പിച്ചു.

ഇന്ന് രാവിലെയാണ് കാസര്‍ഗോഡ് ബി.ജെ.പി. സംസ്ഥാന നേതൃയോഗം ആരംഭിച്ചത്. ഉച്ചക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് ചര്‍ച്ച നടന്നത്.

‘എന്‍.ഡി.എ. ഘടകക്ഷികള്‍ മുഴുവന്‍ പണത്തിന് പുറകെയാണ്. പാര്‍ട്ടിക്ക് സഹായകരമായ നിലപാടുകള്‍ ഘടകക്ഷികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. പ്രാദേശിക തലത്തില്‍ പോലും പാര്‍ട്ടി ദുര്‍ബലാമാണ്. യോഗ്യരായ യുവാക്കളെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരണെം,’ എന്നീ ആവശ്യങ്ങളും പാര്‍ട്ടി നേതൃയോഗത്തില്‍ ഉയര്‍ന്നു.

നേതൃയോഗത്തിന് മുമ്പ് സംസ്ഥാന കോര്‍ കമ്മിറ്റി യോഗവും ചേര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala BJP Jacob Thomas Kerala Election